/sathyam/media/media_files/2025/06/28/untitledtrain1-2025-06-28-08-43-21.jpg)
കോട്ടയം: വർക്കലയിൽ വെച്ച് പെൺകുട്ടികൾക്കു നേരെ ട്രെയിനിൽ നടന്ന അക്രമത്തിൻ്റെ പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും പരിശോധന ശക്തമാകുന്നു.
റെയിൽവേ സ്റ്റേഷനിൽ എത്തുന്നവരിൽ സംശയം തോന്നുന്നവരെ ബ്രെത്ത് അനലൈസർ ഉപയോഗിച്ചു പരിശോധിക്കും.
സ്പെഷൻ ഡ്രൈവ് മാതൃകയിലാകും പരിശോധന. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു.
ട്രെയിനും റെയില്‍വേ സ്റ്റേഷന്‍ പരിസരവും ലഹരിനിരോധിത മേഖലയാണ്. നിയമം ലംഘിച്ചാല്‍ 6 മാസം തടവോ 500 രൂപ പിഴയോ ഈടാക്കാം.
എന്നാല്‍, ട്രെയിനുകളില്‍ മദ്യപിച്ചു കയറുന്നവരും മദ്യക്കുപ്പികളില്‍ നിന്നു മാറ്റി ശീതളപാനീയങ്ങളുമായി കലര്‍ത്തി കൊണ്ടുപോകുന്നത് പതിവാണ്.
ആരെങ്കിലും മദ്യപിച്ചു കയറുന്നുണ്ടോ എന്നു സ്ഥിരമായി പരിശോധിക്കാറില്ല. ജീവനകാരുടെ കുറവാണ് കാരണം.
15 വര്‍ഷങ്ങള്‍ക്കു മുന്‍പ് എങ്ങനെയായിരുന്നോ ആര്‍പിഎഫിന്റെയും റെയില്‍വേ പോലീസിന്റെയും അംഗബലം, അതില്‍ നിന്ന് ഒരണു പോലും ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.
രാജ്യത്തെ അര്‍ദ്ധസൈനിക വിഭാഗങ്ങളുടെയും സംസ്ഥാന ഏജന്‍സികളുടെയും ആള്‍ബലം ക്രമേണ വര്‍ധിച്ചിട്ടും റെയില്‍വേ ഇക്കാര്യത്തില്‍ അലംഭാവം തുടരുകയാണ്.
ട്രെയിനിന്റെയും പാളങ്ങളുടെയും സ്റ്റേഷനുകളുടെയും എണ്ണം കൂടിയിട്ടും ജനങ്ങളുടെ സുരക്ഷയ്ക്ക് നിയോഗിക്കേണ്ടുന്ന സംവിധാനത്തോട് കടുത്ത അവഗണന തുടരുകയാണ്.
ഇനിയും ഒരിരയ്ക്ക് വേണ്ടി കാത്തിരിക്കും പോലെയുള്ള മാനസികനിലയിലാണ് കേന്ദ്ര ഭരണകൂടം പെരുമാറുന്നതെന്നു പ്രതിപക്ഷം ആരോപണം ഉയർത്തിയിരുന്നു.
ഇപ്പോൾ ആരംഭിച്ച നടപടികൾ ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമാക്കരുതെന്നാണ് ആവശ്യം. ദീര്‍ഘദൂര ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ എന്തും സംഭവിക്കാവുന്ന അവസ്ഥയാണെന്നു യാത്രക്കാര്‍ പറയുന്നു.
പല ദിവസങ്ങളിലും കാലുകുത്താന്‍പോലും ജനറല്‍ കോച്ചുകളില്‍ ഇടമുണ്ടാകാറില്ല. ട്രെയിനുകളില്‍ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിക്കാറില്ല.
തിരക്കേറിയാല്‍ സ്ലീപ്പര്‍ കോച്ചുകളുടെയും സ്ഥിതി ജനറല്‍ കോച്ചുകള്‍ക്കു സമാനമാണ്.
മദ്യപിച്ചു കയറുന്ന യാത്രക്കാര്‍ മാറ്റുള്ളവരോട് കയര്‍ക്കുന്നതും കശപിശയും ആക്രമണ സംഭവങ്ങളും പതിവാണ്. റിസര്‍വേഷന്‍ സീറ്റില്‍ പോലും ഇതര സംസ്ഥാന തൊഴിലാളികള്‍ കടന്നു കൂടുകയും മാറി കൊടുക്കാത്തതും പതിവാണ്.
ചോദ്യം ചെയ്താല്‍ മര്‍ദനം നേരിടേണ്ടിവരും. ഈ സ്ഥിതിക്കും മാറ്റം ഉണ്ടാകണമെന്നു യാത്രക്കാരും പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us