/sathyam/media/media_files/2025/10/19/images-1280-x-960-px416-2025-10-19-10-54-22.jpg)
കോട്ടയം: രാമേശ്വരത്തേക്ക് പോകുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ട്രെയിനായി അമൃത എക്‌സ്പ്രസ്. കഴിഞ്ഞ ദിവസമാണ് ട്രെയിന്‍ സര്‍വീസ് രാമേശ്വരത്തേക്ക് നീട്ടിയത്. ഇതോടെ കേരളത്തില്‍ നിന്നു രാമേശ്വരത്തേക്കു പോകുന്ന ഏക ട്രെയിനായി അമൃത എക്‌സ്പ്രസ് മാറി.
വിനോദ സഞ്ചാരികളുടെ പട്ടികയില്‍ മാത്രമല്ല ഭക്തജനങ്ങളും ഏറെ ആഗ്രഹിച്ച മാറ്റമാണ് റെയില്‍വേ യാഥാര്‍ഥ്യമാക്കിയത്. ദീപാവലി അവധിക്കു രാമേശ്വരം പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ട്രെയിന്‍ ഏറെ പ്രയോജനം ചെയ്യും.
സാധാരണ മധുരയില്‍ ട്രെയിന്‍ ഇറങ്ങി അവിടെ നിന്ന് അടുത്ത ട്രെയിന്‍ അല്ലെങ്കില്‍ ബസ് പിടിച്ച് രാമേശ്വരത്തിന് പോകുന്നതാണ് രീതി. എന്നാല്‍, ഇനി കേരളത്തില്‍ നിന്നുള്ളവര്‍ക്ക് രാമേശ്വരത്തേക്ക് നേരിട്ട് എത്താം.
ഏറെക്കാലമായി കേരളത്തില്‍ നിന്ന് രാമേശ്വരത്തേക്ക് നേരിട്ട് ട്രെയിന്‍ സര്‍വീസ് ഉണ്ടായിരുന്നില്ല. മീറ്റര്‍ ഗേജ് കാലഘട്ടത്തില്‍ പാലക്കാട് നിന്നു രാമേശ്വരം ട്രെയിനുകളുണ്ടായിരുന്നെങ്കിലും ഗേജ് മാറ്റത്തിന്റെ പേരില്‍ അവ നിര്‍ത്തലാക്കിയിരുന്നു.
2018ല്‍ ഗേജ് മാറ്റം പൂര്‍ത്തിയായിട്ടും രാമേശ്വരം സര്‍വീസുകള്‍ പുനഃരാരംഭിച്ചിരുന്നില്ല. അമൃത രാമേശ്വരത്തേക്കു നീട്ടണമെന്ന ഏറെ നാളായുള്ള ആവശ്യത്തിനാണ് ഇപ്പോള്‍ പരിഹാരമായത്.
നിരവധി തീര്‍ഥാടന കേന്ദ്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളുമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.
തിരുവനന്തപുരം സെന്‍ട്രല്‍ - രാമേശ്വരം അമൃത എക്‌സ്പ്രസ്, ട്രെയിന്‍ നമ്പര്‍ - 16343. രാത്രി എട്ടു മണിക്ക് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിക്കും. അടുത്ത ദിവസം ഉച്ചയ്ക്ക് 12.45ന് ട്രെയിന്‍ രാമേശ്വരത്ത് എത്തും.
രാമേശ്വരത്ത് നിന്ന് തിരുവനന്തപുരം സെന്‍ട്രലിലേക്ക്, ട്രെയിന്‍ നമ്പര്‍ 16344 , 17ന് ഉച്ചയ്ക്ക് 1.30ന് സര്‍വീസ് ആരംഭിക്കും.
അടുത്ത ദിവസം പുലര്‍ച്ചെ 4.55ന് ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും. രാമേശ്വരത്ത് പുതിയ പാമ്പന്‍ പാലം തുറന്നതോടെയാണ് അമൃത എക്‌സ്പ്രസ് രാമേശ്വരം വരെ നീട്ടാന്‍ റെയില്‍വേ തീരുമാനിച്ചത്. മധുരക്കും രാമേശ്വരത്തിനുമിടയില്‍ മാനാമധുര, പരമക്കുടി, രാമനാഥപുരം എന്നിങ്ങനെ മൂന്ന് സ്റ്റോപ്പുകളാണ് അധികമായി വരുന്നത്.
രാമനാഥസ്വാമി ക്ഷേത്രം, ധനുഷ്‌കോടി, ഡോ എ പി ജെ അബ്ദുള്‍ കലാം മെമ്മോറിയല്‍, പാമ്പന്‍പാലം, രാമസേതു എന്നിവ കാണാന്‍ നിരവധി സഞ്ചാരികള്‍ ആണ് ഓരോ വര്‍ഷവും ഇവിടേക്ക് എത്തുന്നത്.