തദ്ദേശ തെരഞ്ഞെടുപ്പ്... കോട്ടയത്തെ നഗരസഭകള്‍ ആര്‍ക്കൊപ്പം.. അട്ടിമറി നടത്താന്‍ എല്‍ഡിഎഫ്. ഉള്ളതു പോകുമോയെന്ന് ആശങ്കപ്പെട്ടു യുഡിഎഫ്. നേട്ടം ഇരട്ടിപ്പിക്കാന്‍ എന്‍ഡിഎ

അഴിമതിയും വികസന മുരടിപ്പും മാലിന്യ പ്രശ്‌നങ്ങളും തെരുവുനായ ശല്യവും ചര്‍ച്ചയാകുമ്പോള്‍ നഗരസഭകള്‍ എതു മുന്നണിക്കൊപ്പം നില്‍ക്കും എന്നതില്‍ ആര്‍ക്കും ഒരു ഉറപ്പും പറയാന്‍ സാധിക്കില്ല. 

New Update
election kottayam
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: കോട്ടയത്തെ ആറു നഗരസഭകള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പം നില്‍ക്കും.. ആറില്‍ നാലിടത്തും യു.ഡി.എഫാണു ഭരിക്കുന്നത്. 

Advertisment

പാലായിലും ചങ്ങനാശേരിയിലും എല്‍.ഡി.എഫും. ഇക്കുറി കാര്യങ്ങള്‍ മാറി മാറിയുമെന്നുറപ്പാണ്. അഴിമതിയും വികസന മുരടിപ്പും മാലിന്യ പ്രശ്‌നങ്ങളും തെരുവുനായ ശല്യവും ചര്‍ച്ചയാകുമ്പോള്‍ നഗരസഭകള്‍ എതു മുന്നണിക്കൊപ്പം നില്‍ക്കും എന്നതില്‍ ആര്‍ക്കും ഒരു ഉറപ്പും പറയാന്‍ സാധിക്കില്ല. 

എങ്കിലും രാഷ്ട്രീയ പോരു കടുക്കുക കോട്ടയം നഗരസഭയിലാണ്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്നവയുടെ പട്ടികയില്‍ കോട്ടയം നഗരസഭയുണ്ട്. 


പക്ഷേ, ഇത്രയും മോശം ഭരണം നടക്കുന്ന നഗരസഭയും വേറെ കാണില്ല. ജീവനക്കാരന്‍ പെന്‍ഷന്‍ ഫണ്ടില്‍ നിന്നു കോടികള്‍ തട്ടിച്ചു, നാലു ദിവസം കെണ്ടു സാധിക്കാവുന്ന കാര്യങ്ങള്‍ ആറു മാസമായാലും നഗരസഭയില്‍ നടത്തിക്കിട്ടില്ല.


യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയില്‍ അധ്യക്ഷയും ഉപാധ്യക്ഷയും തമ്മില്‍ പൊരിഞ്ഞ പോര്. എന്നിങ്ങനെ യു.ഡി.എഫില്‍ തന്നെ തമ്മിലടിയാണ്. 

അഞ്ചു വര്‍ഷക്കാലത്തു കൊള്ളാവുന്ന ഒരു വികസന നേട്ടവും എടുത്തു പറയാനില്ലാത്ത നഗരസഭയും കോട്ടയമായിരിക്കും. മൂന്നു തവണ അവിശ്വാസം കൊണ്ടുവന്നെങ്കിലും ഭാഗ്യം കൊണ്ടു ഭരണസമിതി അതിജീവിക്കുകയായിരുന്നു.

ഇത്രയുമില്ലെങ്കിലും എല്‍.ഡി.എഫ് ഭരിക്കുന്ന ചങ്ങനാശേരി നഗരസഭയിലും ഭരണ തുടര്‍ച്ച ആശങ്കയിലാണ്. മാലിന്യ പ്രശ്‌നമാണു നഗരസഭയെ ഏറ്റവും കൂടുതല്‍ വലയ്ക്കുന്നത്. 


രണ്ടാഴ്ച മുന്‍പാണു വിനോദ സഞ്ചാരിയായ ജര്‍മന്‍ പൗരന്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തു കൂട്ടിയിട്ടിരിക്കുന്ന മാലിന്യം കാട്ടി വ്‌ളോഗ് ചെയതതു സംസ്ഥാന തലത്തില്‍ ചര്‍ച്ചയായിരുന്നു. 


പൊതു ശൗചാലയങ്ങളുടെ അഭാവം നഗരവാസികള്‍ക്കിടെ കടുത്ത പ്രതിഷേധത്തിനു വഴിതെളിക്കുന്നു. കെട്ടിടം അറ്റകുറ്റപ്പണി ഉള്‍പ്പടെ പലവിധ വിവാദങ്ങള്‍ ഭരണ സമിതി നേരിടുന്നുണ്ട്.

