ചാര സംഘടന വന്നാലും രഹസ്യം ചോർത്താൻ പറ്റാത്ത തിരുവതാംകൂർ ദേവസ്വം ബോർഡ്. രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്.ഐ.ടി മുന്നറിയിപ്പ് നൽകിയതോടെ ബോർഡ് ഉദ്യോഗസ്ഥരുടെ ഒളിച്ചുകളി പുറത്താവുന്നു. രേഖകൾ സമർപ്പിക്കാത് അന്വേഷണം തടസപ്പെടുത്തുന്നതിനു തുല്യം

പല ഉദ്യോഗസ്ഥർക്കും വലിയ രാഷ്ട്രീയ പിടിപാടുകൾ ഉള്ളവരാണ്. ഇവർ ഒരു കൊള്ള സംഘം പോലെയാണ് പ്രവർത്തിക്കുന്നത്. ബോർഡിനും പല ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെന്നും ആരോപണം ഉണ്ട്. 

New Update
travancore devaswom

കോട്ടയം: ഇന്ത്യയുടെ ചാര സംഘടനയായ റോ വന്നാലും തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരിൽ നിന്നു ഒരു രഹസ്യവും ചോർത്താൻ പറ്റില്ല. അത്രയ്ക്കും ഒരുമയുള്ളവരാണവർ. 

Advertisment

സ്വർണ പാളി വിവാദത്തിൽ ദേവസ്വം ബോർഡ് മുൻ വിജിലൻസ് ഉദ്യോഗസ്ഥൻ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിത്. ഇത് അക്ഷരംപ്രതി ശരിയാണെന്നു തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തേക്കു വരുന്നത്.


ശബരിമല സ്വർണ കവർച്ചയിൽ രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്.ഐ.ടി മുന്നറിയിപ്പ് നൽകിയതോടെയാണ് ഉദ്യോഗസ്ഥരുടെ ഒളിച്ചു കളി പുറത്തായത്. 


രേഖകൾ സമർപ്പിക്കാൻ വൈകുന്നത് അന്വേഷണം തടസപ്പെടുത്തുന്നതിനു തുല്യമാണ്. 1999 ൽ വിജയ് മല്യ സ്വർണ്ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഉടൻ ലഭ്യമാക്കണമെന്ന് എസ്ഐടി ആവശ്യപ്പെട്ടിരുന്നു. 

എന്നാൽ, രേഖകൾ സമർപ്പിക്കാതെ സാവകാശം തേടുകയാണ് ഉദ്യോഗസ്ഥർ. ഇത് അന്വേഷണത്തെ സ്വാധീനിക്കാൻ വേണ്ടിയാണെന്നാണ് ഉയരുന്ന ആരോപണം.


ശബരിമലയിലെ മരാമത്ത് രേഖകൾ ഉൾപ്പെടെ അന്വേഷണത്തിന് അനിവാര്യമാണെന്നും രേഖകൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് ഇനി സാവകാശം നൽകാൻ ആകില്ലെന്നും എസ്ഐടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിനു പോലും രേഖകൾ ലഭിക്കാൻ വൈകുന്നു എന്നത് ഞെട്ടിക്കുന്നതാണ്. 

അഴിമതിയുടെ കാര്യത്തിൽ ബോർഡ് ഉദ്യോഗസ്ഥർ കൂട്ടായ പ്രവർത്തനമാണ് നടത്തുന്നതെന്ന ആരോപണം ശരിവെക്കുന്നതാണ് ഉദ്യോഗസ്ഥരുടെ നിലപാടുകൾ. 

പല ഉദ്യോഗസ്ഥർക്കും വലിയ രാഷ്ട്രീയ പിടിപാടുകൾ ഉള്ളവരാണ്. ഇവർ ഒരു കൊള്ള സംഘം പോലെയാണ് പ്രവർത്തിക്കുന്നത്. ബോർഡിനും പല ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെന്നും ആരോപണം ഉണ്ട്. 


സ്വർണ കവർച്ച കേസിൽ റിമാൻഡിലുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ മുരാരി ബാബുവും ഇത്തരത്തിൽ ബോർഡിനു മുകളിൽ സ്വാധീനം ഉള്ള ആൾ ആയിരുന്നു. 


ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ നിന്നു മുരാരിയുടെ വളർച്ച ആരെയും അതിശയിപ്പിക്കുന്നതാണ്. ഏറ്റുമാനൂരില്‍ നിന്നുമാണ് കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ശബരിമലയിലെ ഉന്നത സ്ഥാനങ്ങളിലേക്കു മുരാരി ബാബു എത്തിയത്. 

