/sathyam/media/media_files/2025/10/17/sreevalsan-pillai-milma-2025-10-17-19-36-09.jpg)
കോട്ടയം: ക്ഷീര കര്‍ഷകര്‍ പ്രതിസന്ധി നേരിടുന്നൊരു കാലത്താണു മില്‍മയുടെ എറണാകളും മേഖല യൂണിയന്‍ ചെയര്‍മാനായി കോണ്‍ഗ്രസ് നേതാവു കൂടിയായ സി.എന്‍ വത്സലന്‍ പിള്ള എത്തുന്നത്.
പ്രതിസന്ധി കാലത്തു കര്‍ഷകര്‍ക്കും ഒപ്പം മില്‍മയും എന്നതാണു വത്സലന്‍ പിള്ള മുന്നോട്ടുവെക്കുന്ന വികസന ഫോര്‍മുല. അടുത്ത 5 വര്‍ഷം കൊണ്ട് എറണാകുളം റീജിയണില്‍ നടപ്പാക്കാന്‍ പോകുന്ന കര്‍ഷക, സംഘ, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ രൂപീകരിച്ചുകൊണ്ടിരിക്കുകയാണ്.
എറണാകുളം റീജിയണിന്റെ ഇപ്പോഴത്തെ ടേണോവര്‍ 1000 കോടി രൂപയാണ്. സമീപ ഭാവിയില്‍ ഇത് 2500 കോടിയിലേക്കും പിന്നീട് ടേണോവര്‍ 10,000 കോടിയിലേക്ക് എത്തിക്കുക എന്നതുമാണ് ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്.
എന്നാല്‍, അതത്ര നിസാര കാര്യമല്ലെന്നു ദീര്‍ഘകാലം ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റായും പ്രവര്‍ത്തിച്ച വത്സലന്‍ പിള്ളയ്ക്ക് അറിയാം. അതിനായി കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്.
2025 ജനുവരി മുതല്‍ മില്‍മ എറണാകുളം മേഖല യൂണിയന്റെ ചെയര്‍മാനായി ചുമതലയേറ്റതു മുതല്‍ മില്‍മയെ മുന്നോട്ടു നയിക്കാനുള്ള പ്രയത്നത്തിലാണു വത്സലന്‍ പിള്ള.
എറണാകുളം റീജിയണിന്റെ കീഴിലുള്ള തൃപ്പൂണിത്തുറ പ്ലാന്റ്, ഡയറി സെക്ടറില്‍ ഇന്ത്യയില്‍ ആദ്യത്തെ പൂര്‍ണമായും സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റാക്കി മാറ്റാന്‍ കഴിഞ്ഞത് എറണാകളും റീജിയണിന്റെ നേട്ടങ്ങളില്‍ ഒന്നാണ്.
15 കോടി ചെലവിലാണ് ഈ സോളാര്‍ പ്ലാന്റ് നിര്‍മിച്ചത്. ഇതിലൂടെ ലക്ഷക്കണക്കിനു രൂപയുടെ ഇലക്ട്രിസിറ്റി ചാര്‍ജ് മാസം തോറും ലാഭിക്കുവാന്‍ എറണാകുളം റീജിയണിനു സാധിച്ചിട്ടുണ്ട്. അടുത്ത ഘട്ടമായി ബി.എം.സി (ബള്‍ക്ക് മില്‍ക്ക് കൂളര്‍)കള്‍ സോളാര്‍ എനര്‍ജിയിലേയ്ക്കു മാറ്റുവാന്‍ മില്‍മ പദ്ധതിയിടുന്നുണ്ട്.
മില്‍മ ഉത്പന്നങ്ങള്‍ എല്ലായിടത്തും ലഭ്യമാക്കുക എന്ന ലക്ഷ്യം നടപ്പാക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനമായി മില്‍മ ഷോപ്പികള്‍ പ്രോത്സാഹിപ്പിക്കുകയാണു മേഖല യൂണിയന്‍ ചെയ്യുന്നത്. ഇപ്പോള്‍ തന്നെ നാലു ജില്ലകളിലായി 200 ഷോപ്പികള്‍ പ്രവര്‍ത്തനം നടത്തി വരുന്നുണ്ട്. അത് 1000 ഷോപ്പികള്‍ എന്ന നിലയിലേക്കു വര്‍ധിപ്പിക്കുകയാണു ലക്ഷ്യം.
സ്‌ക്കൂള്‍ കുട്ടികളെ ലഹരിയില്‍ നിന്നും മോചിപ്പിക്കുക എന്ന സാമൂഹിക ലക്ഷ്യത്തോടെ 'മില്‍മ അറ്റ് സ്‌ക്കൂള്‍' എന്ന പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. ഇതിന്റെ ആദ്യ ഘട്ടം ആരംഭിച്ചു കഴിഞ്ഞു. മിഠായികള്‍, പേട, ബിസ്‌കറ്റ്, ഐസ്‌ക്രീം തുടങ്ങിയ ഉത്പന്നങ്ങള്‍ സ്‌ക്കൂളുകളില്‍ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ ആരോഗ്യവും സാമൂഹിക പ്രതിബദ്ധതയും ഉള്ള ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ മില്‍മ ശ്രമിക്കുന്നു.
