എല്‍.ഡി.എഫില്‍ കരുത്തരായി കേരളാ കോണ്‍ഗ്രസ് (എം). വന്യജീവി സംഘര്‍ഷം, ക്രൈസ്തവ മാനേജ്‌മെന്റ് സ്‌കൂളുകളുടെ വിഷയത്തിലും പി.എം ശ്രീ പദ്ധതിയിലും ശ്രദ്ധേയമായ ഇടപെടല്‍. പദ്ധതി കേന്ദ്ര സര്‍ക്കാരിന്റേതായതു കൊണ്ടു മാത്രം എതിര്‍ക്കണമെന്ന അഭിപ്രായം കേരള കോണ്‍ഗ്രസിനില്ലെന്നു ജോസ് കെ. മാണി. മുന്നണിയില്‍ അസ്വസ്ഥരായി സി.പി.ഐ

ഇടതു സര്‍ക്കാര്‍ എപ്പോഴും മുന്‍ഗണന നല്‍കിയിട്ടുള്ളത് വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കാണ്

New Update
1001353492

കോട്ടയം: എല്‍.ഡി.എഫില്‍ കരുത്തരായി കേരളാ കോണ്‍ഗ്രസ് (എം).

മുട്ടാപ്പോക്ക് നയങ്ങളല്ല, കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങളാണ് കേരളത്തിന് ആവശ്യമെന്ന നിലപാടാണ് കേരളാ കോൺഗ്രസ് എമ്മിനുള്ളത്. 

Advertisment

സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ പല വിഷയങ്ങളിലും കേരളാ കോണ്‍ഗ്രസ് (എം) നിലപാട് എല്‍.ഡി.എഫിനു ജനപിന്തുണ ഉണ്ടാക്കി നല്‍കുന്നതായിരുന്നു.

മുനമ്പം വിഷയം, കേരളത്തിലെ വന്യജീവി മനുഷ്യ സംഘര്‍ഷം ഒഴിവാക്കാന്‍ സര്‍ക്കാരെടുത്ത നിലപാടുകള്‍, ജനദ്രോഹപരമായ വനം ഭേദഗതിയിലെ ആശങ്ക പരിഹരിക്കല്‍ തുടങ്ങി ഏറ്റവും ഒടുവില്‍ ക്രൈസ്തവ മാനേജ്‌മെന്റ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമന വിഷത്തിലും പി.എം. ശ്രീയിലും കേരളാ കോണ്‍ഗ്രസ് നിര്‍ണായക ഇടപെടല്‍ നടത്തി.

സര്‍ക്കാരുമായി ഇടഞ്ഞു നിന്ന ക്രൈസ്തവ സഭകളെ മുന്‍ നിര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികളുടെ മുതലെടുപ്പിന് തടയിട്ടത് കേരളാ കോണ്‍ഗ്രസ് എമ്മായിരുന്നു.

പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും നേരില്‍ കണ്ടു പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു.

മതമേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തി ഒരുവില്‍ ഒരു സമവായം കൊണ്ടു വരാന്‍ കേരളാ കോണ്‍ഗ്രസിന് സാധിച്ചു.

പി.എം ശ്രീ വിഷയത്തിലും നിര്‍ണായക നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്.  

പി.എം. ശ്രീ പദ്ധതിയെക്കുറിച്ച് മുന്നണിക്കുള്ളിലും പൊതു സമൂഹത്തിനിടയിലും ഉയരുന്ന ആശങ്കകള്‍ ഇച്ഛാശക്തിയോടെ സര്‍ക്കാരും എല്‍.ഡി.എഫ് നേതൃത്വവും പരിഹരിക്കുമെന്നാണ് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി പ്രതികരിച്ചത്.

ഒരു പദ്ധതി അത് കേന്ദ്രസര്‍ക്കാരിന്റേ തായതു കൊണ്ട് മാത്രം എതിര്‍ക്കണമെന്ന് അഭിപ്രായം കേരള കോണ്‍ഗ്രസ് എമ്മിന് ഇല്ല.

പി.എം ശ്രീ പദ്ധതിയുടെ 60 ശതമാനം വിഹിതം കേന്ദ്രസര്‍ക്കാരും 40 ശതമാനം വിഹിതം സംസ്ഥാന സര്‍ക്കാരുമാണു വഹിക്കുന്നത്.

അതുകൊണ്ട് പദ്ധതിയുടെ പൂര്‍ണ നിയന്ത്രണം കേന്ദ്രസര്‍ക്കാരില്‍ ആണെന്ന് പറയാന്‍ ആവില്ല.

കേന്ദ്ര വിദ്യാഭ്യാസ പദ്ധതികളില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവായി നില്‍ക്കാന്‍ കേരളത്തിനു സാധിക്കുകയില്ല.

