തദ്ദേശപോര്. കോട്ടയം നഗരസഭയില്‍ മുന്നേറ്റം നടത്താന്‍ ബി.ജെ.പിയും. ഇക്കുറി കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിയുമെന്നു പ്രതീക്ഷ. എല്‍.ഡി.എഫും ബി.ജെ.പിയും കളം നിറഞ്ഞിട്ടും യു.ഡി.എഫിന് അനക്കമില്ല

52 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 22 ഉം എല്‍ഡിഎഫിന് 22 കൗണ്‍സിലര്‍മാരാണ് ഉള്ളത്.

New Update
images (1280 x 960 px)(503)

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം നഗരസഭയില്‍ മുന്നേറ്റം നടത്താന്‍ കളം നിറഞ്ഞു ബി.ജെ.പിയും.

Advertisment

എല്‍.ഡി.ഫിനു പിന്നാലെ ബി.ജെ.പിയും സജീവമായതോടെ കോട്ടയം നഗരസഭയില്‍ തെരഞ്ഞെടുപ്പു നടപടികള്‍ക്കു ചൂടു പിടിക്കുകയാണ്.

അതേസമയം, യു.ഡി.എഫാകട്ടേ ഇപ്പോഴും തമ്മിലടിയുമായി മുന്നോട്ടു പോവുകയാണ്.

വികസന മുരടിപ്പും അഴിമതിയും ജീവനക്കാരുടെയും ഭരണസമിതിയുടെയും വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ എല്‍.ഡി.എഫും ബി.ജെ.പിയും കളം നിറയുന്നത്.


പ്രവര്‍ത്തക കണ്‍വൻഷനുകള്‍ ബി.ജെ.പി. ആരംഭിച്ചു കഴിഞ്ഞു. പുതുതായി കൂടുതല്‍ പേരെ പാര്‍ട്ടിയിലേക്കു എത്തിക്കാനും ബി.ജെ.പി ശ്രമിക്കുന്നുണ്ട്.


52 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 22 ഉം എല്‍ഡിഎഫിന് 22 കൗണ്‍സിലര്‍മാരാണ് ഉള്ളത്.

ബി.ജെ.പി. ഏറെ പിന്നിലാണെങ്കിലും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നഗരസഭയിൽ വലിയ മുന്നേറ്റം നടത്താന്‍ ബി.ജെ.പിക്കു സാധിച്ചിട്ടുണ്ട്.  

നേട്ടം ഇരട്ടിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ ബി.ജെ.പിയുടെ പ്രവര്‍ത്തനം. സ്ഥാനാർഥി നർണയ ചർച്ചകളും ബി.ജെ.പിയിൽ സജീവമാണ്.

ഇടതു വലതു മുന്നണികളെ ഒരുപോലെ ബി.ജെ.പി കടന്നാക്രമിക്കുന്നു. കോട്ടയം നഗരസഭ രൂപീകരിച്ചതിനു ശേഷം നാളിതുവരെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് മുന്നണിയും, സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് മുന്നണിയുമാണ് നഗരസഭ ഭരിച്ചിരുന്നത്.

കഴിഞ്ഞ നാളുകളില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും എംഎല്‍എമാരും എംപിമാരും ഉണ്ടായിരുന്നിട്ട് പോലും കോട്ടയം നഗരസഭയ്ക്ക് വേണ്ടത്ര പ്രാധാന്യം വികസനത്തിന്റെ കാര്യത്തില്‍ നേടിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും,ആകെ ഉണ്ടായിരിക്കുന്നത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോടിക്കണക്കിന് രൂപ നഷ്ടപ്പെടുത്തി നഗരസഭയ്ക്ക് മുന്‍പില്‍ പണിതിരിക്കുന്ന ആകാശപാതയുടെ സ്മാരകം മാത്രമാണ് നിലവിലുള്ളതെന്നും ബി.ജെ.പി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍ കുറ്റപ്പെടുത്തുന്നു.


കോടിക്കണക്കിന് രൂപ മുതല്‍മുടക്കി കോടിമതയില്‍ പണിത അറവുശാലയുടെയും പച്ചക്കറി മാര്‍ക്കറ്റിന്റെയും പ്രവര്‍ത്തനം ഇന്നും കാര്യക്ഷമമായി നടത്താന്‍ സാധിക്കാത്തതും,വേണ്ട രീതിയില്‍ പണി തീര്‍ക്കാതെ മുറികള്‍ പച്ചക്കറി മാര്‍ക്കറ്റിന് തുറന്നു കൊടുക്കുകയും ചെയ്തത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കഴിവുകേടാണെന്നും ബി.ജെ.പി ആരോപിക്കുന്നു.


അതേസമയം, ആരോപണങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും യു.ഡി.എഫ് കാര്യമായ പ്രതികരണം നടത്തുന്നില്ല. നഗരസഭയില്‍ അധ്യക്ഷ ബിന്‍സിയും ഉപാധ്യക്ഷന്‍ ഗോപകുമാറും  കടുത്ത ഭിന്നതയിലാണ്.

എം.പി സന്തോഷ് കുമാര്‍ പക്ഷം ബിന്‍സിയോടൊപ്പമാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്കാണ് കോട്ടയം മണ്ഡലത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചുമതല.

കോണ്‍ഗ്രസിനുള്ളിലെ പടലപിണക്കം പരിഹരിക്കാനായില്ലെങ്കില്‍  കോട്ടയം നഗരസഭയിലെ കാല്‍ നൂറ്റാണ്ടിലെ ഭരണ തുടര്‍ച്ച യു.ഡി.എഫിന് അവസാനിപ്പിക്കേണ്ടി വരും.

Advertisment