/sathyam/media/media_files/2025/11/03/moideen-koya-k-k-2025-11-03-14-26-44.jpg)
കോട്ടയം: മുടങ്ങിക്കിടക്കുന്ന ശമ്പളവും ആനുകൂല്യവും കിട്ടുന്നില്ല, ആറ് വര്‍ഷത്തെ പ്രതിസന്ധി വിവരിച്ച് യു.എ.ഇ. എക്‌സ്‌ചേഞ്ചിലെ മലയാളി ജീവനക്കാരന്‍ കെ.കെ. മൊയ്ദീന്‍ കോയ.
17 വര്‍ഷത്തെ സര്‍വീസാണു മൊയ്ദീന്‍ കോയയ്ക്ക് യു.എ.ഇ. എക്‌സ്‌ചേഞ്ചില്‍ ഉള്ളത്. കരിയര്‍ ലൈഫിലെ ഒടുവിലത്തെ ആറ് വര്‍ഷങ്ങള്‍ പ്രതിസന്ധികളുടെ ഹിമാലയമായി തുടരുന്നുവെന്ന് മൊയ്ദീന്‍ പറയുന്നു.
യു.എ.ഇ. എക്‌സ്‌ചേഞ്ച്, അനിശ്ചിതത്വത്തില്‍ പെട്ടതോടെ ജീവിതം ആകെ തകിടം മറിഞ്ഞു. 2008 മുതല്‍ മീഡിയ റിലേഷന്‍സ് ഡയറക്ടര്‍ എന്ന തസ്തികയില്‍ നല്ല നിലയില്‍ ജോലിചെയ്തു വരവേയാണു കമ്പനി പ്രതിസന്ധിയിലായത്.
ഡോ. ബി.ആര്‍. ഷെട്ടിയുടെ ചുമതലയില്‍ ആയിരുന്നപ്പോള്‍ ഒരിക്കല്‍ പോലും ശമ്പളം മുടങ്ങിയിരുന്നില്ല. ദ ബെസ്‌ററ്റ് പേയ്മാസ്റ്റര്‍ എന്ന ഖ്യാതിയുള്ള കമ്പനി അന്നേവരെ അത് പാലിച്ചു പോന്നിരുന്നു.
യു.എ.ഇ.എക്‌സ്‌ചേഞ്ച്, എക്‌സ്പ്രസ് മണി ഉള്‍പ്പെടെ ഫിനാബ്ലര്‍ പി.എല്‍.സി ഗ്രൂപ്പില്‍ അന്നുണ്ടായിരുന്ന എല്ലാ കമ്പനികളും പുതുതായി വാങ്ങിയ ട്രാവലെക്‌സും ചേര്‍ത്ത് യൂനിമണി എന്ന പേരില്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ടപ്പോഴും ഞങ്ങള്‍ ജീവനക്കാര്‍ക്ക് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ഡോ. ഷെട്ടി സാറിന്റെ മേല്‍ക്കൈയിലുള്ള എന്‍. എം.സി. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പില്‍ ഉണ്ടായ പ്രതിസന്ധികള്‍ പിന്നീട് യൂനിമണി/ഫിനാബ്ലര്‍നെയും ബാധിച്ചതോടെ ഞങ്ങള്‍ വലിയ അനിശ്ചിതത്വത്തിലായി.
ഓഫീസുകള്‍ അടയുകയും ശമ്പളം മുടങ്ങുകയും ചെയ്തതോടെ വീട്ടുവാടകയും ചെലവുകളും ബാങ്ക് ലോണുകളുടെ തിരിച്ചടവും പ്രതിസന്ധിയിലായി. ഇതിനിടെ എന്റെയും കുടുംബത്തിന്റെയും വിസ പുതുക്കേണ്ട സമയമായിട്ടും അതിന് സാധിച്ചില്ല.
ഒടുവില്‍ പണം കടംവാങ്ങി സ്വന്തം ചിലവില്‍ വിസകള്‍ പുതുക്കാന്‍ എച്ച് ആർ ഡിപ്പാര്‍ട്‌മെന്റ് രേഖകള്‍ അടക്കം സാങ്കേതിക സഹായങ്ങള്‍ നല്‍കി. സ്ഥാപനം അപ്പോള്‍ യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ മോണിറ്ററിങ്ങില്‍ ആയിരുന്നു.
/filters:format(webp)/sathyam/media/media_files/2025/11/03/moideen-koya-kk-facebook-post-1-2025-11-03-14-24-10.jpg)
2020 മാര്‍ച്ച് മാസത്തിലാണ് ഫിനാബ്ലര്‍ പി.എല്‍.സിയുടെ പ്രവര്‍ത്തനം താളം തെറ്റിയത്. തുടര്‍ന്നുള്ള ഏതാനും മാസങ്ങളില്‍ പകുതി ശമ്പളമാണ് കിട്ടിയത്. പിന്നീട് പൂര്‍ണമായി നിലച്ചു. ഈ സമയത്തു തന്നെയാണ് കോവിഡ് 19 ന്റെ വ്യാപനം സംഭവിക്കുന്നതും എല്ലാ വഴികളും ഒന്നിച്ചടയുന്നതും. ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ തന്നെ ജോലി ചെയ്തിരുന്ന രണ്ടു മക്കള്‍ക്കും ജോലി നഷ്ടമായി.
