രണ്ടാമത്തെ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ലെന്നിരിക്കെ തെരച്ചില്‍ അവസാനിപ്പിച്ചതിനെതിരെ വിമർശനം. കോടതി നിലപാട് അറിഞ്ഞ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന തീരുമാനത്തിൽ അന്വേഷണ സംഘം. അവസരം മുതലെടുത്തു രാഹുലിനെ 'വെളുപ്പിച്ചു' നായീകരണ തൊഴിലാളികൾ

ബലാത്സംഗ കേസില്‍ ഹൈക്കോടതി അറസ്റ്റു വിലക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതാണ് പോലീസിന്റെ പിന്മാറ്റത്തിന് പ്രധാന കാരണം. 

New Update
rahul mankootathil

കോട്ടയം: രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടഞ്ഞിട്ടില്ലെന്നിരിക്കെ രാഹുല്‍ മാങ്കൂട്ടത്തിനായുള്ള തെരച്ചില്‍ അവസാനിപ്പിച്ചത് ശരിയായില്ലെന്നു വിമർശനം. 

Advertisment

ഈ കേസിന്റെ വിശദമായ വാദം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കുകയാണ്. ആദ്യ കേസില്‍ അറസ്റ്റ് തടഞ്ഞ സാഹചര്യത്തില്‍, രണ്ടാമത്തെ കേസിലെ കോടതി നിലപാട് അറിഞ്ഞ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. 

ഇതുപ്രകാരം, രണ്ടാം കേസില്‍ അറസ്റ്റ് സാധ്യത നിലനില്‍ക്കുന്നതിനാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ തുടരാനാണ് സാധ്യതയെന്ന് പോലീസ് കരുതുന്നു. 

ആദ്യ കേസില്‍ രാഹുലിന്റെ അറസ്റ്റു ഹൈക്കോടതി തടഞ്ഞതോടെയാണു രാഹുലിനെ കണ്ടെത്താനായി ദിവസങ്ങളായി ബെംഗളൂരുവില്‍ തമ്പടിച്ചിരുന്ന അന്വേഷണ സംഘം കേരളത്തിലേക്കു മടങ്ങി.

ബലാത്സംഗ കേസില്‍ ഹൈക്കോടതി അറസ്റ്റു വിലക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതാണ് പോലീസിന്റെ പിന്മാറ്റത്തിന് പ്രധാന കാരണം. 

കോടതിയുടെ പരിഗണനയിലുള്ള ഒരു കേസില്‍ അറസ്റ്റ് തടഞ്ഞ സാഹചര്യത്തില്‍, തിരച്ചിലുമായി മുന്നോട്ടുപോകുന്നതില്‍ പ്രായോഗികമായ പരിമിതികളുണ്ടെന്ന് അന്വേഷണ സംഘം വിലയിരുത്തി. ഇതോടെയാണ് ബെംഗളൂരുവിലെ തിരച്ചില്‍ അവസാനിപ്പിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.

കഴിഞ്ഞ പത്ത് ദിവസമായി രാഹുല്‍ മാങ്കൂട്ടത്തിനെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. അന്വേഷണ സംഘത്തെ കബളിപ്പിച്ച് രാഹുല്‍ തുടര്‍ച്ചയായി ഒളിത്താവളങ്ങള്‍ മാറുകയായിരുന്നു എന്ന് പോലീസ് പറയുന്നു. 

ബെംഗളൂരുവിലെ അതിസമ്പന്നരും രാഷ്ട്രീയ സ്വാധീനവുമുള്ള വ്യക്തികളുടെ ഫാം ഹൗസുകളിലാണു രാഹുല്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണു പോലീസിന്റെ കണ്ടെത്തല്‍. 

ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള ഒരു അഭിഭാഷകനാണ് രാഹുലിന് ഈ ഒളിസങ്കേതങ്ങള്‍ ഒരുക്കി നല്‍കിയതെന്നും അന്വേഷണ സംഘം സംശയിക്കുന്നു.

വലിയ എസ്റ്റേറ്റുകള്‍ക്ക് സമാനമായ ഈ ഫാം ഹൗസുകളില്‍ കയറി പരിശോധന നടത്തുന്നത് കേരള പോലീസിന് വലിയ വെല്ലുവിളിയായിരുന്നു. ഇത്തരം കേന്ദ്രങ്ങളില്‍ തിരച്ചില്‍ നടത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ രാഹുലിന് സഹായകമായി.

അറസ്റ്റ് കോടതി തടഞ്ഞതോടെ രാഹുലിനെ പിന്തുണയ്ക്കുന്നവര്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയിലൂടെയും അല്ലാതെയും രാഹുല്‍ നിരപരാധിയെന്നു വരുത്തിത്തീര്‍ക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. 

ഷാഫി പറമ്പില്‍ എം.പിയുടെ സംഘത്തിനൊപ്പം മുസ്ലീം ലീഗും രാഹുലിന് വേണ്ടി സജീവമാണ്. രാഹുലിനെ ന്യായീകരിക്കാന്‍ മുസ്ലീം ലീഗ് സൃഷ്ടിച്ചത് ആറായിരം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളാണ്. ഇതിനെതിരെയുള്ള പ്രതിഷേധം  ലീഗിലെ ഒരു വിഭാഗം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

Advertisment