/sathyam/media/media_files/2025/10/13/abin-varkey-oj-janeesh-binu-chulliyil-2025-10-13-18-57-40.jpg)
കോട്ടയം: അബിന്‍ വര്‍ക്കിക്കും ബിനു ചുള്ളിയിലിനും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നഷ്ടമായതിനു പിന്നില്‍ മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി. ഒ.ജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കുമെന്നു 'സത്യം ഓണ്‍ലൈന്‍' കഴിഞ്ഞ ശനിയാഴ്ച റിപ്പോര്‍ട്ടു ചെയ്തിരുന്നു.
2023 മുതല്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷനാണു ജനീഷ്. സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടായിട്ടാണു ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി നിര്‍ദേശിച്ചത്. ഈഴവ സമുദായാംഗമെന്നതും ഒ.ജെ ജനീഷിനു തുണയായി.
മുന്‍ ഐ ഗ്രൂപ്പുകാരനാണെങ്കിലും കെ.സി വേണുഗോപാലുമായി അടുപ്പം സൂക്ഷിക്കുന്ന നേതാവാണു ജനീഷ്.
നിലവിലെ സീനിയര്‍ വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി, ദേശീയ ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ എന്നിവരുടെ പേരുകളായിരുന്നു സജീവ പരിഗണനയില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കു പിന്നില്‍ മൂന്നാമനായാണു ജിനീഷിന്റെ പേര് തുടക്കത്തില്‍ പരിഗണിച്ചിരുന്നത്.
എന്നാല്‍, മുതിര്‍ന്ന നേതാക്കള്‍ തന്നെ ഇവര്‍ക്കെതിരെ രംഗത്തുവന്നതോടെ മൂന്നാമതൊരാള്‍ എന്ന പരിഗണനയാണ് ഒ.ജെ ജനീഷിനു തുണയായിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടിന്റെ പിന്‍ബലമില്ലാതെ തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനു പിന്നില്‍ രണ്ടാമതെത്തിയ അബിന്‍ വര്‍ക്കിക്കാണു സ്വാഭാവികമായി അവസരം ലഭിക്കേണ്ടിയിരുന്നത്.
എന്നാല്‍, രാഹുലിനെതിരായ ആരോപണങ്ങള്‍ പുറത്തുവന്നതിലും പ്രചരിപ്പിക്കപ്പെട്ടതിലും അബിനു പങ്കുണ്ടെന്ന ഷാഫി ഗ്രൂപ്പിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അബിനെ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനം.
രമേശ് ചെന്നിത്തലയുടെ നോമിനികൂടിയായ അബിന്‍ പ്രസിഡന്റായാല്‍ ഷാഫി ഗ്രൂപ്പ് നിസഹകരിക്കുമെന്ന ഭീഷണി ഒരുവശത്തും സാമുദായിക പരിഗണനകള്‍ മറ്റൊരുവശത്തും പരിഗണിക്കപ്പെട്ടതോടെ അബിന്‍ പുറത്തായി. പരാതി ഉയരാതിരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനവും നല്‍കി.
ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള അബിന്‍ പ്രസിഡന്റായാല്‍ കെപിസിസിയുടെയും കെ.എസ്.യുവിന്റെയും ഒപ്പം യൂത്ത് കോണ്‍ഗ്രസ് തലപ്പത്തും ഒരേ സമുദായക്കാര്‍ എന്ന ആരോപണം ഉയരും. യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും സംഘടനയിലെ ഏറ്റവും ജനകീയ അടിത്തറയുള്ള നേതാവുമായ ബിനു ചള്ളിയിലിനു പാരയായതു മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെ കടുത്ത എതിര്‍പ്പാണ്.
ആലപ്പുഴ ജില്ലക്കാരനും ചെന്നിത്തലയുടെ ബൂത്തുകാരനും കൂടിയാണു ബിനു. പക്ഷേ കെ.സി വേണുഗോപാലുമായി അടുപ്പം സൂക്ഷിക്കുന്ന ബിനുവിനെ അംഗീകരിക്കില്ലെന്ന നിലപാടാണ് ഐ ഗ്രൂപ്പ് സ്വീകരിച്ചത്. സംഘടനാ തെരഞ്ഞെടുപ്പില്‍ ബിനു മത്സരിച്ചില്ലെന്നതും സാങ്കേതിക വാദമായി ഇവര്‍ എടുത്തുകാട്ടി.
അതേസമയം, പാര്‍ട്ടിയിലും യൂത്ത് കോണ്‍ഗ്രസിലും പാര്‍ട്ടിക്ക് പുറത്തും ബിനുവിന്റെ ജനകീയതയുടെ ഏഴയലത്തു വരില്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവര്‍. പക്ഷേ, ബിനുവിനെ പ്രസിഡന്റാക്കിയാല്‍ ഐ ഗ്രൂപ്പു ഭാരവാഹികളെല്ലാം രാജിവയ്ക്കുമെന്ന ഭീഷണികൂടി വന്നതോടെയാണു മാറി ചിന്തിക്കാന്‍ നേതൃത്വം തയ്യാറായത്. ഇതോടെ ബിനു ചുള്ളിയിലിനെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനവും നല്‍കുകയായിരുന്നു.