എടുത്തു പറയേണ്ട മറ്റൊരു വസ്തുത 2024 - 25 സാമ്പത്തിക വര്‍ഷം 65 കോടി രൂപ അധിക പാല്‍ വിലയായി 950 സംഘങ്ങളിലെ 30000ത്തിലധികം വരുന്ന ക്ഷീര കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും വിതരണം ചെയ്യാന്‍ മില്‍മ എറണാകുളം മേഖല യൂണിയനു സാധിച്ചു എന്നതാണ്.
മില്‍മയുടെ എല്ലാ ഉത്പ്പന്നങ്ങളും വിപണനം നടത്താനുള്ള സാഹചര്യവും, അത് എല്ലാ മനുഷ്യരും ചോദിച്ചു വാങ്ങുന്ന അവസ്ഥയും സംജാതമാക്കുക എന്നതാണ് ഇപ്പോള്‍ മില്‍മ എറണാകുളം യൂണിയന്‍ ലക്ഷ്യം വയ്ക്കുന്നത്.
ഇന്നു മില്‍മ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വിപണിയിൽ പാല്‍ സംഭരിക്കാന്‍ മില്‍മയ്ക്ക് കഴിയുന്നില്ലെന്നതാണെന്നു വത്സലന്‍ പിള്ള പറയുന്നു. ഇതിനു കാരണം കേരളത്തിലെ പാല്‍ ഉത്പാദനത്തിലുണ്ടായ കുറവാണ്.
ചെറുകിട നാമമാത്ര കര്‍ഷകര്‍ ഈ രംഗത്തുനിന്നു കൊഴിഞ്ഞു പോകുന്നു. മില്‍മ ഇപ്പോള്‍ തങ്ങളുടെ ആഭ്യന്തര ആവശ്യം പൂര്‍ത്തീകരിക്കുവാന്‍ കേരളത്തിനു പുറത്തുനിന്നുമാണ് പാല്‍ എത്തിക്കുന്നത്. പശുവളര്‍ത്തല്‍ ഇന്നു കുറഞ്ഞു വരികയാണ്.
വരുമാനം കുറവ്, ബുദ്ധിമുട്ടുകള്‍ ഏറെ ആധുനിക സാങ്കേതിക വിദ്യകളുടെ അഭാവം എന്നി വയെല്ലാമാണു ക്ഷീര കര്‍ഷകരുടെ എണ്ണം കുറയുന്നതിനും, ഈ മേഖലയിലേക്ക് നവസംരംഭകര്‍ കടന്നു വരാതിരിക്കുന്നതിനും പ്രധാന കാരണം.
1.75 ലക്ഷം ലിറ്റര്‍ പാല്‍ പ്രതിദിനം പുറത്തുനിന്നും വാങ്ങേണ്ട അവസ്ഥയിലാണ് ഇന്ന് എറണാകുളം റീജിയണ്‍. വന്‍കിട ചെറുകിട ഫാമുകള്‍ കൂടിയ വിലയ്ക്കു തങ്ങളുടെ പാല്‍ നേരിട്ടു വിപണനം നടത്തുകയാണ് ഇന്നത്തെ സാഹചര്യത്തില്‍ ചെയ്യുന്നത്.
ക്ഷീര മേഖലയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി സര്‍ക്കാര്‍, ത്രിതല പഞ്ചായത്തുകള്‍, മില്‍മ ഫെഡറേഷന്‍ മേഖല യൂണിയനുകള്‍, കര്‍ഷക സംഘങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ ചേര്‍ന്നു ശക്തമായ ഇടപെടല്‍ നടത്തണ്ടതു കാലഘട്ടത്തിന്റെ ആവശ്യകതയാണ് എന്നു വത്സലന്‍ പിള്ള പറയുന്നു.
മുന്‍കാലങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റുകയിരുന്നു. എന്നാല്‍ ഇപ്പോള്‍ പലിശരഹിത വായ്പകളാണു കൂടുതലും ലഭിക്കുന്നത്. ഇതു മില്‍മയുടെ സുഗമമായ പ്രവര്‍ത്തനത്തിനും വൈവിധ്യവല്‍ക്കരണത്തിനും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്.
കൂടുതല്‍ ഫണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മില്‍മയ്ക്കു നല്‍കി മില്‍മയെയും അതു വഴി 10 ലക്ഷത്തലധികം വരുന്ന ക്ഷീര കര്‍ഷകരെയും നിലനിര്‍ത്താനും, പുതിയ കർഷകരെ ആകർഷിക്കാനും സാധിക്കൂ..
എന്നാല്‍ മാത്രമേ ക്ഷീര കാര്‍ഷിക മേഖലയ്ക്കു വളര്‍ച്ചയും പുരോഗതിയും നേടാന്‍ കഴിയുകയുള്ളൂ എന്നു വത്സലന്‍ പിള്ള പറയുന്നു. പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ സര്‍ക്കാരുകള്‍ പ്രാദേശികമായ വസ്തുതകള്‍ക്കനുസൃതമായി വേണം തീരുമാനങ്ങള്‍ എടുക്കേണ്ടത്.
കേരളം പോലെ പൂര്‍ണമായും ഉപഭോക്തൃ സംസ്ഥാനത്തിന് അനുയോജ്യമായ ആസൂത്രണത്തിലൂടെ എല്ലാവരും കൈകോര്‍ത്താല്‍ മാത്രമേ ക്ഷീരകാര്‍ഷിക മേഖലയ്ക്ക് ശോഭനമായ ഒരു ഭാവി മുന്നില്‍ കാണാന്‍ കഴിയൂ എന്നും വത്സലന്‍ പിള്ള പറയുന്നു.