കോട്ടയം മെഡിക്കല്‍ കോളജില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്ന കുറവ് പരിഹരിക്കാന്‍ തീരുമാനം. ഗൈനക്കോളജി ഡോക്ടര്‍മാരെ നിയമിക്കും. നിയമയിക്കുക സീനിയര്‍ റസിഡന്റായി കരാര്‍ അടിസ്ഥാനത്തില്‍. ഡോക്ടര്‍മാരുടെ കുറവു കാരണം വിഭാഗത്തിലെ ഒ.പി സമയം പോലും വെട്ടിക്കുറയ്ക്കാന്‍ ആലോചിച്ചിരുന്നു. ധനപ്രതിസന്ധി ചൂണ്ടിക്കാട്ടി പുതിയ തസ്തിക അനുവദിക്കാതെ സര്‍ക്കാര്‍

കാലങ്ങളായി ഡോക്ടര്‍മാരുടെ കുറവുമൂലം ഉള്ള ഗൈനക്കോളജി വിഭാഗത്തിന്റെ ദുരിതം ഒരു പരിധിവരെ പരിഹാരം കാണുവാന്‍ ഈ നിയമനത്തിലൂടെ കഴിയുമെന്നാണു പ്രതീക്ഷ.

New Update
kottayam medical college

കോട്ടയം: മധ്യകേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയാണ് കോട്ടയം മെഡിക്കല്‍ കോളജ്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നടക്കം ആയിരക്കണക്കിന് ആളുകളാണ് ചികിത്സ തേടി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് എത്തുന്നത്.

Advertisment

എന്നാല്‍, മിക്ക വിഭാഗങ്ങളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്നതു രോഗികളെ ഏറെ വിഷമിപ്പിക്കുന്ന ഒന്നാണ്.

നിലവിലുള്ള ഡോക്ടര്‍മാരെ ഇരട്ടി ജോലിക്കും ഇതു കാരണമാകുന്നു. പ്രതിസന്ധിക്കിടെ  ഗൈനക്കോളജി വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ താല്‍ക്കാലിക നടപടിക്കു അധികൃതര്‍ തയാറാവുകയാണ്.


അസിസ്റ്റന്റ് പ്രഫസര്‍ യോഗ്യതയുള്ള ഡോക്ടര്‍മാരെ സീനിയര്‍ റസിഡന്റായി കരാര്‍ അടിസ്ഥാനത്തില്‍ ആണു നിയമിക്കാന്‍ തീരുമാനം. താല്‍പര്യമുള്ള ഗൈനക്കോളജിസ്റ്റുകള്‍ കോട്ടയം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.


കാലങ്ങളായി ഡോക്ടര്‍മാരുടെ കുറവുമൂലം ഉള്ള ഗൈനക്കോളജി വിഭാഗത്തിന്റെ ദുരിതം ഒരു പരിധിവരെ പരിഹാരം കാണുവാന്‍ ഈ നിയമനത്തിലൂടെ കഴിയുമെന്നാണു പ്രതീക്ഷ.

ഈ വിഭാഗത്തില്‍ മുന്‍പ് മുതലേ 18 പേര്‍ വേണ്ട സ്ഥാനത്ത്  7 ഡോക്ടര്‍മാര്‍ മാത്രമാണ് ഉള്ളത്. ഇത് ചികിത്സയെ ബാധിച്ചിരുന്നു.

കോടതി നടപടികളെ തുടര്‍ന്ന് വര്‍ഷങ്ങളായി നിയമനം നടക്കുന്നില്ല. തുടര്‍ന്ന് ഈ വിഭാഗത്തിലെ ഒ.പി സമയം പോലും വെട്ടിക്കുറയ്ക്കാന്‍ ആലോചിച്ചിരുന്നു. സ്ഥിരമായ പ്രശ്നപരിഹാരത്തി നായി ഡി.എം.ഇ തലത്തില്‍ നീക്കവും തുടങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി

അതേസമയം, കോട്ടയം മെഡിക്കല്‍ കോളജില്‍ മതിയായ ഡോക്ടേഴ്‌സ് ഇല്ലാത്തതിനാല്‍ ന്യൂറോ വിഭാഗത്തില്‍ ഉള്‍പ്പെടെ ശസ്ത്രക്രിയ മുടങ്ങുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്.

