/sathyam/media/media_files/2025/10/14/sandal-tree-cultivation-2025-10-14-16-57-38.jpg)
കോട്ടയം: ചന്ദന കൃഷിയെ നല്ലൊരു ഇന്‍വെസ്റ്റ്മെന്റായി കരുതാമെന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍. ബാങ്കില്‍ ഫിക്സഡ് ഡെപ്പോസിറ്റ് ഇടുന്നതു പോലെ ചന്ദനത്തെ വളര്‍ത്താന്‍ സാധിക്കും.
വെള്ളക്കെട്ടില്ലാത്ത പ്രദേശങ്ങളാണു ചന്ദന കൃഷിക്ക് അനുകൂലം. ഒരു ഏക്കറില്‍ 400 ചന്ദന തൈകള്‍ വരെ നടാന്‍ സാധിക്കും. സ്വകാര്യ ഭൂമിയില്‍ ചന്ദന കൃഷി പ്രോസാഹിപ്പിക്കാന്‍ സര്‍ക്കാര്‍ കൊണ്ടു വന്ന ബില്‍ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ്.
അതേസമയം, ഇതിന്റെ പേരില്‍ പത്തും പന്ത്രണ്ടും വര്‍ഷം കൊണ്ടു ചന്ദനം കാതല്‍ വെക്കുമെന്നുള്ള പ്രചാരണങ്ങളില്‍ കര്‍ഷകര്‍ വീഴരുതെന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്നു സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഇത്തരം പ്രചാരണങ്ങള്‍ സജീവമാണ്.
പത്തും പന്ത്രണ്ടും വര്‍ഷങ്ങളായ ചന്ദന മരങ്ങള്‍ വെട്ടിയാല്‍ അതില്‍ കാതല്‍ ഒരു കിലോ പോലും കിട്ടണമെന്നില്ല. പിന്നെ വെള്ള വില്‍ക്കാനാകും. വെള്ളയ്ക്ക് കിലോ 1000 രൂപ വരെ പരമാവധി ലഭിക്കും. ക്ഷേത്രത്തങ്ങളിലേക്കും ആയുര്‍വേദ ആവശ്യങ്ങള്‍ക്കുമാണു വെള്ള സാധാരണ ഉപയോഗിക്കാറ്.
കാതലിനാണു വില ലഭിക്കുന്നത്. നിലവില്‍ ഒരു കിലോ ചന്ദനത്തിന്റെ കാതലിന് 12000 രൂപയ്ക്കു മുകളില്‍ വിലയുണ്ട്. 15 ക്ലാസുകളാണു ചന്ദനത്തിനുള്ളത്. ഇതനുസരിച്ചു വിലയിലും മാറ്റം ഉണ്ടാകും. ചന്ദന കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കു സോഷ്യല്‍ ഫോറസ്ട്രി വിഭാഗം വഴി ചന്ദനത്തിന്റെ തൈ സൗജന്യമായി നല്‍കുന്നുണ്ട്.
നട്ടു ചുരുങ്ങിയത് 30 വര്‍ഷം വര്‍ഷങ്ങങ്ങള്‍ക്കു ശേഷമെങ്കിലുമേ മരങ്ങള്‍ മുറിക്കാവൂ. ഈ ഒരു കാലയളവ് ഉണ്ടെങ്കില്‍ മാത്രമേ ചന്ദനത്തില്‍ നിന്നു കര്‍ഷകന്‍ ഉദ്ദേശിക്കുന്ന ലാഭം കിട്ടൂ. ഈ ഒരു കാലയളവില്‍ കുരുമുളക്, ചീര, തുടങ്ങിയ ഇടവിള കൃഷിയും നടത്താം.
സൂര്യപ്രകാരം ഏറെ ആവശ്യമുള്ളവയാണു ചന്ദനം. അതിനാല്‍ ഇടവിളകള്‍ പ്രതേകം ശ്രദ്ധിക്കണമെന്നു മാത്രം. കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും ചന്ദനം നടാന്‍ അനുയോജ്യമാണ്. എന്നാല്‍, കാലാവസ്ഥ, മണ്ണിന്റെ പ്രത്യേകത തുടങ്ങിയ ഘടകങ്ങളാണു ചന്ദനത്തിന്റെ ഗുണമേന്മ നിര്‍ണയിക്കുന്നത്.
