/sathyam/media/media_files/2025/10/18/chandy-oommen-statement-2025-10-18-17-26-54.jpg)
കോട്ടയം: രാഷ്ട്രീയത്തിൽ തനിക്ക് പാർട്ടിയാണെല്ലാമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. പാർട്ടി എനിക്ക് എല്ലാം തന്നിട്ടുണ്ട്. എൻ്റെ ജീവിതം പാർട്ടിക്കു വേണ്ടി ഉള്ളതാണ്. പക്ഷേ, ഞാനും ഒരു മനുഷ്യനാണ്, ചില സാഹചര്യങ്ങളിൽ വിഷമം വന്നെന്നിരിക്കാം. അത് സ്വാഭാവികമായിട്ടുള്ള കാര്യമാണ്.
പാർട്ടിയുമായിട്ടുള്ള പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ സംസാരിക്കും. കോൺഗ്രസ് പാർട്ടിക്കകത്ത് ജാതിയോ മതമോ ഇല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പുനസംഘടനയിൽ ചാണ്ടിയെയും അബിനെയും തഴഞ്ഞതിനെതിരെ ഓർത്തഡോക്സ് സഭയുടെ പ്രതിഷേധത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
അബിനോടും ചാണ്ടി ഉമ്മനോടും കോണ്‍ഗ്രസ് അനീതി കാണിച്ചുവെന്നാണ് ഓര്‍ത്തഡോക്സ് സഭ ആരോപിച്ചത്. ചാണ്ടി ഉമ്മനോട് അനീതിയാണ് കാണിച്ചത്. പ്രശ്നം ഉടന്‍ പരിഹരിക്കണം. നേതാക്കളോട് പറയാനുള്ളത് ഓര്‍ത്തഡോക്സ് സഭ പറയുമെന്നും കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദീയസ് കോറോസ് പറഞ്ഞിരുന്നു.
അതേസമയം, പുനസംഘടനയിൽ സ്ഥാനം ലഭിക്കാത്തതിൽ ചാണ്ടി ഉമ്മന് അതൃപ്തി ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനിടെ കെ.പി.സി.സിയുടെ പല വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്നും ചാണ്ടി ഉമ്മന്‍ എക്‌സിറ്റായിരുന്നു.
പിന്നാലെ, പല വാട്‌സാപ്പ് ഗ്രൂപ്പുകളിലും താനുണ്ടായിരുന്നുവെന്നും, സന്ദേശങ്ങള്‍ വന്നുകുമിഞ്ഞതോടെ ഒഴിവാകുകയായിരുന്നുവെന്നും ഏത് ഗ്രൂപ്പുകളില്‍നിന്നാണ് പോയതെന്ന് ശ്രദ്ധിച്ചിട്ടില്ലെന്നും ചാണ്ടി വിശദീകരിച്ചതായാണ് സൂചന.
പല പ്രധാനപ്പെട്ട ഗ്രൂപ്പുകളില്‍ നിന്നും വെള്ളിയാഴ്ച രവിലെ തന്നെ ചാണ്ടി പുറത്തു പോയതായാണ് ലഭിക്കുന്ന വിവരം. വെള്ളിയാഴ്ച റാന്നിയില്‍ നടന്ന കോണ്‍ഗ്രസിന്റെ വിശ്വാസസംരക്ഷണയാത്രയുടെ പൊതുയോഗത്തില്‍നിന്ന് ചാണ്ടി വിട്ടുനിന്നു. ഉദ്ഘാടകനായിരുന്നു അദ്ദേഹം.
അതേസമയം, ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ തനിക്കു അതൃപ്തിയില്ലെന്നും കേരളത്തില്‍ എവിടെയും കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തനിക്കു ഒരു സ്ഥാനവും വേണ്ടെന്നു ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അബിനെ പിന്തുണച്ചു പറഞ്ഞ കാര്യങ്ങളില്‍ പലതും മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നാണ് ചാണ്ടി ആരോപിക്കുന്നത്. വ്യാഴാഴ്ചത്തെ ചാണ്ടിയുടെ പ്രതികരണം കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലും വലിയ ചര്‍ച്ചയായിരുന്നു.