/sathyam/media/media_files/2025/10/13/ksirhibhavan-inauguragion-2025-10-13-15-49-28.jpg)
കോട്ടയം: സംസ്ഥാനത്ത് കാർഷിക മേഖലയിൽ നടപ്പാക്കിയ കാലോചിത മാറ്റങ്ങൾ കർഷകരുടെ വരുമാനം 50 ശതമാനത്തോളം വർധിപ്പിക്കാൻ സഹായകമായതായി കാർഷികവികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ടി.വി. പുരം ഗ്രാമപഞ്ചായത്തിലെ ചെമ്മനത്തുകരയിൽ സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡ്രോണുകൾ ഉൾപ്പെടെയുള്ള പുത്തൻ സാധ്യതകൾ പ്രയോജനപ്പെടുത്തിയതുവഴി ചിലവ് കുറയുകയും വിളവ് വർധിക്കുയും ചെയ്തു. നൂറുകിലോ വിത്ത് വിതച്ചിരുന്ന സ്ഥാനത്ത് ഡ്രോൺ വഴി വിതയ്ക്കുമ്പോൾ 40 കിലോ വിത്ത് ഉപയോഗിച്ചാൽ മതിയാവും. കൂടുതൽ വിളവ് ലഭിക്കുകയും ചെയ്യും.
കൃഷിഭവനുകൾ സ്മാർട്ടാകുന്നതിനൊപ്പം സേവനങ്ങളും സ്മാർട്ടായി നിലനിർത്താൻ കഴിയണമെന്ന് മന്ത്രി നിർദേശിച്ചു. സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അനുവദിച്ച ആറു സെൻറ് സ്ഥലത്ത് രണ്ടു നിലകളിലാണ് സ്മാർട് കൃഷിഭവൻ നിർമിച്ചത്. നബാർഡ് ആർ.ഐ.ഡി.എഫ് 2022- 2023 സാമ്പത്തിക വർഷത്തിൽ അനുവദിച്ച 1.41 കോടി രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിച്ചത്.
ചടങ്ങിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീജി ഷാജി, വൈസ് പ്രസിഡൻറ് വി.കെ. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ഹൈമി ബോബി, ബ്‌ളോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എം.കെ. റാണിമോൾ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എ.കെ. അഖിൽ, ആനിയമ്മ അശോകൻ, സീമ സുജിത്ത്, അംഗങ്ങളായ കവിത റെജി, സിനി ഷാജി, കെ.ടി. ജോസഫ്, ദീപാ ബിജു, സൂനമ്മ ബേബി, സി.എ. തങ്കച്ചൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ സി. ജോ ജോസ്, കെ.എൽ.ഡി.സി: എം.ഡി പി.കെ. ശാലിനി, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ നിഷാ മേരി സിറിയക്, പി.ജി. സീന, കൃഷി അസിസ്റ്റൻറ് ഡയറക്ടർ വിനു ചന്ദ്രബോസ്, കൃഷി ഓഫീസർ ആർ.എം. ചൈതന്യ, കെ.എൽ.ഡി.സി. ഡെപ്യൂട്ടി പ്രോജക്ട് എൻജിനീയർ സി.എസ്. റെജിമോൾ, സി.ഡി.എസ് ചെയർപേഴ്‌സൺ ആശ അഭിഷേക്, ആസുത്രണസമിതി ഉപാധ്യക്ഷൻ കെ.വി. പ്രസന്നൻ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.