/filters:format(webp)/sathyam/media/media_files/2025/11/03/moideen-koya-kk-facebook-post-2-2025-11-03-14-24-25.jpg)
2020 ഡിസംബര്‍ മാസത്തില്‍ ഫിനാബ്ലര്‍ കമ്പനി വിസ് ഫിനാന്‍ഷ്യല്‍ കണ്‍സോര്‍ഷ്യം ഏറ്റെടുത്തുവെന്ന് അറിഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ പ്രിസം ഗ്രൂപ്പ് എജി, അബുദാബി കേന്ദ്രമായ റോയല്‍ സ്ട്രാറ്റജിക് പാര്‍ട്ടണേഴ്‌സ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യം. വണ്‍ ഡോളര്‍ ഡീല്‍ എന്ന ഇടപാടിലൂടെ, യു.എ.ഇ. എക്‌സ്‌ചേഞ്ച് ഉള്‍പ്പടെ ഫിനാബ്ലര്‍ ഗ്രൂപ്പിലെ കമ്പനികള്‍ ഏറ്റെടുത്തത്.
ജീവനക്കാരായ ഞങ്ങളുടെ ശമ്പളബാക്കിയും ജോലി വിടുകയാണെങ്കില്‍ കിട്ടേണ്ടുന്ന എന്‍ഡ് ഓഫ് സര്‍വീസ് ആനുകൂല്യങ്ങളും ഉള്‍പ്പെടെ എല്ലാ ബാധ്യതകളും വിസ് ഫിനാന്‍ഷ്യല്‍ കണ്‍സോര്‍ഷ്യത്തിൻ്റെ ഉത്തരവാദിത്തത്തിലായിരിക്കുമെന്ന് എച്ച്ആര്‍. വിഭഗം പറഞ്ഞിരുന്നു.
കോവിഡ് രൂക്ഷമായതോടെ മൂന്ന് മാസത്തേക്ക് സ്വന്തം ചിലവില്‍ നാട്ടില്‍ പോയി തിരിച്ചുവരാമെന്നും വിസ, ടിക്കറ്റ് ഉള്‍പ്പെടെ ചിലവാകുന്ന പണം പിന്നീട് കമ്പനി തിരിച്ചുനല്‍കുമെന്നും അറിയിച്ചിരുന്നു. ഫിനാബ്ലര്‍ ഉടനെ പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നായിരുന്നു അവര്‍ പറഞ്ഞത്. അത്യാവശ്യജോലികള്‍ വര്‍ക്ക് ഫ്രം ഹോം രീതിയില്‍ ചെയ്യുന്നുണ്ടായിരുന്നു.
എന്നാല്‍ ആ കാത്തിരിപ്പ് ഇപ്പോഴും അനിശ്ചിതമായി തുടരുകയാണ്. ആദ്യമാദ്യം കൃത്യമായ കമ്മ്യൂണിക്കേഷന്‍ നല്‍കിയിരുന്ന എച്ച്.ആര്‍. വിഭാഗം ഇപ്പോള്‍ നിശബ്ദമാണ്. പല വഴികളിലൂടെയും ഞങ്ങളുടെ നിസഹായാവസ്ഥ അറിയിക്കാന്‍ ശ്രമിച്ചിട്ടും കണക്ഷന്‍ കിട്ടുന്നില്ല.
മറ്റൊരു ജോലി കണ്ടുപിടിക്കാന്‍ ഈ അറുപതാം വയസെത്തുമ്പോള്‍ എളുപ്പവുമല്ല. വിസയും ബാങ്ക് ലോണ്‍ അടവും ഒക്കെ മുടങ്ങിയതിനാല്‍ നിയമനടപടികളുടെ ഭീഷണിയും മറുവശത്തുണ്ട്.
ഞങ്ങളുടെ പ്രശ്‌നപരിഹാരത്തിന് ഏതെങ്കിലും ഒരു മാര്‍ഗം എവിടുന്നെങ്കിലും ഉയര്‍ന്നുവരുമെന്ന ചെറിയ പ്രതീക്ഷയിലാണ് ഈ വിഷയം സമൂഹമാധ്യമത്തിലൂടെ ഇപ്പോള്‍ പങ്കുവെക്കുന്നതെന്നും കെ.കെ. മൊയ്ദീന്‍ കോയ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ആയിരക്കണക്കിനു സഹപ്രവര്‍ത്തകര്‍ കൂടി ഇതേ പ്രയാസങ്ങള്‍ നേരിടുന്നുവെന്ന അറിവിലാണ് ഈ തുറന്നുപറച്ചിലെന്നും മൊയ്ദീന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us