കോട്ടയത്ത് കഴിഞ്ഞ തവണ കോൺഗ്രസിൽ നിന്നും പിടിച്ചുവാങ്ങി മത്സരിച്ച എട്ടിൽ ആറിടത്തും തോറ്റിട്ടും വീണ്ടും എട്ടിടത്തും സ്വയം പ്രഖ്യാപിത ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുമായി കേരള കോൺഗ്രസ്. 10 വർഷത്തിനിടെ 5 പാർട്ടി മാറിയ നേതാവും രംഗത്ത്. ജോസഫ് വിഭാഗത്തിന് 3 ഡിവിഷനുകൾ മാത്രം അനുവദിച്ചാൽ മതിയെന്ന് കോൺഗ്രസിൽ പൊതു വികാരം. കുറവിലങ്ങാട്, കാഞ്ഞിരപ്പള്ളി ഉൾപ്പെടെ തിരിച്ചെടുക്കണമെന്നും കോൺഗ്രസ്‌

പല ഡിവിഷനുകളിലും സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസില്‍ നിന്നുപോലും നേതാക്കളെ വലവീശിപിടിക്കാനായി നെട്ടോട്ടം ഓടുകയാണ് മോന്‍സ് ജോസഫ് ഉള്‍പ്പെടെയുള്ള ജോസഫ് വിഭാഗം നേതാക്കള്‍.

New Update
pj joseph monce joseph
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാകുന്നതിനു മുമ്പെ ഘടകകക്ഷികളും നേതാക്കളും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികളുമായി രംഗത്തിറങ്ങിയിരിക്കുന്നത് കോണ്‍ഗ്രസിന് തലവേദനയാകുന്നു.

Advertisment

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മുമ്പ് ഐക്യകേരള കോണ്‍ഗ്രസ് മല്‍സരിച്ച ജില്ലാ പ‍ഞ്ചായത്ത് ഡിവിഷനുകളില്‍ ഉള്‍പ്പെടെ പഴയ വാര്‍ഡുകളിലെല്ലാം ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിരിക്കുകയാണ്.


കോട്ടയത്ത് 3 ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ മാത്രം കേരള കോണ്‍ഗ്രസിന് നല്‍കിയാല്‍ മതിയെന്നതാണ് കോണ്‍ഗ്രസിലെ പൊതുവികാരം. എന്നാല്‍ കഴിഞ്ഞ തവണ മല്‍സരിച്ച 8 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും കേരള കോണ്‍ഗ്രസ് ലേബലില്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചാല്‍ നിഷ്പ്രയാസം ജയിക്കാന്‍ കഴിയുമായിരുന്ന കോട്ടയത്തെ ഉറപ്പായ 8 ഡിവിഷനുകള്‍ പിടിച്ചെടുത്ത് മല്‍സരിച്ച് അതില്‍ 6 ലും പരാജയപ്പെട്ട പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. കിടങ്ങൂരും അതിരമ്പുഴയും മാത്രമാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്.


ഐക്യ ജനാധിപത്യ മുന്നണിയുടെ ഉരുക്കു കോട്ടകളായ കുറവിലങ്ങാട്, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി ഡിവിഷനുകളിലെല്ലാം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വന്‍ പരാജയം ഏറ്റുവാങ്ങി. 


കേരള കോണ്‍ഗ്രസിന് 10 പാര്‍ട്ടിക്കാര്‍ പോലുമില്ലാത്ത ഡിവിഷനുകളില്‍ കോണ്‍ഗ്രസിന്‍റെ ചെലവില്‍ മെമ്പര്‍മാരെ സൃഷ്ടിച്ച് ഒടുവില്‍ അതു കാണിച്ച് നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനോട് വിലപേശാനാണ് ജോസഫ് വിഭാഗത്തിന്‍റെ നീക്കം. 

ജില്ലയിലെ ജയസാധ്യതയുള്ള പ്രധാന ഡിവിഷനുകള്‍ കേരള കോണ്‍ഗ്രസ് പിടിച്ചു വാങ്ങിയപ്പോള്‍ വൈക്കം, മുണ്ടക്കയം പോലുള്ള സാധ്യത കുറഞ്ഞ ഡിവിഷനുകളില്‍ മല്‍സരിച്ച് പരാജയപ്പെടുകയായിരുന്നു കോണ്‍ഗ്രസ്.


കഴിഞ്ഞ 10 വര്‍ഷത്തിനിടെ 5 പാര്‍ട്ടികളില്‍ മാറി മാറി 'സേവനം ചെയ്ത് ' മാസങ്ങള്‍ക്ക് മുമ്പ് ജോസഫ് വിഭാഗത്തില്‍ എത്തിച്ചേര്‍ന്ന മുന്‍ ജനപ്രതിനിധി വീണ്ടും സ്ഥാനാര്‍ഥി കുപ്പായവുമായി കാഞ്ഞിരപ്പള്ളിയില്‍ രംഗത്തിറങ്ങി കഴിഞ്ഞു. 


മറ്റൊരു സീറ്റില്‍ മല്‍സരിക്കാനായി രംഗത്തിറങ്ങിയിട്ടുള്ള ജോസഫ് വിഭാഗം നേതാവ് സ്ഥാനാര്‍ഥിയാകുമ്പോള്‍ ഏത് മുന്നണിയിലും ഏത് പാര്‍ട്ടിയിലും ആയിരിക്കുമെന്ന് ഇപ്പോഴും ഉറപ്പിച്ചിട്ടില്ല.

പല ഡിവിഷനുകളിലും സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസില്‍ നിന്നുപോലും നേതാക്കളെ വലവീശിപിടിക്കാനായി നെട്ടോട്ടം ഓടുകയാണ് മോന്‍സ് ജോസഫ് ഉള്‍പ്പെടെയുള്ള ജോസഫ് വിഭാഗം നേതാക്കള്‍.


ഇതോടെ ജോസഫ് വിഭാഗത്തിന് കഴിഞ്ഞ തവണ വിജയിച്ച കിടങ്ങൂര്‍, അതിരമ്പുഴ എന്നിവയ്ക്കു പുറമെ ഒരു ഡിവിഷന്‍ കൂടി മാത്രം അനുവദിച്ചാല്‍ മതിയെന്ന കടുത്ത നിലപാടിലാണ് കോണ്‍ഗ്രസ്.


കുറവിലങ്ങാട്, കാഞ്ഞിരപ്പള്ളി ഡിവിഷനുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചാല്‍ ജയസാധ്യത ഏറെയാണെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിന്.

ഇതോടെ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍ ജോസഫ് ഗ്രൂപ്പ് നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

Advertisment