/sathyam/media/media_files/2025/11/06/untitled-design6-2025-11-06-14-04-27.png)
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയത്തിൽ കുറഞ്ഞൊന്നും യു.ഡി.എഫും കോൺഗ്രസും പ്രതീക്ഷിക്കുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ട്രയൽ റണ്ണായാണ് കോൺഗ്രസ് തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നൊരുക്കങ്ങൾ അച്ചടക്കത്തോടെ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന നിർദേശമാണ് എ.ഐ.സി.സി നേതൃത്വം കെ.പി.സി.സിക്കു നൽകിയത്. പതിവിനു വിപരീതമായി നാലു മാസം മുൻപു തന്നെ കോൺഗ്രസ് മുന്‍കൂട്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
എ.ഐ.സി.സിയുടെ കൃത്യമായ ഇടപെടലിനെ തുടർന്നാണിത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ ഇടപെടലിലാണ് എ.ഐ.സി.സി. സഹായം ഉറപ്പാക്കിയത്. കോര്‍പ്പറേഷനുകളില്‍ ബിജെപിയുടെ കടന്നുകയറ്റത്തിന് തടയിടുക എന്നതാണ് ദേശീയ നേതൃത്വം ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
വോട്ടർ പട്ടികയിൽ പേരുചേർക്കാൻ ഉൾപ്പെടെ എ.ഐ.സി.സി നേതൃത്വം കെ.പി.സി.സി.ക്ക് സഹായം നൽകിയിരുന്നു. ചരിത്രത്തിൽ ആദ്യമായായിരുന്നു ഇത്തരമൊരു നീക്കം. നാലു മാസം മുൻപു തന്നെ വാർഡ്, മണ്ഡലം പ്രസിഡന്റുമാർക്കുൾപ്പെടെ സഹായം നൽകി വോട്ടർ പട്ടികയിൽ പേരുചേർക്കൽ തുടങ്ങി.
തിരുവനന്തപുരം കോർപ്പറേഷനിൽ ശബരിയടക്കം ജനപ്രിയ യുവനേതാക്കളെ കളത്തിലിറക്കാൻ നിർദേശിച്ചത് കെ.സി വേണുഗോപാലാണ്. നാലു മാസം മുൻപു തന്നെ കെ.സി തൻ്റെ നിർദേശം ശബരിയെ അറിയിച്ചിരുന്നു.
ഇതനുസരിച്ച് മാസങ്ങൾക്കു മുൻപേ ശബരി കോർപ്പറേഷൻ ലക്ഷ്യംവച്ച് പ്രവർത്തനങ്ങൾ തുടങ്ങി. ഓരോ വാര്‍ഡിലും മത്സരിക്കാനുള്ള സ്ഥാനാര്‍ഥികളെ അടക്കം നേരത്തെ കണ്ടെത്തിയിരുന്നു. അതിനാലാണ് മറ്റ് പാര്‍ട്ടികള്‍ ചര്‍ച്ചകള്‍ ആരംഭിക്കും മുന്‍പേ പ്രധാന വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞത്.
ഇതോടെ, ഇക്കുറി വൻ മുന്നേറ്റം നടത്താൻ കോർപ്പറേഷനിൽ കോൺഗ്രസിന് സാധിക്കുമെന്നു വിലയിരുത്തപ്പെടുന്നു. ശബരിയുടെ നേതൃത്വത്തിൽ കോൺഗ്രസ് കളം പിടിച്ചതോടെ എൽ.ഡി.എഫ് ക്യാമ്പ് ആശങ്കയിലാണ്.
സമാനമായ രീതിയിൽ ജനപ്രിയമുഖങ്ങളെ എല്ലാ കോർപ്പറേഷനുകളിലും അണിനിരത്താനും എഐസിസി കെ.പി.സി.സി.ക്ക് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് ആദ്യ പട്ടിക ഉടനെ തന്നെ പ്രഖ്യാപിച്ച് കോൺഗ്രസ് കളംനിറഞ്ഞു.
തിരുവനന്തപുരത്ത് 71 സ്ഥാനാർഥികളെയും കൊല്ലത്ത് 13 പേരെയും ഉൾപ്പെടെ സ്ഥാനാർത്ഥിപ്പട്ടിക ആദ്യഘട്ടത്തില്‍ തന്നെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞത് .
ബാക്കി കോർപ്പറേഷൻ, മുനിസിപ്പാലിറ്റികളിലും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും കോൺഗ്രസിൻ്റെ പട്ടിക ഉടൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ പ്രഖ്യാപനത്തോടെതന്നെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ വ്യക്തമായ മേൽക്കൈ നേടാൻ കോൺഗ്രസിന് സാധിച്ചിട്ടുണ്ട്. ജനപ്രീതിയുള്ള യുവനേതാക്കൾ, വനിതകൾ, വിദ്യാർത്ഥി നേതാക്കൾ തുടങ്ങിയവര്‍ക്കാണ് കോൺഗ്രസ് മുൻഗണന നൽകുന്നത്.
ഓരോ കോര്‍പ്പറേഷനുകളിലും ഏകോപിപ്പിക്കാൻ മുതിർന്ന നേതാക്കൾ കൂടി ഉള്ളപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച മേൽക്കൈ തദ്ദേശ തെരഞ്ഞെടുപ്പിലും തുടരാൻ കോൺഗ്രസിനും യു.ഡി.എഫിനും സാധിക്കുമെന്നാണ് പ്രതീക്ഷ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us