/sathyam/media/media_files/2025/10/17/ousepachan-2025-10-17-16-21-56.jpg)
കോട്ടയം: ബി.ജെ.പി - ആര്‍.എസ്.എസ് വേദികളില്‍ സാന്നിധ്യമായി സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍ എത്തുന്നതു സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കു ബി.ജെ.പിയോടുള്ള മനോഭാവത്തിലെ മാറ്റത്തിന്റെ തെളിവുകൂടിയാണ്.
ഇക്കുറി തൃശൂരില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്‍ നയിക്കുന്ന വികസന മുന്നേറ്റ ജാഥയിലാണ് ഔസേപ്പച്ചന്‍ ആശംസകളുമായി എത്തിയത്. ആശയങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും ഒരേ ചിന്തയില്‍ വളരണമെന്ന് ഔസേപ്പച്ചന്‍ പറഞ്ഞു.
രാജ്യത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടി പ്രയത്‌നിക്കുന്ന ആളാണു ബി. ഗോപാലകൃഷ്ണനെന്നും ഔസേപ്പച്ചന്‍ പ്രശംസിച്ചു. ബി.ജെ.പിയുടെ യാത്രയ്ക്കു സര്‍വ്വമംഗളവും നേര്‍ന്നുകൊണ്ടാണ് ഔസേപ്പച്ചന്‍ പ്രസംഗം അവസാനിപ്പിച്ചത്.
ഔസേപ്പച്ചനൊപ്പം രാഷ്ട്രീയ നിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലി ചടങ്ങില്‍ പങ്കെടുത്തിരുന്നു. കക്ഷി രാഷ്ട്രീയത്തിന് അപ്പുറം പരിപാടിയുടെ ആശയമാണു തന്നെ വേദിയില്‍ എത്തിച്ചതെന്നും ഗോപാലകൃഷ്ണന്‍ നല്ല നേതാവാണെന്നും ഫക്രുദ്ദീന്‍ അലി പറഞ്ഞു.
ഗോപാലകൃഷ്ണന്‍ നേതൃനിരയിലേക്കു വരാന്‍ യോഗ്യനാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഔസേപ്പച്ചനെയും ഫക്രുദ്ദീന്‍ അലിയെയും ബി.ഗോപാലകൃഷ്ണന്‍ ബി.ജെ.പിയിലേക്കു ക്ഷണിക്കുയും ചെയ്തു.
നേരത്തെ ആര്‍.എസ്.എസ് തൃശൂരില്‍ സംഘടിപ്പിച്ചിരുന്ന വിജയദശമി പരിപാടിയിലും ഔസേപ്പച്ചന്‍ എത്തിയിരുന്നു. അന്നു പല കോണുകളില്‍ നിന്നു ഇതൊരു വിവാദമാക്കാന്‍ ശ്രമവും നടന്നിരുന്നു.
ആര്‍.എസ്.എസ് വിശാലമായ സംഘടനയാണെന്നും മറ്റുള്ളവരെ ബഹുമാനിക്കാനും സ്‌നേഹിക്കാനുമുള്ള പാഠങ്ങളാണു പഠിപ്പിക്കുന്നത്. സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരെ വിശുദ്ധന്‍മാര്‍ എന്നാണു വിളിക്കേണ്ടത്. ആര്‍.എസ്.എസിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നും നാട് നന്നാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന സംഘത്തിനു പ്രണാമമെന്നും ഔസേപ്പച്ചൻ പറഞ്ഞിരുന്നു.
പിന്നാലെ ഒരു കൂട്ടര്‍ ഇതു വിവാദമാക്കിയപ്പോഴും ആദരപൂര്‍വം ക്ഷണിക്കപ്പെട്ട ഒരു പരിപാടിക്കാണു പോയതെന്നും ആ സമയത്തു ശരിയെന്നു തോന്നിയ കാര്യങ്ങളാണു സംസാരിച്ചതെന്നുമാണ് ഔസേപ്പച്ചന്‍ പ്രതികരിച്ചത്.
ഞാന്‍ വിളിച്ചതുകൊണ്ടു മാത്രം ആരും വിശുദ്ധരാകില്ല. ഞാന്‍ കേവലം ഒരു സംഗീതസംവിധായകന്‍. അവരുടെ പ്രവൃത്തികള്‍ കൊണ്ടാണ് അവര്‍ വിശുദ്ധരാകേണ്ടത്. മാറ്റങ്ങള്‍ക്കുള്ള പ്രോത്സാഹനമായി എന്റെ വാക്കുകള്‍ കണ്ടാല്‍ മതിയെന്നുമാണ് ഔസേപ്പച്ചന്‍ പ്രതികരിച്ചത്.
ആര്‍.എസ്.എസിന്റെ പരിപാടിക്കു ചെന്നപ്പോഴാണ് അവരില്‍ ചിലര്‍ സന്യാസജീവിതം നയിക്കുന്നുണ്ടെന്ന് ഔസേപ്പച്ചന്‍ അറിയുന്നത്. വേദിയില്‍വെച്ച് സംഘടനയ്ക്കു വേണ്ടിയും രാജ്യത്തിനുവേണ്ടിയും ജീവന്‍ ഒഴിഞ്ഞുവച്ചിരിക്കുന്നവരെ ഔസേപ്പച്ചന്‍ വിശുദ്ധരെന്നു വിശേഷിപ്പിച്ചതും.
വീണ്ടും തൃശൂരിലെ ബി.ജെ.പി വേദിയില്‍ എത്തിയ അദ്ദേഹത്തിന്റെ നിലപാട് സാംസകാരിക പ്രവര്‍ത്തകര്‍ക്കിടയിലെ ബി.ജെ.പിയോടുള്ള മനോഭാവത്തിലെ മാറ്റങ്ങളാണു സൂചിപ്പിക്കുന്നത്. കലാ സംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് ഇതിനോടകം ബി.ജെ.പിയുടെ ഭാഗമായത്.
സപ്തതി ആഘോഷിക്കുന്ന സംഗീതസംവിധായകന്‍ ഔസേപ്പച്ചനോടുള്ള ആദരവു കൂടിയാണു ബി.ജെ.പിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചതിനു പിന്നിലും. സംഗീത ജീവിതത്തില്‍ അരനൂറ്റാണ്ടു പിന്നിട്ട അദ്ദേഹം ഭരതന്‍ സംവിധാനം ചെയ്ത ആരവത്തിലാണു പശ്ചാത്തല സംഗീതം ഒരുക്കി കൊണ്ടു സിനിമരാഗത്തേക്കു വന്നത്.
ഭരതന്റെ തന്നെ കാതോട് കാതോരം എന്ന സിനിമയിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. അഭിലാഷ് ബാബുവിന്റെ കൃഷ്ണാഷ്ടമി എന്ന സിനിമയ്ക്കാണ് ഏറ്റവുമൊടുവില്‍ സംഗീത സംവിധാനം നിര്‍വഹിച്ചത്. ഔസേപ്പച്ചന്‍ ബി.ജെ.പിയിലേക്കുള്ള ക്ഷണം സ്വകീരിക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.