/sathyam/media/media_files/2025/06/04/hYicN1if6f6loVWChepW.webp)
കോട്ടയം: ശബരി റെയില്‍ പാത നിര്‍മാണത്തിനായുള്ള സ്ഥമേറ്റെടുപ്പ് നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പിക്കുന്നതിനെതിരെ പദ്ധതി പ്രദേശത്തെ ഭൂ ഉടമകള്‍.
പദ്ധതി പ്രദേശത്തെ സ്ഥല ഉടമകള്‍ ദുരിതത്തിലാണ്.
പദ്ധതിക്കായി കല്ലിട്ടിരിക്കുന്നതിനാല്‍ ഭൂമി മറ്റൊരാവശ്യത്തിനും ഉപയോഗിക്കാന്‍ സാധിക്കില്ല. വര്‍ഷങ്ങളായി ഈ ദുരിതം ജനങ്ങള്‍ അനുഭവിക്കുകയാണ്.
പദ്ധതിക്കു പുതു ജീവന്‍ വെക്കുന്നത് പ്രതീക്ഷയോടെയണ് സ്ഥല ഉടമകള്‍ കണ്ടത്. എന്നാല്‍,
സംസ്ഥാന വിഹിതം ഫണ്ടിന് തടസമില്ലെന്നാണു മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നുണ്ടെങ്കിലും നടപടികള്‍ ഒന്നും ഇല്ലതാനും.
തുടരെ ചര്‍ച്ചകള്‍ നടക്കുന്നതല്ലാതെ, മറ്റൊന്നും നടക്കുന്നില്ലെന്ന് സ്ഥല ഉമകളുടെ ആക്ഷേപം. പദ്ധതി എന്തുകൊണ്ട് വൈകുന്നു എന്നതിലും അധികൃതര്‍ക്ക് ഉത്തരമില്ല.
ഉറപ്പുകളും ചര്‍ച്ചകളുമല്ലാതെ ശബരി റെയില്‍വെ നിര്‍മാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതില്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധം വ്യാപകമാണ്.
സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി സ്ഥലം ഏറ്റെടുത്തു കൊടുത്താല്‍ ശബരി പദ്ധതി മരവിപ്പിച്ച നടപടി റദ്ദാക്കി ഉടന്‍ പണി തുടങ്ങുമെന്നാണു കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ നിലപാട്.
സ്ഥലമെടുപ്പിന് കേന്ദ്ര സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പലിശ രഹിത ദീര്‍ഘകാല വായ്പ്പാ പദ്ധതിയില്‍നിന്നു ഫണ്ട് ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു ശബരി റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
സ്ഥലമെടുപ്പ് പ്രൊപ്പോസല്‍ ഇടുക്കി കലക്ടര്‍ നല്‍കിയിട്ടുണ്ടെന്നും എറണാകുളം ജില്ലയുടെ സ്ഥലമെടുപ്പ് പ്രൊപ്പോസല്‍ ലഭിച്ചാലുടന്‍ ഫണ്ട് അനുവദിക്കുമെന്നാണു ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കുന്നത്.
111 കിലോമീറ്റര്‍ അങ്കമാലി-ശബരി റെയില്‍വെ നിര്‍മാണത്തിനു നിലവില്‍ എട്ടു കിലോമിറ്റര്‍ സ്ഥലം മാത്രമാണ് ഏറ്റെടുത്തു പാത നിര്‍മിച്ചത്.
കാലടിയില്‍നിന്നു പിഴക് വരെ കല്ലിട്ടു തിരിച്ച സ്ഥലത്തിന് നഷ്ടപരിഹാരം നല്‍കണം.
3810 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാനാണ് ദക്ഷിണ റെയില്‍വേയുടെ ധനവിഭാഗം റെയില്‍വേ ബോര്‍ഡിനോട് നിര്‍ദേശിച്ചിരിക്കുന്നത്.
കുന്നത്തുനാട് താലൂക്കില്‍ പെരുമ്പാവൂര്‍ വരെ സാമൂഹികാഘാത പഠന റിപ്പോര്‍ട്ടില്‍ ഹിയറിങ് പൂര്‍ത്തിയായതിനാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തടസമില്ല.
കാലടി-പെരുമ്പാവൂര്‍ പത്തു കിലോമീറ്ററില്‍ സ്ഥലം ഏറ്റെടുക്കലിന് 103 കോടി ആവശ്യമാണ്.
കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളില്‍ 39 കിലോമീറ്റര്‍ സാമൂഹികാഘാത പഠനം നടത്തിയെങ്കിലും പബ്ലിക് ഹിയറിങ് നടത്തിയിട്ടില്ല.
ഈ ഭാഗത്തു ഭൂമി ഏറ്റെടുക്കാന്‍ ഏകദേശം 410 കോടി രൂപ വേണം. എറണാകുളം ജില്ലയില്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ 513 കോടി രൂപയാണു കണക്കാക്കിയിട്ടുള്ളത്.
ഇടുക്കി, കോട്ടയം ജില്ലകളില്‍ രാമപുരം (പിഴക്) സ്റ്റേഷന്‍ വരെ സാമൂഹിക ആഘാത പഠനം നടത്താനുണ്ട്.
രാമപുരം സ്റ്റേഷന്‍ വരെ സ്ഥലമെടുപ്പിന് 150 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. അങ്കമാലി മുതല്‍ രാമപുരം വരെ 70 കിലോമീറ്റര്‍ നീളത്തിലാണു സര്‍വേക്കല്ലുകളുള്ളത്.