/sathyam/media/media_files/j5lMhGObqAbF9wbjkZ2T.jpg)
കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും സംവരണ വാര്‍ഡുകള്‍ നിര്‍ണയം പൂര്‍ത്തിയായി. ബ്ലോക്കു പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തിലെയും സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പുകളാണ് ഇനി അവശേഷിക്കുന്നത്.
ഇതോടെ സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്ന പോരാട്ടത്തിന് ഇതിനോടകം തുടക്കമായി കഴിഞ്ഞു. സംവരണ വാര്‍ഡികള്‍ നിശ്ചയിക്കുന്നതിനു മുന്‍പു തന്നെ പലരും പോസ്റ്ററുകളും പ്രചാരണവും ആരംഭിച്ചരുന്നു.
സ്ത്രീ സംവരണ വാര്‍ഡുകളില്‍ തങ്ങളുടെ ഭാര്യമാരെ വരെ യു.ഡി.എഫ് നേതാക്കള്‍ നിര്‍ദേശിക്കുന്നു. ഒരോ വാര്‍ഡുകളിലേക്കു മൂന്നും നാലും നേതാക്കള്‍ വരെ ലക്ഷ്യം വെക്കുന്നത് നേതൃത്വങ്ങള്‍ക്കു തലവേദനയായിട്ടുണ്ട്.
തുടര്‍ച്ചയായി മത്സരിക്കുന്നവരെ ഒഴിവാക്കണമെന്നു മുന്നണികള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും പലയിടത്തും പ്രാവര്‍ത്തികമാകില്ല. ഏതെങ്കിലും തരത്തിലുള്ള ആരോപണം നേരിട്ടവരെയും ഒഴിവാക്കുമെന്നാണ് മുന്നണികള്‍ അറിയിക്കുന്നത്.
അതേസമയം, പൊതുസമ്മതരെ ലക്ഷ്യമിട്ടു മുന്നണികള്‍ നക്കം ആരംഭിച്ചിട്ടുണ്ട്. ചിലയിങ്ങളില്‍ ഒരേ ആളെ തന്നെ, ഒന്നിലേറെ മുന്നണികള്‍ നോട്ടമിട്ടു വച്ചിരിക്കുന്ന സ്ഥലങ്ങളുമുണ്ട്. റിട്ട. അധ്യാപകര്‍, സമുദായ നേതാക്കള്‍, ആരാധനാലയങ്ങളില്‍ സജീവമായവര്‍ എന്നിവരെയൊക്കെ മുന്നണികള്‍ നോട്ടമിട്ടിരിക്കുകയാണ്.
വിജയിക്കാന്‍ യാതൊരു സാധ്യതയുമില്ലാത്ത സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്തുകയാണ് ഏറെ ദുഷ്‌കരമെന്നും മുന്നണി നേതാക്കള്‍ പറയുന്നു. പട്ടികജാതി സംവരണ വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ക്കായി മുന്നണികള്‍ നെട്ടോട്ടമോടുന്ന കാഴ്ചയാണുള്ളത്.
പലയിടങ്ങളിലും ഉറച്ച ജയസാധ്യതയുള്ള സീറ്റുകളില്‍ പോലും പൂര്‍ണ മനസോടെ മത്സരിക്കാന്‍ എത്തുന്ന പുതുമുഖങ്ങള്‍ കുറവാണെന്നു പ്രദേശിക പാര്‍ട്ടി നേതാക്കള്‍ പറയുന്നു.
മുഴുവന്‍ സമയവും ജനസേവനത്തിനായി മാറ്റിവയ്ക്കണമെന്നതും വരുമാനം കാര്യമായി ലഭിക്കില്ലെന്നതുമാണു തെരഞ്ഞെടുപ്പ് രംഗത്തു നിന്നു പുതുമുഖങ്ങളെ അകറ്റുന്നത്.