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍  തുടങ്ങിയ ഔദ്യോഗിക ജീവിതം ദേവസ്വം ബോര്‍ഡിലെ രണ്ടാമനായി വളര്‍ന്നു. രാഷ്ട്രീയ ബന്ധങ്ങളാണ് ദേവസ്വം ബോര്‍ഡിലെ അവസാന വാക്കിലേയ്ക്കുളള മുരാരിയുടെ വളര്‍ച്ചയ്ക്കു വഴിയൊരുക്കിയത്.


ഏറ്റുമാനൂരില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍, അസിസ്റ്റന്റ്‌ദേവസ്വം കമ്മിഷണര്‍, എറ്റുമാനൂര്‍ ഉള്‍പ്പെടുന്ന വൈക്കത്തെ ഡപ്യൂട്ടി ദേവസ്വം കമ്മിഷണര്‍, തിരുനക്കരയില്‍ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണര്‍ എന്നീ നിലകളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 


സ്ഥലം മാറി മറ്റു ക്ഷേത്രങ്ങളിലേക്കു പോയപ്പോഴും  പ്രമുഖ ക്ഷേത്രങ്ങളായ വൈക്കം, ഏറ്റുമാനൂര്‍, തിരുനക്കര എന്നിവിടങ്ങളിലെ ഉത്സവങ്ങള്‍ക്കു സ്‌പെഷല്‍ ഓഫിസര്‍ തസ്തികയില്‍ സേവനമനുഷ്ഠിച്ചു. 

ഈ മൂന്നു ക്ഷേത്രങ്ങളിലും ഉത്സവത്തിന് ആനകളെ കരാറെടുക്കുന്നതില്‍ ക്രമക്കേടു നടത്തിയതായി പിന്നീട് കണ്ടെത്തിയിരുന്നു. ഏറ്റുമാനൂരിലാണ് ഏറ്റവും കൂടുതല്‍ കാലയളവില്‍ ജോലി ചെയ്തത്.


ക്ഷേത്രത്തിലെ ശ്രീ കോവിലില്‍ തീപിടിച്ചതും സ്വര്‍ണപ്രഭയിലെ മൂന്നു നാഗപ്പാളികള്‍ വിളക്കിച്ചേര്‍ത്തതും ഈ കാലയളവിലാണു ഉണ്ടായത്. 


ശബരിമലയില്‍ പിന്നീട് എക്‌സിക്യൂട്ടീവ് ഓഫീസറായി ഉയര്‍ന്ന പദവിയിലേക്കുയര്‍ന്ന മുരാരി ബാബു പിന്നീട്  ദേവസ്വം ഡെപ്യൂട്ടി ഡയറക്ടറായി ബോര്‍ഡിലെ രണ്ടാമനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ഉണ്ടായ ദുരൂഹമായ തീപിടുത്തത്തില്‍ ഏഴര പൊന്നാനയ്ക്കു കേട് പറ്റിയെന്നും പറഞ്ഞു പുറത്തെടുത്തപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടാണു തടഞ്ഞത്. 


അന്ന് അവിടെ സ്‌പെഷല്‍ ഓഫീസര്‍ ആയിരുന്ന മുരാരി ബാബുവിനെ പ്രമോഷന്‍ നല്‍കിയാണ് ശബരിമലയില്‍ കൊണ്ടുപോയി ഇരുത്തിയത്. 


ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഉണ്ടായ ക്രമക്കേടുകളുടെ പേരില്‍ 2022-ല്‍ ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ദേവസ്വം വിജിലന്‍സ് കത്ത് നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്.  

2021-ല്‍ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ അഗ്‌നിബാധ സംബന്ധിച്ച കേസിലാണ് ഇയാള്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തിരുന്നത്. അന്ന് വിജിലന്‍സ് കണ്ടെത്തിയതു  ഗുരുതര കുറ്റങ്ങളായിരുന്നു. 

എന്നാല്‍ ആ റിപ്പോര്‍ട്ട് പൂഴ്ത്തിയ ദേവസ്വം ബോര്‍ഡ് മുരാരിയെ ശബരിമലയില്‍ എക്‌സിക്യൂട്ടീവ് ഓഫീസറായി പ്രമോഷനോടെ നിയമിക്കുകയാണ് ചെയ്തത്.

Advertisment