സഹകരണം പി.എം ശ്രീയിൽ മാത്രം പോരാ, കേന്ദ്ര സർക്കാരിൻ്റെ ജനോപകാരപ്രദമായ മറ്റു പദ്ധതികളും നിർദേശങ്ങളും സംസ്ഥാനത്ത് നടപ്പാക്കണമെന്ന് ആവശ്യം. പി.എം ശ്രീ നടപ്പാക്കാമെങ്കിൽ ഇതെല്ലാം എന്തുകൊണ്ട് നടപ്പാക്കികൂടാ എന്നും ജനങ്ങളുടെ ചോദ്യം

കേന്ദ്രനിർദേശം മറികടന്ന് കോടികൾ ബാധ്യതവരുന്ന പദ്ധതി നടപ്പാക്കാൻ സർക്കാർ അനുമതിയോടെ കെ.എസ്.ഇ.ബി തീരുമാനിക്കുകയായിരുന്നു.

New Update
images (1280 x 960 px)(484)

കോട്ടയം: കേന്ദ്ര സർക്കാരിൻ്റെ പദ്ധതികളോട് പൊതുവേ മുഖം തിരിക്കുന്ന സംസ്ഥാനമാണ് കേരളം, പി.എം ശ്രീയിൽ നിർണായക മാറ്റത്തിന് കേരളം തയാറായതോടെ കൂടുതൽ മേഖലയിലേക്ക് സഹകരണം വ്യാപിപ്പിക്കണം എന്ന ആവശ്യമാണ് ബി.ജെ.പിയും ജനങ്ങളും ഉയർത്തുന്നത്.

Advertisment

പി.എം. ഇ ഡ്രൈവ് പദ്ധതിയിൽ ചേരാൻ തയാറാകാത്ത സംസ്ഥാനമാണ് കേരളം. കേരളത്തിൻ്റെ പൊതുഗതാഗതത്തിൽ വിപ്ലവകരമായ മാറ്റത്തിന് ഇവ ഉപകരിക്കുമെന്നിരിക്കെ ഇ - ബസുകൾക്കു പകരം ഡീസൽ ബസുകളാണ് കേരളം വാങ്ങുന്നത്.  


വൈദ്യുത സ്മാർട് മീറ്ററുകൾ കേന്ദ്രം നിർദേശിച്ച രീതിയിൽ സ്ഥാപിക്കാനാവില്ലെന്ന നിലപാടിലും സംസ്ഥാനം ഉറച്ചുനിൽക്കുന്നു. സ്മാർട് മീറ്ററിന്റെ കാര്യത്തിൽ സംസ്ഥാനത്ത് ബദൽമാതൃക പ്രഖ്യാപിച്ചത് നേട്ടമായാണ് സർക്കാർ അവകാശപ്പെടുന്നത്.


കേന്ദ്രനിർദേശം മറികടന്ന് കോടികൾ ബാധ്യതവരുന്ന പദ്ധതി നടപ്പാക്കാൻ സർക്കാർ അനുമതിയോടെ കെ.എസ്.ഇ.ബി തീരുമാനിക്കുകയായിരുന്നു.

ഇതുപ്രകാരം കെ.എസ്.ഇ.ബി നേരിട്ട് ടെണ്ടർ ക്ഷണിക്കുകയും മീറ്ററുകൾ ലഭ്യമാക്കുകയും ചെയ്തു. ആദ്യഘട്ട മീറ്ററുകൾ സ്ഥാപിക്കൽ ആരംഭിച്ചിട്ടുമുണ്ട്.

സ്‌മാർട്ട്‌ മീറ്റർ സ്ഥാപിച്ച്‌ കോർപറേറ്റുകൾക്ക്‌ കൊള്ളലാഭമുണ്ടാക്കാനുള്ള കേന്ദ്രനീക്കം തകർത്തെന്ന വാദമാണ് ബദൽ മാതൃകയായ കാപക്സ് രീതി വഴി കേരളം ഉയർത്തിയത്.