പി.എം. ശ്രീ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ഹിഡന്‍ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കുന്നതിന് ശ്രമിച്ചാല്‍ അതിനെ പ്രതിരോധിക്കുവാന്‍ കേരളത്തിലെ അധ്യാപകര്‍ക്കും വിദ്യാഭ്യാസ വിചക്ഷണര്‍ക്കും,വിദ്യാഭ്യാസ വകുപ്പിനും സംസ്ഥാന സര്‍ക്കാരിനും സാധിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.

പി.എം. ശ്രീ പദ്ധതിയില്‍ നിന്നുള്ള സഹായം വാങ്ങാന്‍ സി.പി.എം തീരുമാനിച്ചതിനു പിന്നാലെ പദ്ധതിയെ എതിര്‍ത്ത് എല്‍.ഡി.എഫിലെ പ്രധാന ഘടക കക്ഷിയായ സി.പി.ഐ. രംഗത്തു വന്നതോടെയാണു പി.എം. ശ്രീ പദ്ധതി സംസ്ഥാനത്തു വിവാദമായത്.

സി.പി.ഐ. നിലപാടിനെ തള്ളി കേരള കോണ്‍ഗ്രസ് നിലപാട് എടുത്തതോടെ ഈ വിഷയത്തില്‍ എല്‍.ഡി.എഫ് രണ്ട് തട്ടിലായി.

സി.പി.ഐ. ഉയര്‍ത്തിയ വിമര്‍ശനം എല്‍.ഡി.എഫ് ചര്‍ച്ച ചെയ്യുമെന്നു സി.പി.എം. ദേശീയ സെക്രട്ടറി എം.എ.ബേബി വ്യക്തമാക്കി യിട്ടുണ്ടെങ്കിലും നിലപാട് മാറ്റേണ്ടന്ന തീരുമാനത്തിലാണു സി.പി.ഐ.

എന്നാല്‍, കേരളാ കോണ്‍ഗ്രസ് നിലപാട് സി.പി.ഐയെ മുന്നണിയില്‍ ഒറ്റപ്പെടുത്തുന്നതാണ്.

പദ്ധതി അംഗീകരിക്കാതെ കേന്ദ്ര സഹായം എങ്ങനെ കിട്ടുമെന്നത് ചോദ്യത്തിന് സി.പി.ഐയ്ക്കും വ്യക്തമായ ഉത്തരമില്ല.

2023-24 വര്‍ഷം കേരളത്തിന് നഷ്ടമായത് 188.58 കോടി രൂപയാണ്.

2024-25 വര്‍ഷത്തെ കുടിശ്ശിക 513.54 കോടി രൂപയാണ്.

2025-26 വര്‍ഷം ലഭിക്കേണ്ട 456.1 കോടി രൂപ തടഞ്ഞുവെച്ചു.

ആകെ 1158.13 കോടി രൂപ ഇതിനകം കേരളത്തിനു നഷ്ടമായി. ഇപ്പോള്‍ ഒപ്പിടുന്നതിലൂടെ സമഗ്രശിക്ഷാ അഭിയാന്‍ കുടിശ്ശികയും പിഎം ശ്രീ ഫണ്ടും ഉള്‍പ്പടെ 1476.13 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭ്യമാകാന്‍ പോകുന്നത്.

നിലവില്‍ കേന്ദ്രം നല്‍കാന്‍ ധാരണയായിട്ടുള്ളത് 971 കോടി രൂപയാണ് മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കിയത്.

ഫണ്ട് കിട്ടാതെ വന്നതോടെ എസ്.എസ്.എയ്ക്കു കീഴിലുള്ള അധ്യാപകര്‍ക്കു രണ്ടും മൂന്നും മാസത്തെ ശമ്പള കുടിശിക പോലും ഒരു ഘട്ടത്തില്‍ വന്നു.

ഈ രീതിയില്‍ മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നു വ്യക്തമായതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെന്നതുകൊണ്ടു മാത്രം പദ്ധതി തള്ളണമെന്ന നിലപാടില്‍ നിന്നു സര്‍ക്കാരും കേരളാ കോണ്‍ഗ്രസും പിന്മാറിയത്.

ഇടതു സര്‍ക്കാര്‍ എപ്പോഴും മുന്‍ഗണന നല്‍കിയിട്ടുള്ളത് വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കാണ്.

ഭാവി തലമുറയുടെ പ്രതീക്ഷയും കൂടുതല്‍ വിദ്യാഭ്യാസ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പാഴാണ്.

വിവാദങ്ങളും സാങ്കേതികത്വവും പറഞ്ഞ് സംസ്ഥാനത്തിനു ലഭിക്കുന്ന സാമ്പത്തിക സഹായം നഷ്ടപ്പെടാന്‍ ഇടയാകരുതെന്നും കേരളാ കോണ്‍ഗ്രസ് പറയുന്നു.

Advertisment