/sathyam/media/media_files/2025/10/13/kumarakom-konathattu-bridge-inauguration-2025-10-13-15-02-56.jpg)
കോട്ടയം: വര്‍ഷങ്ങളായി കുമരകം നിവാസികള്‍ അനുഭവിച്ച യാത്രാ ദുരിതത്തിനു താല്ക്കാലിക പരിഹാരമാകുന്നു. ഇന്നു വൈകിട്ടു മുതല്‍ ബസുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ പാലത്തിലൂടെ കടത്തിവിടുമെന്നാണു ലഭിക്കുന്ന വിവരം.
പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു പരിശോധന നടത്തിയിരുന്നു. തുറന്നുകൊടുത്താലും നിലവില്‍ വണ്‍ വേ ആയിരിക്കും. കുമരകം ഭാഗത്തു നിന്നുള്ള വാഹനങ്ങളാണു പാലത്തിലൂടെ കടത്തിവിടുക. കോട്ടയത്തുനിന്നുള്ള വാഹനങ്ങള്‍ താല്‍ക്കാലിക ബണ്ട്‌റോഡിലൂടെ ഗുരുമന്ദിരം റോഡു വഴി സഞ്ചരിക്കണം. ഹോസ്പിറ്റല്‍ റോഡിലൂടെ കറങ്ങി പോകേണ്ടതില്ല.
കോട്ടയം - വൈക്കം, കോട്ടയം ചേര്‍ത്തല തുടങ്ങിയ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ ഇനി മുതല്‍ കുമരകത്തു യാത്ര അവസാനിപ്പിക്കേണ്ടതില്ല. പാലത്തിന്റെ പ്രവേശന പാതയുടെ പകുതി ഭാഗത്തുകൂടി മാത്രമെ ഗതാഗതം ഇപ്പോള്‍ അനുവദിക്കു.
കോട്ടയം ഭാഗത്തെ പ്രവേശന പാതയുടെ ഒരുവശത്തെ സംരക്ഷണ കല്‍ഭിത്തിയുടെ ഒമ്പതു മീറ്റര്‍ നീളം ഇനിയും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതു നിര്‍മിച്ച ശേഷം വീണ്ടും പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു പ്രവേശന പാത ടാര്‍ ചെയ്യും. തുടര്‍ന്നാണു പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം. മഴ തുടരുന്നതാണു നിര്‍മാണത്തിനു തടസം സൃഷ്ടിക്കുന്നത്.
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ വരവിനായി ഒരുക്കം തുടങ്ങി പാലായും കുമരകവും ഒരുങ്ങിക്കഴിഞ്ഞു. 23ന് വൈകിട്ട് 4നാണ് രാഷ്ട്രപതി കുമരകത്ത് എത്തുന്നത്. പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ എത്തുന്ന രാഷ്ട്രപതി സമ്മേളനത്തിനു ശേഷം കുമരകത്തേക്ക് എത്തും. അതേസമയം, കോണത്താറ്റു പാലത്തിലൂടെ പോകുന്ന ആദ്യ വിവിഐപിയായി രാഷ്ട്രപതി മാറുമോ എന്നാണു ചോദ്യം.
ഡിവൈഎസ്.പി എ.ജെ. തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പാലം ഉള്‍പ്പെടെ രാഷ്ട്രപതി പോകുന്ന റോഡ് ഭാഗത്തെ സുരക്ഷ പരിശോധിച്ചു. പാലം തുറന്നു കൊടുക്കാന്‍ കഴിയുമോയെന്നതിനെക്കുറിച്ചു കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെആര്‍എഫ്ബി) ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.
പാലത്തിന്റെ സമീപന പാതയ്ക്കായി ഇരുകരകളിലും പൂഴിമണ്ണ് ഇറക്കിത്തുടങ്ങി. എന്നാല്‍ ടാറിങ് ഉള്ള ജോലികള്‍ രാഷ്ട്രപതി വരുന്നതിനു മുന്‍പു തീര്‍ക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ കെആര്‍എഫ്ബി ഉദ്യോഗസ്ഥര്‍ പോലീസിനു ഉറപ്പു നല്‍കിയിട്ടില്ലെന്നാണു ലഭിക്കുന്ന വിവരം. കഴിഞ്ഞ മാസം 30ന് പാലം തുറന്നു കൊടുക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നില്ല.