/sathyam/media/media_files/2025/04/19/iAfg9Vl9PfnbxBPA1kNM.jpg)
കോട്ടയം: ജീവിതശൈലീരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് അമേരിക്കയില്‍ കുടിയേറുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നവര്‍ക്കു തിരിച്ചടി.
കുടുംബത്തെ കൊണ്ടുപോകുന്നതിലടക്കം പ്രതിസന്ധി നേരിടും. പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവ ഉള്ളവര്‍ക്കു വിസ നിഷേധിക്കാമെന്നാണു സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പുറത്തുവിട്ട മാര്‍ഗനിര്‍ദേശങ്ങളിലുള്ളത്.
എല്ലാതരം വിസക്കാരെയും ഉദ്ദേശിച്ചുള്ളതാണ് മാര്‍ഗനിര്‍ദേശങ്ങള്‍ എങ്കിലും സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നവരെയാകും ഇതു പ്രധാനമായും ലക്ഷ്യംവെക്കുകയെന്നാണു വിദഗ്ധര്‍ പറയുന്നത്.
ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ അമേരിക്കന്‍ സര്‍ക്കാരിനു ബാധ്യതയായേക്കാമെന്നും പൊതുവിഭവങ്ങള്‍ ചോര്‍ത്തിയേക്കാമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു ട്രംപിന്റെ പുതിയ നീക്കം.
അമേരിക്കന്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അയച്ചുവെന്നുമാണു റിപ്പോര്‍ട്ടുകള്‍.
സാംക്രമിക രോഗങ്ങള്‍, വാക്‌സിനേഷന്‍ ചരിത്രം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ നേരത്തേതന്നെ വിസ പൂര്‍ത്തീകരണ പ്രക്രിയയില്‍ പരിശോധിക്കാറുണ്ട്. പുതിയ മാര്‍ഗനിര്‍ദേശം കൂടി വന്നതോടെ ഈ പട്ടികയിലേക്കു പുതിയ രോഗങ്ങള്‍ കൂടി പരിശോധിക്കപ്പെടും.
വിസ അപേക്ഷിക്കുന്നയാളുടെ ആരോഗ്യം കൂടി കണക്കിലെടുക്കണമെന്നും ലക്ഷക്കണക്കിനു ഡോളര്‍ ചികിത്സാചെലവു വരുന്ന ഹൃദ്രോഗങ്ങള്‍, ശ്വാസകോശ പ്രശ്‌നങ്ങള്‍, കാന്‍സര്‍, പ്രമേഹം, നാഡീസംബന്ധമായ തകരാറുകള്‍ തുടങ്ങിയവയ്ക്കുള്ള സ്‌ക്രീനിങ് നടത്തിയിരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
അപേക്ഷകര്‍ ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ പ്രാപ്തിയുള്ളവരാണോ എന്ന് വിസാ ഓഫീസര്‍മാര്‍ പരിശോധിക്കുകയും വേണം. ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ വന്നാല്‍ സര്‍ക്കാര്‍ സഹായം തേടാതെ ജീവിതകാലമുടനീളം ചെലവ് വഹിക്കാനുള്ള സാമ്പത്തികാവസ്ഥ അപേക്ഷകനുണ്ടോ എന്നതാണു പരിശോധിക്കേണ്ടത്.
ഇതുകൂടാതെ മക്കള്‍, മാതാപിതാക്കള്‍ തുടങ്ങി അപേക്ഷകനെ ആശ്രയിച്ചു കഴിയുന്നവര്‍ക്കു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും വൈകല്യങ്ങളും ഉണ്ടോയെന്നതും പരിശോധിക്കണമെന്നു നിര്‍ദേശമുണ്ട്. ഇതോടെ വിസാ നടപടികള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ തന്നെ വന്‍ തുക ചെലവഴിക്കേണ്ടി വരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us