ബദൽ മാതൃകപ്രകാരമുള്ള സ്‌മാർട്ട്‌ മീറ്ററുകൾ ആദ്യഘട്ടത്തിൽ സർക്കാർ, എച്ച്.ടി ഉപഭോക്താക്കൾക്കും വിതരണ ട്രാൻസ്ഫോർമറുകൾ, 11 കെ.വി, 22 കെ.വി ഫീഡറുകൾ, ഇലക്ട്രിക്കൽ ഡിവിഷൻ അതിർത്തികൾ എന്നിവിടങ്ങളിലുമാണ് സ്ഥാപിക്കുന്നത്. അടുത്തഘട്ടത്തിലാകും ഗാർഹിക ഉപഭോക്താക്കൾക്ക് സ്ഥാപിക്കുക. മിക്ക സംസ്ഥാനങ്ങളും കേന്ദ്രം നിർദശിച്ച ടോട്ടക്സ് മാതൃകയിലാണ് സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കിയത്.


ആരോഗ്യമേഖലയില്‍ കേന്ദ്ര- പദ്ധതികളോടുള്ള രാഷ്‌ട്രീയ എതിര്‍പ്പു കാരണം സംസ്ഥാനത്ത് ആരോഗ്യപദ്ധതികള്‍ നടപ്പിലാക്കാത്ത അവസ്ഥയുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ വയോധികര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് വയോ വന്ദന (പിഎംജെഎവൈ) സംസ്ഥാനം നടപ്പാക്കിയിട്ടില്ല. 10 ലക്ഷത്തിനുമുകളില്‍ ആളുകള്‍ സംസ്ഥാനത്ത് വയോ വന്ദന കാര്‍ഡ് എടുത്തെന്നാണ് കണക്ക്.

2018 സപ്തംബറിലാണ് കേന്ദ്രസര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത് വയോ വന്ദന ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുന്നത്.

വരുമാനപരിധിയില്ലാതെ 70 വയസുകഴിഞ്ഞവര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കുന്നതാണ് പദ്ധതി.


കേന്ദ്രസര്‍ക്കാര്‍ 60 ശതമാനവും സംസ്ഥാനസര്‍ക്കാര്‍ 40 ശതമാനവുമാണ് പദ്ധതി വിഹിതം. എന്നാല്‍ കേന്ദ്ര വിഹിതം 90 ശതമാനമാക്കണമെന്ന മുടന്തന്‍ ന്യായം ഉന്നയിച്ചാണ് പദ്ധതിയുമായി സംസ്ഥാനം സഹകരിക്കാത്തത്.


സമാനരീതിയിലാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി പൂര്‍ണമായും നടപ്പിലാക്കാത്തത്. സ്വന്തമായി സമാന പദ്ധതി നടപ്പിലാക്കുന്നുവെന്ന് പറഞ്ഞ് കാരുണ്യ ആരോഗ്യസുരക്ഷയും (കാസ്പ്) ചേര്‍ത്താണ് സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത്. ഇതോടെ കാരുണ്യവഴി കേന്ദ്രസര്‍ക്കാരിന്റെ വിഹിതം മാത്രമാണ് നല്‍കുന്നത്.

പ്രൈം മിനിസ്റ്റേഴ്‌സ് ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷനും സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടില്ല.

പാത്തോളജി ലാബുകള്‍, ഐസിയു, ബ്ലോക്ക് ലെവല്‍ ആശുപത്രികള്‍, ടെലി മെഡിസിന്‍ പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങിയവ ആരംഭിക്കുന്നതിനാണ് തുക അനുവദിക്കുന്നത്. ഇതിന്റെ ആദ്യഗഡു വാങ്ങിയെങ്കിലും തുടര്‍ നടപടികളില്ലാതെ വന്നതോടെ പദ്ധതി മുടങ്ങി.

Advertisment