/sathyam/media/media_files/2025/10/29/salini-ambujakshan-2025-10-29-13-24-15.jpg)
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം രോഗി മരിച്ചെന്ന പരാതിയിൽ ഹൃദയാഘാതമാണ് മരണകാരണമെന്നു ആശുപത്രി അധികൃതർ.
ഗർഭാശയ സംബന്ധമായ പരിശോധനയ്ക്ക് എത്തിയ കോതനല്ലൂർ സ്വദേശി ശാലിനി അംബുജാക്ഷനാണ് മരിച്ചത്. ആശുപത്രിയുടെ വീഴ്ചയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആശുപത്രി സൂപ്രണ്ട് സമഗ്ര അന്വേഷണം നടത്താൻ ആഭ്യന്തര സമിതിയെ നിയോഗിച്ചു.
എന്നാൽ, പരിശോധനയ്ക്കിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയുടെ ഔദ്യോഗിക വിശദീകരണം. ഡിആൻഡ്സി പരിശോധനയ്ക്ക് മരുന്ന് നൽകിയതിന് പിന്നാലെ ശാലിനിയ്ക്ക് ആറ് തവണ ഹൃദയാഘാതമുണ്ടായെന്നും ഇതാണ് മരണകാരണമെന്നും ആശുപത്രി അധികൃതർ പറയുന്നു.
ഗർഭാശയ സംബന്ധമായ അസുഖത്തിന് ഒരു മാസം മുമ്പാണ് 49 കാരി ശാലിനി അംബുജാക്ഷൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സ തേടിയത്.
അന്ന് പ്രാഥമിക പരിശോധനകൾ നടത്തി. വിശദമായ ഡിആൻഡ്സി പരിശോധനയ്ക്കായി ഇക്കഴിഞ്ഞ ബുധനാഴ്ച എത്താൻ നിർദേശിച്ചു. മരുമകൾ മിഥിലയ്ക്കൊപ്പം ബുധനാഴ്ച പുലർച്ചെ ആശുപത്രിയിൽ എത്തി. ഏഴ് മണിയോടെ പരിശോധനയുടെ ഭാഗമായുള്ള മരുന്ന് നൽകി. പിന്നാലെ അബോധാവസ്ഥയിലായി.
സ്ഥിതി മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്കും വെന്‍റലേറ്ററിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അമിതമായി മരുന്ന് കൊടുത്തതാണ് ശാലിനിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലും കടുത്തുരുത്തി സ്റ്റേഷനിലും കുടുംബം പരാതി നൽകിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us