/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കോട്ടയം: പതിനാലുകാരനെ യുവാവ് ക്രൂരമായി മർദിച്ച പരാതിയിൽ കുമരകം പോലീസ് അന്വേഷണം ആരംഭിച്ചു.. ഇന്നലെ വൈകിട്ട് അറു മണിയോടെ കുമ്മനം അമ്പൂരത്തിനു സമീപമാണ് സംഭവം.
കൂട്ടുകാരുമൊത്ത് കളിക്കുകയായിരുന്ന കുട്ടിയെയാണ് പ്രദേശവാസിയായ കൊട്ടാരത്തിൽ ഫൈസൽ (38) മർദിച്ചതെന്നാണ് പരാതി.
കുട്ടികൾ ഫുട്‌ബോൾ കളിക്കുന്നതിനിടെ പന്ത് ഫൈസലിന്റെ വീടിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. മർദനമേറ്റ കുട്ടി പന്തെടുക്കാൻ പോയ വഴി ഫൈസലിന്റെ മകനുമായി കൂട്ടിയിടിച്ചു വീണു.
ഇതിലുള്ള പ്രകോപനത്തിലാണ് ഇയാൾ ആക്രമിച്ചത്. മകൻ വീഴുന്നത് കണ്ടുവന്ന ഇയാൾ പന്തെടുക്കാനെത്തിയ കുട്ടിയുടെ കഴുത്തിനു കുത്തിപ്പിടിക്കുകയും തലക്കിടിക്കുകയും ചെയ്തു.
കുട്ടി ഭയന്ന് ഓടാൻ ശ്രമിക്കവേ കരിങ്കല്ല് കൊണ്ടു വയറിന് എറിയുകയും ചെയ്‌തെന്നാണ് പരാതി. കുട്ടികളുടെ സൈക്കിൾ ഫൈസൽ തകർത്തതായും പരാതിയുണ്ട്.
കുട്ടിയെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു ചൈൽഡ് ലൈനിലും പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.