സാക്ഷരത, വിദ്യാഭ്യാസം, അറിവ് എന്നിവയുടെ ശക്തി കേരളത്തെ മുന്‍നിര സംസ്ഥാനങ്ങളില്‍ ഒന്നാക്കി മാറ്റിയെന്നു രാഷ്പ്രതി ദ്രൗപതി മുര്‍മു. വിദ്യാഭ്യാസത്തിന്റെ വെളിച്ചം പരത്തുന്നതില്‍ സെന്റ് തോമസ് കോളജിന്റെ ശ്രമങ്ങളെ രാഷ്ട്രപതി പ്രശംസിച്ചു. കോട്ടയം ജില്ലയ്ക്കും രാഷ്ട്രപതിയുടെ പ്രശംസ

സെന്റ് തോമസ് കോളജ് പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിധികള്‍ രൂപപ്പെടുത്തുന്ന പ്രസ്ഥാനങ്ങാണ്. സമഗ്രമായ പഠനത്തിനും സാമൂഹിക നീതിക്കും കോളജ് ഊന്നല്‍ നല്‍കുന്നതില്‍ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. 

New Update
droupadi murmu at pala
Listen to this article
0.75x1x1.5x
00:00/ 00:00

പാലാ: സാക്ഷരത, വിദ്യാഭ്യാസം, അറിവ് എന്നിവയുടെ ശക്തി കേരളത്തെ വിവിധ മാനവ വികസന മാനദണ്ഡങ്ങളില്‍ മുന്‍നിര സംസ്ഥാനങ്ങളില്‍ ഒന്നാക്കി മാറ്റിയെന്നു രാഷ്പ്രതി ദ്രൗപതി മുര്‍മു. പാലായിലുള്ള സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി. 

Advertisment

വികസനത്തിന്റെയും വളര്‍ച്ചയുടെയും അവസരങ്ങള്‍ കണ്ടെത്തുന്നതിനുള്ള താക്കോലാണു വിദ്യാഭ്യാസം. ഗ്രാമങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കു പ്രധാനമായും വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണു സെന്റ് തോമസ് കോളജ് സ്ഥാപിതമായത്. കഴിഞ്ഞ 75 വര്‍ഷമായി കോളജ് പ്രശംസനീയമായ ലക്ഷ്യം നിറവേറ്റുന്നതില്‍ സന്തോഷമുണ്ടെന്നും രാഷ്പ്രതി പറഞ്ഞു.


സെന്റ് തോമസ് കോളജ് പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിധികള്‍ രൂപപ്പെടുത്തുന്ന പ്രസ്ഥാനങ്ങാണ്. സമഗ്രമായ പഠനത്തിനും സാമൂഹിക നീതിക്കും കോളജ് ഊന്നല്‍ നല്‍കുന്നതില്‍ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. 

വിദ്യാഭ്യാസത്തിന്റെ വെളിച്ചം പരത്തുന്നതില്‍ സെന്റ് തോമസ് കോളജിന്റെ ശ്രമങ്ങളെയും രാഷ്ട്രപതി പ്രശംസിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നത് സെന്റ് തോമസ് കോളജ് തുടരുമെന്നും അതുവഴി 2047 ആകുമ്പോഴേക്കും കൂടുതല്‍ നീതിയുക്തമായ ഒരു സമൂഹവും വിക്ഷിതു ഭാരതവും കെട്ടിപ്പടുക്കുന്നതിനു സംഭാവന നല്‍കുമെന്നും രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

drupadi murmu at pala

ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ 'വിജ്ഞാന നൂറ്റാണ്ട്' എന്നാണു വിശേഷിപ്പിക്കുന്നത്. നവീകരണത്തെ നയിക്കുന്ന അറിവു സമൂഹത്തെ മുന്നോട്ടു കൊണ്ടുപോകുകയും അതിനെ സ്വാശ്രയമാക്കുകയും ചെയ്യുന്നു. സാക്ഷരത, വിദ്യാഭ്യാസം, അറിവ് എന്നിവയുടെ ശക്തി നിരവധി മാനുഷിക വികസന മാനദണ്ഡങ്ങളില്‍ കേരളത്തെ മുന്‍നിര സംസ്ഥാനങ്ങളില്‍ ഒന്നാക്കി മാറ്റി.


സാമൂഹികവും വിദ്യാഭ്യാസപരവുമായ പരിവര്‍ത്തനങ്ങളുടെ മഹത്തായ അധ്യായങ്ങള്‍ക്ക് ഈ നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നു കോട്ടയം ജില്ലയെക്കുറിച്ചു പരാമര്‍ശിച്ചുകൊണ്ടു രാഷ്ട്രപതി പറഞ്ഞു. 


'വൈക്കം സത്യാഗ്രഹം' എന്നറിയപ്പെടുന്ന തൊട്ടുകൂടായ്മ നിര്‍മാര്‍ജനത്തിനായുള്ള മഹത്തായ പ്രസ്ഥാനം നൂറു വര്‍ഷങ്ങള്‍ക്കു മുമ്പു കോട്ടയത്താണു നടന്നത്. സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും ഉറവിടമായി ഇതു നിലനിന്നതിനാല്‍ കോട്ടയം ഇന്ന് 'അക്ഷര നഗരി' എന്നറിയപ്പെടുന്നു. 

കോട്ടയത്തു നിന്നുള്‍പ്പടെ ഉള്ളവര്‍ വളരെ സജീവമായ പങ്ക് വഹിച്ച ശ്രമങ്ങളിലൂടെയാണ് 'സാക്ഷര കേരളം' പ്രസ്ഥാനം ശക്തിപ്പെട്ടത്. ലൈബ്രറി പ്രസ്ഥാനത്തിലൂടെ പഠനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പി.എന്‍. പണിക്കരുടെ മഹത്തായ സംരംഭം 'വായിച്ചു വളരുക' എന്ന വളരെ ലളിതവും എന്നാല്‍ ശക്തവുമായ സന്ദേശത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ്. 


വിദ്യാഭ്യാസത്തിന്റെ വെളിച്ചം വ്യക്തിപരവും കൂട്ടായതുമായ പുരോഗതിയിലേക്കുള്ള പാതയെ പ്രകാശിപ്പിക്കുന്നുവെന്നു രാഷ്ട്രപതി പറഞ്ഞു.


ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, മന്ത്രി വി.എന്‍. വാസവന്‍, പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് എന്നിവര്‍ പ്രസംഗിച്ചു. 

പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, എം.പി.മാരായ ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്, മാണി സി. കാപ്പന്‍ എം.എല്‍.എ. കോളജ് മാനേജര്‍ മോണ്‍. റവ. ഡോ. ജോസഫ് തടത്തില്‍, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ എന്നിവര്‍ വേദിയിലുണ്ടായിരുന്നു. 

വൈകിട്ട് 3.50ന് ഹെലികോപ്റ്റര്‍ മാര്‍ഗം എത്തുന്ന രാഷ്ട്രപതിയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മന്ത്രി വി.എന്‍. വാസവന്‍, കലക്ടര്‍ ചേതന്‍കുമാര്‍ മീണ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. ചടങ്ങില്‍ പങ്കെടുത്ത ശേഷം ഹെലികോപ്റ്റര്‍ മാര്‍ഗം കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിയ ദ്രൗപതി മുര്‍മു കാര്‍മാര്‍ഗം കുമരകത്തേയ്ക്കു പോയി.

Advertisment