/sathyam/media/media_files/2025/10/13/1001322000-2025-10-13-12-38-00.jpg)
കോട്ടയം: കോട്ടയം മെഡിക്കൽ കോളജില്‍ കെട്ടിടം തകര്‍ന്നു മരിച്ച ബിന്ദുവിന്റെ മകന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലിയില്‍ പ്രവേശിച്ചു.
തിരുനക്കരയിലെ ഓഫീസിലെത്തിയാണ് നവനീത് ജോലിക്ക് കയറിയത്. മന്ത്രി വി എന്‍ വാസവന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.
ദേവസ്വം ബോര്‍ഡിന്റെ വൈക്കം എക്‌സിക്യൂട്ടീവ് എന്‍ജിയര്‍ ഓഫീസില്‍ ഓവര്‍സിയര്‍ ആയാണ് നവനീതിന് ജോലി നല്‍കിയിട്ടുള്ളത്.
ബിന്ദുവിന്റെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ പ്രസ്താവിച്ചിരുന്നതാണെന്ന് മന്ത്രി വാസവന്‍ പറഞ്ഞു.
മകളുടെ ചികിത്സയാണ് കുടുംബം പ്രധാനമായും ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ പൂര്‍ണ ചെലവും വഹിച്ച് ചികിത്സ സമയബന്ധിതമായി നടത്തി, കുട്ടിയെ സുരക്ഷിതയായി വീട്ടിലെത്തിച്ചു.
സിവില്‍ എഞ്ചിനീയറിങ്ങ് പാസായ നവനീതിന് ജോലി വേണമെന്ന ആവശ്യവും കുടുംബം മുന്നോട്ടുവെച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡിനോട് ഇക്കാര്യം സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു.
വീടിന് സമീപത്തുള്ള വൈക്കം ഓഫീസിലാണ് നവനീതിന് പോസ്റ്റിങ്ങ് നല്‍കിയിട്ടുള്ളതെന്നും, രണ്ടു വര്‍ഷം പ്രബോഷന് ശേഷമാകും പ്രമോഷന്‍ അടക്കമുള്ള കാര്യങ്ങള്‍ ലഭിക്കുകയെന്നും മന്ത്രി വാസവന്‍ പറഞ്ഞു.
ബിന്ദുവിന്റെ കുടുംബം ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തു നല്‍കിയതായും, തുടർന്നും സർക്കാർ കുടുംബത്തിനൊപ്പമുണ്ടാകുമെന്നും വാസവന്‍ കൂട്ടിച്ചേര്‍ത്തു.
ഞങ്ങളെ ചേര്‍ത്തു പിടിച്ച മന്ത്രി വി എന്‍ വാസവന്‍, നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്ന് നവനീത് പ്രതികരിച്ചു.