/sathyam/media/media_files/2025/10/25/kumarakom-konathattu-bridge-approach-road-2025-10-25-16-43-29.jpg)
കോട്ടയം: രാഷ്ട്രപതിയുടെ മനം കവര്‍ന്ന കുമരകത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഏതുമില്ല.. ഒരു ടൂറിസം മേഖലയെ വികസിപ്പിക്കേണ്ടത് റോഡ് ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും പരിസരം വൃത്തിയായി സൂക്ഷിച്ചുമാണ്.
എന്നാല്‍, കുമരകം ലോക ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ചു എന്നു പറയുന്നവര്‍ എന്തുകൊണ്ട് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ല എന്ന ചോദ്യത്തിനു മറുപടിയില്ല. ഒരു ഫയര്‍ സ്‌റ്റേഷന്‍ കുമരകത്ത് സ്ഥാപിക്കണമെന്ന ആവശ്യത്തിനു ഒരു പതിറ്റാണ്ടിന്റെ നീണ്ട കാത്തിരുപ്പുണ്ട്.
വിനോദ സഞ്ചാരികള്‍ അപകടത്തില്‍പ്പെട്ടാല്‍ കോട്ടയത്തു നിന്നോ വൈക്കത്തു നിന്നോ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്തണം. അപ്പോഴേയ്ക്കും അപകടം ജീവനനെടുക്കുന്ന ദുരന്തമായി മാറിയിട്ടുണ്ടാകും.
ഈ ദുരിതം കുമരകം കാര്‍ അനുഭവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍, ഫയര്‍സ്‌റ്റേഷന്‍ അനുവദിച്ചിട്ടും സ്ഥലം കണ്ടെത്താനോ പണി നടത്താനോ ഇനിയും സാധിച്ചിട്ടില്ല.
നല്ല ചികിത്സാ സൗകര്യങ്ങള്‍ കുരകത്തില്ല. എന്ത് അത്യാഹിതം ഉണ്ടായാലും കോട്ടയം മെഡിക്കല്‍ കേളജിലോ, സ്വകാര്യ ആശുപത്രികളിലോ എത്തിക്കണം. മികച്ച ചികിത്സ ലഭിക്കേണ്ട വിലപ്പെട്ട സമയമാണ് ഇതോടെ പാഴാകുന്നത്.
കുമരകത്തിനു മാത്രമായി സബ്‌സ്റ്റേഷനില്ലാത്തതിനാല്‍ വൈദ്യുതി തടസവും പതിവാണ്. രാഷ്ട്രപതി തിരിച്ചുപോകും വരെ വൈദ്യുതി നിലയ്ക്കാതിരിക്കാന്‍ വൈക്കം ഫീഡറില്‍ നിന്നു കൂടി ലൈന്‍ വലിച്ചിട്ടും വലിയ ജനറേറ്റര്‍ സംവിധാനവും ഏര്‍പ്പെടുത്തേണ്ടി വന്നു.
ആറു മാസം കൊണ്ടു പൂര്‍ത്തിയാക്കാനാവുമായിരുന്ന ഒരു പാലം നിര്‍മിക്കാന്‍ വേണ്ടി വന്നതു മൂന്നു വര്‍ഷത്തോളമാണ്. കോണത്താറ്റു പാലം നിര്‍മാണം കാരണം ജനം വലഞ്ഞതിനു കണക്കില്ല.
തെരഞ്ഞെടുപ്പ് അടുത്തിലായിരുന്നെങ്കിലും പാലം പണി അടുത്തകാലത്തെങ്ങും പൂര്‍ത്തിയാകില്ലായിരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡുകളാണു പഞ്ചായത്തില്‍ ഉള്ളത്. തട്ടിക്കൂട്ട് അറ്റകുറ്റപ്പണി നടത്തി ഒരാഴ്ച കഴിയും മുന്‍പു റോഡ് പഴയപടിയാകും.
മാലിന്യ പ്രശ്‌നമാണ് ആഗോള ടൂറിസം കേന്ദ്രം നേരിടുന്നത്. തോടുകളില്‍ മാലിന്യം കെട്ടിക്കിടക്കുന്നു. പ്ലാസ്റ്റിക് കുപ്പികള്‍ മുതല്‍ കുട്ടികളുടെ ഡയപ്പര്‍ വരെ തോട്ടിലേക്കാണു നിക്ഷേപിക്കുന്നത്. ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും കക്കൂസ് മാലിന്യം തോട്ടിലേക്കും കായലിലേക്കും തള്ളുന്നതു പതിവാണ്.
മലിനീകരണത്തിനൊപ്പം പോള ശല്യവും വേമ്പനാട് കായലിനെയും തോടുകളെയും ബുദ്ധിമുട്ടിലാക്കുന്നു. നാളിതുവരെ പോള നീക്കാന്‍ ഒരു നടപടിയും അധികൃതര്‍ എടുത്തിട്ടില്ല.
വേമ്പനാട്ടു കായലിന്റെ അടിത്തട്ടില്‍ പ്ലാസ്റ്റിക് അടിഞ്ഞു കൂടി ആഴം കുറഞ്ഞു എന്നു പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നിട്ടും വേമ്പനാട്ടുകായലിനെ വീണ്ടെടുക്കാന്‍ ഒരു നടപടിയും ഉണ്ടായല്ല. ഇതൊക്കെയാണു ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ കുമരകത്തിന്റെ അവസ്ഥ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us