/sathyam/media/media_files/2025/10/31/cyber-crime-2025-10-31-16-27-56.jpg)
കോട്ടയം: പണിയെടുത്തു ജീവിക്കാന്‍ മടി, പെട്ടന്നു പണം സമ്പാദിക്കാൻ യുവാക്കള്‍ തിരഞ്ഞെടുക്കുന്നത് ഓണ്‍ലൈന്‍ തട്ടിപ്പിനു കൂട്ടു നില്‍ക്കുക എന്ന കുറുക്കു വഴി. പാലായില്‍ യുവാക്കള്‍ തട്ടിച്ചത് രണ്ടു കോടിയോളം രൂപയാണെന്നാണു ലഭിക്കുന്ന വിവരം.
ഓപ്പറേഷന്‍ 'സൈഹണ്ട്' എന്ന പേരില്‍ വിപുലമായ സൈബര്‍ പരിശോധനയുമായി ജില്ലാ സൈബര്‍ പോലീസ് രംഗത്തു വന്നിരുന്നു. 15 ഓളം കേസുകള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തു. ഒന്‍പതു പേര്‍ അറസ്റ്റിലായിരുന്നു.
അറസ്റ്റിലായവരില്‍ പാലാ സ്വദേശികളും ഉള്‍പ്പെടുന്നു.
പാലാ ചെത്തിമറ്റം സ്വദേശി അലന്‍ തോംസണ്‍, പുലിയന്നൂര്‍ സ്വദേശി മോഹനന്‍ പനയ്ക്കല്‍, ഹരികൃഷ്ണന്‍ കളപുരയ്ക്കച്ചാലില്‍ എന്നിവരാണു പാലാ പോലീസിന്റെ പിടിയിലായത്.
പ്രതികള്‍ നിരവധി പേരില്‍ നിന്നായി ഏകദേശം രണ്ടു കോടിയില്‍ അധികം രൂപ തട്ടിച്ചതായാണു ലഭിക്കുന്ന വിവരം. പ്രതികളെ ഇന്നു രാവിലെ പാലാ കോടതിയില്‍ ഹാജരാക്കി. പണം തിരിച്ചു പിടിക്കാനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്.
സൈബര്‍ തട്ടിപ്പ് കേസുകളിലെ പരാതിക്കാര്‍ക്കു നഷ്ടപ്പെട്ട പണം ചെക്ക് വഴിയോ എ.ടി.എം വഴിയോ പിന്‍വലിച്ചു തട്ടിപ്പുകാര്‍ക്കു സഹായം ചെയ്തു പ്രതിഫലം വാങ്ങിക്കുന്ന വിവിധ മ്യൂള്‍ ബാങ്ക് അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനു വേണ്ടി സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം എ.ഡി.ജി.പി സൈബര്‍ ഓപ്പറേഷന്റെ മേല്‍നോട്ടത്തില്‍ സൈഹണ്ട് എന്ന പേരില്‍ സംസ്ഥാനതൊട്ടാകെ നടത്തിയ വിപുലമായ സൈബര്‍ പരിശോധനയാണു നടന്നു വരുന്നത്.
കോട്ടയം സൈബര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ. ഹണി ദാസിന്റെ നേതൃത്വത്തിലുള്ള സൈബര്‍ വിദഗ്ധര്‍ ഓപ്പറേഷനു നേതൃത്വം നല്‍കിയത്. കോട്ടയം വെസ്റ്റ്, ഈസ്റ്റ്, ഏറ്റുമാനൂര്‍, ചങ്ങനാശേരി, ചിങ്ങവനം, വാകത്താനം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, രാമപുരം, വൈക്കം എന്നീ സ്റ്റേഷനുകളിലാണു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പരിശോധനകളും നടപടികളും ഉണ്ടാകും. സൈബര്‍ സാമ്പത്തിക തട്ടിപ്പുകാര്‍ക്കു സഹായകമാകും വിധം സ്വന്തം പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങി ഈ അക്കൗണ്ടുകള്‍ തട്ടിപ്പുകാര്‍ക്കു വാടകയ്ക്കു നല്‍കി പണം കൈപ്പറ്റുന്ന ആളുകളും ഇത്തരം കേസില്‍ പ്രതികള്‍ ആകും എന്നത് ഓര്‍ത്തിരിക്കണം.
സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയാവുകയോ, സംശയം തോന്നുകയോ ചെയ്താല്‍ എത്രയും പെട്ടെന്നു സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1930 ല്‍ വിളിക്കണമെന്നും പോലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us