ഈരാറ്റുപേട്ട നഗരസഭയില്‍ മുസ്‌ലിം ലീഗിന് ആധിപത്യമുളള ഏക തദ്ദേശസ്ഥാപനമായ ഈരാറ്റുപേട്ട നഗരസഭ. മുസ്‌ലിം ലീഗും സിപിഎമ്മും തമ്മിലാണു പ്രധാന പോരാട്ടമെങ്കിലും എസ്.ഡി.പി.ഐയും വെല്‍ഫെയര്‍പാട്ടിയും ചര്‍ച്ചയാണ്. 


യു.ഡി.എഫ് സ്വതന്ത്ര അംഗത്തിന്റെയും എസ്ഡിപിഐയുടെയും പിന്തുണയോടെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു ലീഗിനെ അധികാരത്തില്‍ നിന്നൊഴിവാക്കാന്‍ എല്‍.ഡി.എഫ് ഒരിക്കല്‍ ശ്രമിച്ചതാണ്. 


സിപിഎം ഇപ്പോഴും എസ്ഡിപിഐ കൂട്ടുകെട്ട് ആരോപണം നേരിടുന്നു. യു.ഡി.എഫ് ഭരണം ഇല്ലാതാകുമെന്നും എസ്.ഡി.പി.ഐയുമായി ഒരിക്കലും ഒരു ധാരണയും ഉണ്ടായിട്ടില്ലെന്നും സി.പി.എം നിലപാട്. 

യു.ഡി.എഫ് വെല്‍ഫെയര്‍ പാര്‍ട്ടിക്കു കൊടുക്കുന്ന പിന്തുണയും നഗരസഭയില്‍ ചര്‍ച്ചയാണ്. രണ്ടു സീറ്റുകളിലാണു വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നത്.


ഇടത്തോട്ടോ വലത്തോട്ടോ മറിയാവുന്ന നഗരസഭയാണു വൈക്കം. യു.ഡി.എഫ് ഭരണസമിതി നേരിടുന്ന അഴിമതിയാണു മുഖ്യ ചര്‍ച്ചാ വിഷയം. വകിസന മുരടിപ്പും നഗരസഭയിലെ ചര്‍ച്ചാ വിഷയമാണ്. 


വൈക്കം നഗരസഭയില്‍ യുഡിഎഫിലെ തമ്മിലടിയില്‍ ഭരണപ്രതിസന്ധിയുണ്ട്. അഴിമതി ആരോപണം നേരിട്ട കേരള കോണ്‍ഗ്രസ് അംഗം സിന്ധു സജീവന്‍ സി.പി.എമ്മില്‍ ചേര്‍ന്നതാണു യു.ഡി.എഫിനെ അടുത്തിടെ വെട്ടിലാക്കിയത്. 

ബി.ജെ.പിയാണു സിന്ധുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. സ്വന്തം വാര്‍ഡില്‍ നടത്തിയ മാലിന്യ നിര്‍മാര്‍ജനത്തില്‍ ഫണ്ട് തട്ടിപ്പ് നടത്തിയെന്ന ആക്ഷേപം നേരിടുന്നയാളാണു സിന്ധു സജീവന്‍. 


കേരള കോണ്‍ഗ്രസ് അംഗമായ തനിക്കെതിരെ ബി.ജെ.പി ഉന്നയിച്ച അഴിമതി ആരോപണത്തിനു പിന്നില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷാണെന്നാണു സിന്ധുവും ആരോപിച്ചിരുന്നു. 


പാര്‍ട്ടിയും യു.ഡി.എഫ് മുന്നണിയും സംരക്ഷണം തരാത്തതിനാല്‍ സി.പി.എം കൗണ്‍സിലര്‍മാര്‍കൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ സിന്ധു തീരുമാനമെടുത്തു. കിട്ടിയ അവസരം കളയാതെ സിന്ധുവിനെ സി.പി.എം മാലയിട്ടു സ്വീകരിച്ചു. 

ബി.ജെ.പിയും മുന്നേറ്റം പ്രതീക്ഷക്കുന്ന നഗരസഭായണു വൈക്കം. നിലവില്‍ നാല് അംഗങ്ങളാണ് എന്‍.ഡി.എയ്ക്കുള്ളത്.


2015ല്‍ ഏറ്റുമാനൂര്‍ പഞ്ചായത്ത് നഗരസഭയാക്കി മാറ്റിയെങ്കിലും ഇന്നും ആവശ്യത്തിനു ജീവനക്കാര്‍ പോലുമില്ലാത്ത നഗരസഭയാണ് ഏറ്റുമാനൂരിലേത്. 


35 കൗണ്‍സിലര്‍മാരുള്ള നഗരസഭയില്‍ 15 അംഗങ്ങളുടെ പിന്തുണയിലാണ് യു.ഡി.എഫ്. ഭരിക്കുന്നത്. കോണ്‍ഗ്രസ് - 11, കേരള കോണ്‍ഗ്രസ് - രണ്ട്, സ്വതന്ത്രര്‍ - രണ്ട്. എല്‍.ഡി.എഫില്‍ സി.പി.എം - ഒന്‍പത്, കേരള കോണ്‍ഗ്രസ് (എം) - രണ്ട്, സി.പി.ഐ -ന്ന്, സ്വതന്ത്രന്‍ - ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. 

