/sathyam/media/media_files/2025/11/07/thara-thelickal-2025-11-07-17-07-38.jpg)
കോട്ടയം: ശബരിമല മണ്ഡല- മകരവിളക്ക് കാലത്തു ഭക്തര്‍ക്കു സുരക്ഷിത യാത്രയൊരുക്കാന്‍ ശബരിമല കാനന പാതയില്‍ താരതെളിക്കലിനു തുടക്കമായി.
പരമ്പരാഗത കാനനപാതയായ അഴുതക്കടവ് മുതല്‍ പമ്പ വരെ കാനനപാതിയില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനെയാണ് താരതെളിക്കല്‍ എന്നു പറയുന്നത്.
പെരിയാര്‍ ടൈഗര്‍ റിസര്‍വ് വെസ്റ്റ് ഡിവിഷനില്‍ ഉള്‍പ്പെടുന്ന അഴുതക്കടവ് മുതല്‍ പമ്പ വരെ കാനനപാത തെളിക്കല്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വ് വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സന്ദീപ് ഉദ്ഘാടനം ചെയ്തു.
വനം വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ സ്വാമി അയ്യപ്പ പൂങ്കാവന പുനരുദ്ധാരണ ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റിയംഗങ്ങളാണ് കാനനപാത തെളിക്കുന്നത്.
പമ്പ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.കെ. മുകേഷ്, മുക്കുഴി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ജയപ്രകാശ്, കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ജോഷി ആന്റണി, എം.കെ. ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
ഇക്കുറി കാനന പാതയിലൂടെ എത്തുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. എരുമേലി മുതല്‍ സന്നിധാനം വരെ 35 കിലോമീറ്ററാണുള്ളത്.
ഇതില്‍ 25 കിലോമീറ്ററും വനത്തിനുള്ളിലൂടെയാണ്. കോഴിക്കാല്‍ കടവ് മുതല്‍ അഴുതക്കടവ് വരെയുള്ള ഏഴു കിലോമീറ്റര്‍ റിസര്‍വും അഴുതക്കടവ് മുതല്‍ പമ്പവരെയുള്ള 18 കിലോമീറ്റര്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വും ഇതില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ തീര്‍ഥാടന കാലത്ത് തമിഴ്‌നാട് ആന്ധ്ര മേഖലകളിലുള്ള തീര്‍ഥാടകര്‍ ഉള്‍പ്പടെ നിരവധി പേരാണു കാനനപാതയിലൂടെ എത്തി ദര്‍ശനം നടത്തിയത്.
കഴിഞ്ഞ തീര്‍ഥാടന കാലത്തു പരമ്പരാഗത കാനനപാത വഴി എത്തുന്ന തീര്‍ഥാടകര്‍ക്കു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ദര്‍ശനത്തിനുള്ള പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയതിനു വിലയ സ്വീകാര്യത ലഭിച്ചിരുന്നു. ക്ഷേത്രത്തിലെ നീണ്ട ക്യൂ ഒഴിവാക്കി എരുമേലിയിലും പുല്ലുമേട്ടിലും തീര്‍ഥാടകര്‍ക്ക് പ്രത്യേക പ്രവേശന പാസ് നല്‍കുകയായിരുന്നു.
വനംവകുപ്പിന്റെ സഹകരണത്തോടെ കാനനപാതയിലൂടെ സഞ്ചരിക്കുന്ന തീര്‍ഥാടകര്‍ക്കു പ്രത്യേക ടാഗുകള്‍ നല്‍കും. ഈ ടാഗുകള്‍ പുല്ലുമേട്ടില്‍ നിന്നും എരുമേലിയില്‍ നിന്നും കാനന പാതയിലൂടെ എത്തുന്ന ഭക്തര്‍ക്കു പ്രത്യേക ക്യൂവിനു സൗകര്യമൊരുക്കും, ഇതു നടപന്തലില്‍ കൂടുതല്‍ സൗകര്യപ്രദമായ ദര്‍ശന അനുഭവം തീര്‍ഥാടകര്‍ക്കു സാധ്യമാക്കിയുന്നു.
ഇതോടെ കൂടുതല്‍ പേര്‍ കാനനപാത വഴി എത്തി. ഇക്കുറിയും കാനനപാതവഴി സമാന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുമെന്നാണു പ്രതീക്ഷിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us