ലോക വിപണിയിലെ ഏറ്റവും മികച്ച ചന്ദന തൈലം ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മറയൂരിലെ മണ്ണിന്റെ ഘടനയും കാലാവസ്ഥയുമാണു ലോക പ്രശ്സതമാക്കുന്നത്.
20 മീറ്റര്‍ ഉയരം വരെ വളരുന്ന നിത്യഹരിത വൃക്ഷമായ ചന്ദനം, വിത്തുമുളപ്പിച്ചു പ്രജനനം നടത്താം. കായിക പ്രജനനം വഴി തൈകള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയും നിലവിലുണ്ട്.
മേന്‍മയുള്ള വിത്തുകള്‍ പാകി 30 മുതല്‍ 80 ദിവസത്തിനുള്ളില്‍ത്തന്നെ മുളയ്ക്കാറുണ്ട്. തൈകള്‍ക്കു നാലു മുതല്‍ ആറു ഇലകള്‍ വരെ വന്നുകഴിഞ്ഞാല്‍ അവ പറിച്ചെടുത്ത് പോളിത്തീന്‍ ബാഗുകളില്‍ നടാം.
ചന്ദനം കൃഷി അടിസ്ഥാനത്തിലും വീട്ടുപറമ്പിലും ഉദ്യാനത്തിലും പരിമിതമായ തോതിലും വളര്‍ത്താം. കൃഷി അടിസ്ഥാനത്തിലാണെങ്കില്‍ ആറുമാസത്തിന് മുകളില്‍ പ്രായമായ തൈകള്‍ മഴക്കാലത്തിന് മുമ്പായി നടാം. തൈകള്‍ തമ്മില്‍ മൂമ്മു മീറ്റര്‍ അകലം പാലിക്കണം.
ചന്ദനം ഒരു ഭാഗികമൂലപരജീവി ആയതിനാല്‍ നടുന്ന കുഴിയില്‍ ആതിഥേയ സസ്യം (പയറുവര്‍ഗങ്ങള്‍, തുളസി) ഇവ കൂടി നടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മണലും ചെമ്മണ്ണും ജൈവവളവും ഇട്ട കുഴിയില്‍ നടാം.
വേനല്‍ക്കാലത്ത് ചെറിയ തോതില്‍ നനയ്ക്കണം. ആറുമാസത്തിലൊരിക്കല്‍ മണ്ണ് ഇളക്കിക്കൊടുക്കണം. കാലവര്‍ഷാരംഭത്തിലോ അവസാനത്തിലോ ജൈവവളം കൊടുക്കാം.
ചന്ദനം നടുന്നതിനോ കൃഷി ചെയ്യുന്നതിനോ നിയമപരമായ തടസങ്ങളൊന്നുമില്ല. എന്നാല്‍ മരം മുറിക്കുന്നതിനും വില്‍പ്പന നടത്തുന്നതിനുമുള്ള പരമാധികാരം വനംവകുപ്പിനാണ്.
സ്വകാര്യ ഉടമസ്ഥതയിലുള്ള മരം മുറിക്കുന്നതിനു സ്ഥലത്തിന്റെ കൈവശവകാശ രേഖകളും വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും സഹിതം ബന്ധപ്പെട്ട വനംവകുപ്പ് ഓഫീസുകളില്‍ അപേക്ഷ നല്‍കണം.
തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ മരം വേരുസഹിതം പിഴുതെടുത്ത് ഗ്രേഡുകളാക്കി തരംതിരിച്ചു ലേലത്തില്‍ വില്‍ക്കുന്നു. മുന്‍പു തുകയുടെ 70 ശതമാനം ഉടമസ്ഥനും 30 ശതമാനം സര്‍ക്കാര്‍ ഖജനാവിലേക്കുമാണു ലഭിച്ചിരുന്നത്. പുതിയ സര്‍ക്കാര്‍ ഭേദഗതി പ്രകാരം കര്‍ഷകനു 100 ശതമാനം പണവും ലഭിക്കും.