/sathyam/media/media_files/2025/10/16/students-attacked-a-house-of-another-student-2025-10-16-17-48-10.jpg)
കോട്ടയം: സ്‌കൂള്‍ കലാ കായികമേളകള്‍ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്.. വിദ്യാര്‍ഥികളെ നിയന്ത്രിക്കുന്നതോര്‍ത്തു നെഞ്ചില്‍ തീയാണെന്ന് അധ്യാപകര്‍ പറയുന്നു.
മിക്ക സ്‌കൂളുകളിലും ഭൂരിഭാഗവും അധ്യാപികമാരാണ്, ഒന്നോ, രണ്ടോ പുരുഷ അധ്യാപകര്‍ മാത്രമാണുണ്ടാകുക. കായിക മേളയായാലും കലോത്സവമായാലും വിനോദയാത്രയായാലും കുട്ടികളെ നിയന്ത്രിക്കേണ്ട ചുമതല ഇവര്‍ക്കായിരിക്കും.
സംഘര്‍ഷമുണ്ടാകുമ്പോഴും തമ്മില്‍ വാക്കേറ്റമുണ്ടാകുമ്പോഴും ഓടിയെത്തുന്നതും ഇവര്‍ തന്നെ. എന്നാല്‍, ഇന്നു വിദ്യാര്‍ഥികളെ നിയന്ത്രിക്കുന്നതോര്‍ത്ത് അധ്യാപകരുടെ നെഞ്ചില്‍ തീയാണ്.
മുന്‍പത്തെ പോലെയല്ല, ഇന്നു പിള്ളാരുടെ ഇടയില്‍ അക്രമവാസന വര്‍ധിച്ചു വരുന്നു. സഹപാഠിയെ കുത്തി പരുക്കേല്‍പ്പിക്കുക, വീട്ടില്‍ സംഘം ചേര്‍ന്ന അക്രമിക്കുക തുടങ്ങി കൊല്ലാന്‍ പോലും ഇന്നത്തെ വിദ്യാര്‍ഥികള്‍ക്കു മടിയില്ല.
കഴിഞ്ഞ ദിവസമാണു സ്‌കൂളില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നു കുട്ടി സംഘം ചേര്‍ന്നു മറ്റൊരു വിദ്യാര്‍ഥിയുടെ വീട്ടില്‍ കയറി അക്രമിച്ചത്. കഴിഞ്ഞ അധ്യയന വര്‍ഷം വിദ്യാര്‍ഥികള്‍ സഹപാഠിയെ മര്‍ദിച്ചു കൊല്ലുകപോലും ഉണ്ടായി.
ഇന്നത്തെ കുട്ടികള്‍ എന്താണു ചെയ്യുക എങ്ങനെയാണ് പെരുമാറുക എന്നു അധ്യാപകര്‍ക്കു പറയാന്‍ സാധിക്കില്ല. നിയന്ത്രിക്കുന്നതു വനിതാ അധ്യാപകരാണെങ്കില്‍ അവര്‍ അനുസരിക്കണമെന്നുമില്ല.
കുട്ടികളുടെ ലഹരി ഉപയോഗമാണു മറ്റൊരു പ്രശ്‌നം. മുന്‍പു മദ്യപിച്ചു കലോത്സവത്തിനൊക്കെ എത്തുന്ന കുട്ടികളെ തിരിച്ചറിയാന്‍ എളുപ്പമായിരുന്നു. എന്നാല്‍, ഇന്ന് എം.ഡി.എം.എയും കഞ്ചാവും ഒക്കെ ഉപയോഗിക്കുന്ന വിദ്യാര്‍ഥികളെ തങ്ങള്‍ എങ്ങനെ തിരിച്ചറിയുമെന്ന് അധ്യാപകര്‍ ചോദിക്കുന്നു.
പലയിടങ്ങളിലും കുട്ടികള്‍ സ്‌കൂളിനു പുറത്തു ലഹരി ഉപയോഗിക്കുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, വ്യക്തമായ തെളിവുകളോടെ പലപ്പോഴും പിടികൂടാന്‍ കഴിയാത്ത സ്ഥിതിയാണ്.
കുട്ടികളെ പിടിച്ചാലും രക്ഷിതാക്കളുടെ സ്വാധീനത്തില്‍ കേസില്ലാതെ പ്രശ്‌നം പരിഹരിക്കപ്പെടുന്നതും പതിവാണ്. സ്‌കൂള്‍ കലാ കായിക മേളകള്‍ നടക്കുന്ന സമയങ്ങളില്‍ പോലീസിന്റെ സാന്നിധ്യം ഏര്‍പ്പെടുത്തുക എന്നതു മാത്രമാണ് പോംവഴിയെന്നു അധ്യാപകര്‍ പറയുന്നു.