/sathyam/media/media_files/2025/11/01/pj-joseph-monce-joseph-2025-11-01-19-47-09.jpg)
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില്‍ തട്ടി കോണ്‍ഗ്രസ് - കേരള കോണ്‍ഗ്രസ് (ജോസഫ്) ബന്ധം ഉലയുന്നു. ഐക്യ കേരള കോണ്‍ഗ്രസിന്‍റെ കാലത്ത് ഒരു ജില്ലാ പഞ്ചായത്ത് സീറ്റില്‍ മാത്രം മല്‍സരിച്ച കേരള കോണ്‍ഗ്രസ് ഇപ്പോള്‍ 8 ജില്ലാ പഞ്ചായത്ത് സീറ്റുകള്‍ക്കു വേണ്ടി നിര്‍ബന്ധം പിടിക്കുന്നതാണ് കോണ്‍ഗ്രസിനെ അലട്ടുന്നത്.
ഒന്നിനു പകരം 4 എന്നതാണ് കോണ്‍ഗ്രസ് മുന്നോട്ടു വയ്ക്കുന്നതെങ്കിലും 8 ഡിവിഷനുകളിലും സ്ഥാനാര്‍ഥികളെ തിരഞ്ഞ് രംഗത്തിറങ്ങിയിരിക്കുകയാണ് കേരള കോണ്‍ഗ്രസ്.
മല്‍സരിക്കാന്‍ 8 ഡിവിഷനുകള്‍ ഉണ്ടെങ്കിലും അവിടെ മല്‍സരിക്കാന്‍ സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി മോഹികളെ പോലും വലവീശി പിടിച്ച് പാര്‍ട്ടിയിലെത്തിച്ച് സ്ഥാനാര്‍ഥിയാക്കാനുള്ള പുറപ്പാടിലാണ് കേരള കോണ്‍ഗ്രസ്.
ഒരു ഓട്ടോറിക്ഷയില്‍ കയറ്റാനുള്ള പ്രവര്‍ത്തകര്‍ പോലും ഓരോ ഡിവിഷനിലും കേരള കോണ്‍ഗ്രസിനില്ലെന്നതാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. പക്ഷേ മോന്‍സ് ജോസഫ് എംഎല്‍എ സീറ്റിന്‍റെ കാര്യത്തില്‍ ഒരു നീക്കുപോക്കിനും തയ്യാറുമല്ല. ഇതോടെ രണ്ടാഴ്ചയായി തുടരുന്ന സീറ്റ് ചര്‍ച്ചകള്‍ തീരുമാനമാകാതെ നീളുകയാണ്.
ജില്ലയിലെ ഒന്നാമത്തെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് മല്‍സരിക്കുന്നതിന്‍റെ പകുതിയിലേറെ സീറ്റുകളാണ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്.
കോണ്‍ഗ്രസിന്‍റെ പിന്തുണയില്‍ മോന്‍സ് ജോസഫ് വിജയിച്ചുകയറുന്ന കടുത്തുരുത്തിയില്‍ പോലും മോന്‍സിന്‍റെ വ്യക്തിപരമായ വോട്ടുകളല്ലാതെ കേരള കോണ്‍ഗ്രസ് പാര്‍ട്ടി എന്ന നിലയില്‍ 500 പവര്‍ത്തകര്‍ പോലും ഇല്ലെന്നാണ് ആക്ഷേപം.
എന്നിട്ടും 8 സീറ്റുകള്‍ എന്നതില്‍ വിട്ടുവീഴ്ചയ്ക്ക് മോന്‍സ് ജോസഫ് തയ്യാറല്ല. ഈ നിലയില്‍ കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്യാനാണ് നീക്കമെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ മോന്‍സിന് മറുപടി നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പ് കോണ്‍ഗ്രസിന് ജില്ലാ നേതൃത്വം നല്‍കി കഴിഞ്ഞു.
കോട്ടയത്ത് അണികള്‍ ഇല്ലാതിരുന്നിട്ടും പാര്‍ലമെന്‍റിലേയ്ക്ക് ഫ്രാന്‍സിസ് ജോര്‍ജിന് സീറ്റ് നല്‍കിയപ്പോള്‍ തന്നെ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടില്ലെന്ന് പിജെ ജോസഫ് ഉള്‍പ്പെടെ ഉറപ്പ് നല്‍കിയതാണ്.
പക്ഷേ ഇപ്പോള്‍ അതെല്ലാം മറന്നാണ് ജോസഫ് വിഭാഗത്തിന്‍റെ പോക്ക്. മുന്നണി ബന്ധത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് കോണ്‍ഗ്രസ് നേതാക്കള്‍ മൗനം പാലിക്കുന്നത്.
കോണ്‍ഗ്രസ് നിന്നാല്‍ ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റുകള്‍ പോലും പിടിച്ചെടുത്ത് സ്ഥാനാര്‍ഥികളെ തപ്പിപ്പെറുക്കി മല്‍സരിപ്പിച്ച് ജയസാധ്യത ഇല്ലാതാക്കുന്നു എന്നതാണ് കോണ്‍ഗ്രസിന്‍റെ പരാതി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us