/sathyam/media/media_files/j5lMhGObqAbF9wbjkZ2T.jpg)
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതോടെ അരയും തലയും മറുക്കി മുന്നണികള്‍. സീറ്റു വിഭജനത്തില്‍ തര്‍ക്കമുള്ളയിടങ്ങളില്‍ അതിവേഗം തീരുമാനത്തിലേക്ക് എത്താന്‍ മുന്നണി നേതൃത്വങ്ങള്‍ നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് എല്‍.ഡി.എഫും യു.ഡി.എഫും സീറ്റുവിഭജനം 75 ശതമാനം പൂര്‍ത്തിയാക്കി. എന്‍.ഡി.എയും അവസാനവട്ട തയാറെടുപ്പുകളിലാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ മൂന്നാംഘട്ട സ്ഥാനാര്‍ഥികളെ യു.ഡി.എഫ് കഴിഞ്ഞ ദിവസം യു.ഡി.എഫ്. പ്രഖ്യാപിച്ചിരുന്നു.
ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ ഉണ്ടെങ്കിലും എ.ഐ.സി.സിയുടെ മേല്‍നോട്ടം ഉണ്ടെന്നതിനാല്‍ യു.ഡി.എഫില്‍ കാര്യങ്ങള്‍ സ്മൂത്തായാണു നടക്കുന്നത്. കേരളാ കോണ്‍ഗ്രസും മുസ്ലീം ലീഗും കൂടുതല്‍ സീറ്റുകള്‍ വേണമെന്നതില്‍ കടുംപിടുത്തം തുടരുകയാണ്. ഇതോടെ അധികമായി രൂപീകരിച്ച വാര്‍ഡുകളിലോ കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകളിലോ വിട്ടുവീഴ്ച ചെയ്യേണ്ടി വരും.
എല്‍.ഡി.എഫിലും രണ്ടു മാസങ്ങള്‍ക്കു മുന്‍പു തന്നെ സീറ്റു വിഭജന ചര്‍ച്ചകള്‍ക്കു തുടക്കമിട്ടിരുന്നു. കുറച്ചു സീറ്റുകളില്‍ മാത്രമാണു തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത്. ഇവ ഉടന്‍ പൂര്‍ത്തിയാക്കും.
മധ്യകേരളത്തില്‍ കേരളാ കോണ്‍ഗ്രസിനെ അനുഭാവപൂര്‍വം പരിഗണിച്ചാണ് എല്‍.ഡി.എഫില്‍ സീറ്റു വിഭജനം പൂര്‍ത്തായാക്കുന്നത്. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ തട്ടകമായ കോട്ടയത്തും കേരളാ കോണ്‍ഗ്രസിനു ചോദിച്ച സീറ്റുകള്‍ നല്‍കാന്‍ എല്‍.ഡി.എഫ് തയാറായി. സി.പി.ഐയും സീറ്റു വിഭജനത്തിന്റെ പേരില്‍ കാര്യമായ പ്രതിഷേധങ്ങള്‍ സൃഷ്ടിച്ചിട്ടില്ല.
എന്‍.ഡി.എയിലും അതിവേഗം സ്ഥാനാര്‍ഥി നിര്‍ണയും പൂര്‍ത്തിയാകുന്നുണ്ട്. ഘടക കക്ഷിയായ ബി.ഡി.ജെ.എസ് സജീവമല്ലാത്തതാണ് എന്‍.ഡി.എയ്ക്കു തിരിച്ചടി. കൂടുതല്‍ സീറ്റുകള്‍ ബി.ഡി.ജെ.എസ് ചോദിച്ചിട്ടുണ്ടെങ്കിലും ബി.ജെ.പി ആവശ്യം അംഗീകരിച്ചിട്ടില്ല.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ബി.ഡി.ജെ.എസ്. സംഘടനാ സംവിധാനം നിര്‍ജീവമാവുകയായിരുന്നു. ഇതില്‍ ബി.ജെ.പിക്കു കുടത്ത അതൃപതിയുണ്ട് ഇക്കുറി കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ പിടിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണു ബി.ജെ.പി നടത്തിവരുന്നത്.
മൂന്നു മുന്നണികളിലും യുവാക്കള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള സ്ഥാനാര്‍ഥി നിര്‍ണയമാണു നടക്കുന്നത്. കഴിഞ്ഞ തവണ നിര്‍ബന്ധിച്ചു വീടുകളില്‍ നിന്നു പിടിച്ചിറക്കിയ വനിതകളില്‍ പലരും ഇത്തവണ സീറ്റുറപ്പിക്കാന്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്.
വാര്‍ഡ് ജനറലാണെങ്കിലും കുഴപ്പമില്ലെന്ന നിലപാടുള്ളവരുമുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ വനിതാ അധ്യക്ഷ പദവിയോ ഉപാധ്യക്ഷ പദവിയോ ലക്ഷ്യമിട്ടാണു സീനിയര്‍ വനിതകള്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.
അതേസമയം സംവരണ വാര്‍ഡുകളിലെ സ്ഥാനാര്‍ഥി നിര്‍ണയം മുന്നണികള്‍ക്കു കീറാമുട്ടിയാണ്. പല സംവരണ വാര്‍ഡുകളിലേക്കും ഇനിയും ആളെ കണ്ടെത്താന്‍ മുന്നണികള്‍ക്കു സാധിച്ചിട്ടില്ല.
ഡിസംബര്‍ ഒമ്പത്, 11 തീയതികളിലായി രണ്ടു ഘട്ടമായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒമ്പതിനു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 11ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു വരെയാണു വോട്ടെടുപ്പ്.
നവംബര്‍ 14ന് വിജ്ഞാപനം പുറപ്പെടുവിക്കും. ഡിസംബര്‍ 13ന് വോട്ടെണ്ണല്‍ നടക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയം നവംബര്‍ 21നാണ്. സൂക്ഷ്മപരിശോധന നവംബര്‍ 22 ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us