ന്യൂറോ, കാര്‍ഡിയോളജി, മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ മതിയായ ഡോക്ടര്‍മാര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ഇല്ല.

ശസ്ത്രക്രിയകള്‍ക്ക് കാലതാമസം വരുന്ന അവസ്ഥയും ഇവിടെയുണ്ട്. ഇതിനു ആരോഗ്യവകുപ്പ് തീരുമാനമെടുത്തിട്ടില്ല.


അതേസമയം, കരാര്‍ വ്യവവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നത് ഒഴിവാക്കി സ്ഥിരം നിയമനം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 


എന്നാല്‍, ധന പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനമന്ത്രാലയം അനുമതി നല്‍കിയിട്ടില്ല.

മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ നിയമനത്തെച്ചൊല്ലി ആരോഗ്യ-ധനമന്ത്രിമാര്‍ തമ്മില്‍ കഴിഞ്ഞ ദിവസം തര്‍ക്കം ഉണ്ടായിരുന്നു.

പുതിയതായി ആരംഭിച്ച കാസര്‍കോട്, വയനാട്, ഇടുക്കി, കോന്നി മെഡിക്കല്‍ കോളജുകളിലായി 180 ഡോക്ടര്‍മാരെ നിയമിക്കാനുള്ള മന്ത്രി വീണാജോര്‍ജിന്റെ ആവശ്യത്തിന് ധനവകുപ്പ് ഉടക്കിട്ടതോടെ തര്‍ക്കം  മന്ത്രിസഭായോഗത്തിലേക്കും നീളുകയായിരുന്നു.

രണ്ടിടങ്ങളിലേക്ക് 30 തസ്തിക മാത്രം അനുവദിക്കാനുള്ള ധനവകുപ്പിന്റെ നിലപാടില്‍ മന്ത്രി വീണാ ജോര്‍ജ് ക്ഷുഭിതയായി.

സാമ്പത്തികപ്രതിസന്ധി കാരണം കൂടുതല്‍ തസ്തിക അനുവദിക്കാനാവില്ലെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കിയതോടെ, ഇരുവരും തമ്മില്‍ തര്‍ക്കമായി.

ഒടുവില്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ചീഫ് സെക്രട്ടറി എ. ജയതിലകിനെ ചുമതലപ്പെടുത്തി.

നാലു മെഡിക്കല്‍ കോളജുകളിലുമായി 180 ഡോക്ടര്‍ തസ്തിക ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി മാസങ്ങള്‍ക്കു മുന്‍പേ ധനവകുപ്പിനു കത്തയച്ചിരുന്നു.


എന്നാല്‍, കാസര്‍കോട്, വയനാട് മെഡിക്കല്‍ കോളജുകളില്‍ 30 തസ്തിക സൃഷ്ടിക്കാമെന്ന ധനവകുപ്പ് തീരുമാനമാണ് ആരോഗ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. 


തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നുള്ള 34 ഡോക്ടര്‍മാരെ ഇടുക്കി, കോന്നി മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റാമെന്നായി ധനമന്ത്രിയുടെ നിലപാട്.

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ താങ്ങാവുന്നതിലേറെ രോഗികള്‍ വരുന്നുണ്ടെന്നും അവിടെയുള്ള ഡോക്ടര്‍മാരെ മാറ്റിയാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റുമെന്നും മന്ത്രി വീണാ ജോര്‍ജ് വാദിച്ചു.

നാലിടത്തും എംബിബിഎസ് പഠനവും നടക്കുന്നതിനാല്‍, 180 തസ്തികതന്നെ വേണമെന്നും മന്ത്രി വ്യക്തമാക്കി. ചീഫ് സെക്രട്ടറിയെ നിയോഗിച്ചെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതിനാല്‍, പരിഹാരം നീളുമെന്നാണ് ആശങ്ക.

Advertisment