/sathyam/media/media_files/2025/10/14/1001324404-2025-10-14-11-28-02.jpg)
കോട്ടയം: ശബരിമല തീര്‍ഥാടന പാതിയിലെ പ്രധാന ഇടത്താവളമാണ് ഏരുമേലി.
എന്നാല്‍, എരുമേലിയിലെ തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ക്ക് വേഗം പോരെന്ന ആക്ഷേപം ശക്തമാണ്.
ശബരിമല പാതയിലെ കാട് വെട്ടിത്തെളിക്കല്‍ എങ്ങുമെത്തിയിട്ടില്ല. ഇനി ഒരു മാസം മാത്രമാണ് ശബരിമല തീര്‍ഥാടനത്തിന് അവശേഷിക്കുന്നത്.
തീര്‍ഥാടനകേന്ദ്രമായ എരുമേലിയിലൂടെയാണ് പ്രധാന സംസ്ഥാന പാതകള്‍ കടന്നുപോകുന്നത്.
ഇതിനൊപ്പം ജില്ലാ പാതയും. ശബരിമല പാതയിലെ കരിങ്കല്ലുംമൂഴി ജങ്ഷന്‍ എന്നും വഴിയാത്രികര്‍ക്ക് പ്രശ്മാണ്.
പാറമടയില്‍നിന്നു പാറയുമായി ടോറസുകള്‍ ഇടതടവില്ലാതെ പോകുന്ന പാത. വാഹനയാത്രികര്‍ക്കും വഴിയാത്രികര്‍ക്കും അപകടകരമായ സാഹചര്യം.
അധികൃതര്‍ ശ്രദ്ധിക്കുന്നില്ല. റോഡിലെ കുഴിയില്‍ പാറ അവശിഷ്ടം നിറച്ച് താത്കാലിക സംവിധാനമാണ് ഒരുക്കുന്നത്.
ഈ ഭാഗത്ത് റോഡിന്റെ അടിത്തട്ടിളക്കി കരിങ്കല്‍ പാകി മീതെ കോണ്‍ക്രീറ്റ് ബിഎംബിസി നിലവാരത്തിലാക്കണമെന്ന ആവശ്യം ശക്തമാണ്.
എരുമേലി ദേവസ്വത്തില്‍ മരാമത്തുപ്രവൃത്തികള്‍ അഴിമതിയാരോപിച്ച് ഹൈന്ദവ സംഘടനകള്‍ തടഞ്ഞിരുന്നു.
ഇത് ഒരാഴ്ച മുന്‍പാണ് ചര്‍ച്ചയെ തുടര്‍ന്ന് പുനരാരംഭിക്കാൻ സാധിച്ചത്.
ദേവസ്വം പാര്‍ക്കിങ് മൈതാനങ്ങള്‍ ചെളിക്കുഴിയാകാതെ കൊരുപ്പുകട്ടകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ നടക്കുന്നു.
ദേവസ്വം പാര്‍ക്കിങ് മൈതാനത്തിലെ ശൗചാലയ യൂണിറ്റുകളുടെ നവീകരണവും ഷവര്‍ബാത്ത് സൗകര്യങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ട്.
15-കോടി കിഫ്ബി നിര്‍മാണപദ്ധതിയില്‍ ഭക്തര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ തീര്‍ഥാടനകാലത്തിനുമുന്‍പ് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
വലിയതോട്ടില്‍ ധര്‍മശാസ്താ ക്ഷേത്രത്തിന് മുന്‍പിലാണ് ഭക്തരുടെ കുളിക്കടവ് നിലവില്‍ വൃത്തിയില്ലാതെ ചെളിയടിഞ്ഞനിലയിലാണ്.
തടയണപൊളിച്ച് ശാസ്ത്രീയമായി കടവില്‍നിന്നും 100-മീറ്റര്‍ താഴേക്കുമാറ്റി പുനര്‍നിര്‍മിക്കാന്‍ എരുമേലി മാസ്റ്റര്‍ പ്ലാനില്‍ പദ്ധതിയുണ്ട്.
എന്നാല്‍ ഈ തീര്‍ഥാടനകാലത്ത് നടക്കില്ല. അതേസമയം, കുളിക്കടവില്‍ അടിഞ്ഞുകിടക്കുന്ന മണ്ണും ചെളിയും തടയണയിലെ മാലിന്യങ്ങളും മാറ്റി വൃത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്.
ഇന്നലെ എരുമേലി ബി എസ് എന്‍ എല്‍ കാര്യാലയത്തിന്റെ പുറം മതില്‍ എരുമേലി പഞ്ചായത്ത് - ചരള റിംഗ് റോഡില്‍ പതിച്ചിരുന്നു.
പകല്‍ സമയങ്ങളില്‍ വാഹനങ്ങളും കാല്‍ നടയാത്രക്കാരും സഞ്ചരിക്കുന്ന ഏറെ തിരക്കുള്ള ഒരു പാതയാണിത്.
ബി.എസ്.എന്‍.എല്ലിന്റെ പ്രധാന കവാട മതിലടക്കം ഇപ്പോള്‍ ഇടിഞ്ഞ ഭാഗം വരെയുള്ള മതിലുകള്‍ ഏത് സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
അടിയന്തിരമായി ഉറപ്പുള്ള മതില്‍ പുനര്‍നിര്‍മ്മിച്ച് അപകടാവസ്ഥ ഒഴിവാക്കാൻ ചെയ്യുവാന്‍ ബി.എസ്.എന്‍.എല്‍ തയാറാവണമെന്നാണ് ആവശ്യം.