അഴിമതിയാണ് ഏറ്റുമാനൂരിലേയും മുഖ്യ ചര്‍ച്ചാ വിഷയം. വികസനങ്ങള്‍ കാര്യമായി നടന്നിട്ടുമില്ല. കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷത്തിന് ഒപ്പം ചേര്‍ന്നു ഭരണസമിതിക്കെതിരെ കൗണ്‍സിലര്‍മാര്‍ ആരോപണം ഉന്നയിച്ചിരുന്നു.


നഗരസഭയുടെ 35 വാര്‍ഡുകളിലെയും ഒട്ടുമിക്ക റോഡുകളും സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്. പല നിര്‍മാണ പ്രവര്‍ത്തനങ്ങളും പാതിവഴിയില്‍ ഇഴയുന്നു, ചില പദ്ധതികള്‍ ഫയലില്‍ ഉറങ്ങുകയാണ്, മാലിന്യ സംസ്‌കരണത്തില്‍ ഉള്‍പ്പെടെ നഗരസഭ പരാജയപ്പെട്ടു. 


ഭരണ പക്ഷത്തുള്ള കൗണ്‍സിലര്‍മാര്‍ പോലും ഇതു സമ്മതിക്കുന്നു. ഭരണ കാലഘട്ടം അവസാനിക്കാറായിട്ടും തുടക്കം കുറിച്ചു പല പദ്ധതികളും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത് യു.ഡി.എഫിനു തിരിച്ചടിയാണ്. 

അതേമസയം, മന്ത്രി വി.എന്‍ വാസവന്റെ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിട്ടും വികസനങ്ങള്‍ ഇല്ലാത്തത് എല്‍.ഡി.എഫിനും തിരിച്ചടിയാണ്. ഏറ്റമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഉള്‍പ്പടെ നടന്ന ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ തട്ടിപ്പു ശ്രമങ്ങള്‍ ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയാണു നഗരസഭയില്‍ ബി.ജെ.പി പ്രചാരണം നടത്തുന്നത്.

വലിയ ഭരണ പ്രതിസന്ധിയൊന്നുമില്ലാത്ത നഗരസഭയാണ് എല്‍.ഡി.എഫ് ഭരിക്കുന്ന പാലാ. ഇക്കുറി സി.പി.എം അകമഴിഞ്ഞു സഹായിക്കുന്നതു കേരളാ കോണ്‍ഗ്രസ് എമ്മിനു നേട്ടമാണ്. 


കേരളാ കോണ്‍ഗ്രസ് എല്‍.ഡി.എഫിലേക്കു കൂടുമാറിയതോടെയായിരുന്നു പാലാ ചുവന്നത്. പാലാ തിരിച്ചു പിടിക്കാന്‍ യു.ഡി.എഫും ശ്രമം നടത്തുന്നുണ്ട്. 


ഇത്തവണ വിജയസാധ്യത പരിഗണിച്ചു വാര്‍ഡുകള്‍ പങ്കിടുവാനാണു നിലവിലുള്ള യു.ഡി.എഫിലെ ധാരണ. ഇക്കുറി പാലായില്‍ അക്കൗണ്ട് തുറക്കാനാകുമെന്നു എന്‍.ഡി.എയും പ്രതീക്ഷിക്കുന്നു.

നഗരസഭകള്‍ - 06
യു.ഡി.എഫ് - 04
എല്‍.ഡി.എഫ് - 02

കോട്ടയം - ആകെ വാര്‍ഡ് - 52
എല്‍.ഡി.എഫ് - 22
യു.ഡി.എഫ് - 22
എന്‍.ഡി.എ - 08

വൈക്കം - ആകെ വാര്‍ഡ് - 26
എല്‍.ഡി.എഫ് - 10
യു.ഡി.എഫ് - 12
എന്‍.ഡി.എ - 04

ഈരാറ്റുപേട്ട-ആകെ വാര്‍ഡ് - 28
എല്‍.ഡി.എഫ് - 09
യു.ഡി.എഫ് - 14
എസ്.ഡി.പി.ഐ - 05
എന്‍.ഡി.എ - 00

പാലാ - ആകെ വാര്‍ഡ് - 26
എല്‍.ഡി.എഫ് - 17
യു.ഡി.എഫ് - 09
എന്‍.ഡി.എ - 00

ചങ്ങനാശേരി - ആകെ വാര്‍ഡ് - 37
എല്‍.ഡി.എഫ് - 17
യു.ഡി.എഫ് - 15
എന്‍.ഡി.എ - 03

ഏറ്റുമാനൂര്‍ - ആകെ വാര്‍ഡ് - 35
എല്‍.ഡി.എഫ് - 13
യു.ഡി.എഫ് - 15
എന്‍.ഡി.എ - 07

Advertisment