/sathyam/media/media_files/2025/12/08/1001464196-2025-12-08-12-13-52.jpg)
കോട്ടയം: രാഷ്ട്രീയ രംഗത്തെ അതികായന്‍മാരുടെ നേര്‍ക്കു നേര്‍ സംവാദത്തിനു കേരളം സാക്ഷിയാകാന്‍ പോകുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ - എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും തമ്മിലുള്ള രാഷ്ട്രീയ സംവാദത്തിനാണു കളം ഒരുങ്ങുന്നത്.
കേരളത്തിലെ സി.പി.എമ്മിന്റെ അവസാന വാക്കായ പിണറായി വിജയനും കോണ്‍ഗ്രസിന്റെ ബുദ്ധികേന്ദ്രവുമായ കെ.സി. വേണുഗോപാലും തമ്മില്‍ സംവാദം നടക്കുമ്പോള്‍ അതു രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഇടം പിടിക്കുമെന്നുറപ്പ്.
സംസ്ഥാന രാഷ്ട്രീയത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ നിമിഷങ്ങളാണ് വൈകാതെ തന്നെ നടക്കാന്‍ പോകുന്നത്.
യു.ഡി.എഫ് എം.പിമാരുടെ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാനുള്ള കെ.സി വേണുഗോപാല്‍ എം.പിയുടെ വെല്ലുവിളി മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുക്കുകയായിരുന്നു. മുഖ്യമന്ത്രി തയ്യാറാണെങ്കില്‍ സംവാദത്തിനു നാളെ തന്നെ തയ്യാറാണ്.
അതല്ല, മുഖ്യമന്ത്രിക്ക് ഏതു ദിവസമാണു സൗകര്യമെന്നറിയിച്ചാല്‍ ആ ദിവസം സംവാദം നടത്താമെന്നു പറഞ്ഞ് ആത്മവിശ്വാസത്തോടെ കെ.സിയും അംഗത്തിനു തയാറായി.
കെ.സി. വേണുഗോപാല്‍ എം.പിയായിരുന്നു സംവാദത്തിനു തയാറുണ്ടോ എന്നു മുഖ്യമന്ത്രിയെ വെല്ലുവിളിച്ചത്.
അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിലെ അപാകതകള്‍, അതു സംബന്ധിച്ചു കേരളത്തിലെ എം.പിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ മറ്റൊരു തരത്തില്‍ എല്‍.ഡി.എഫ് രാഷ്ട്രീയ ആയുധമാക്കി മാറ്റാന്‍ ഉള്ള ശ്രമങ്ങള്‍, എം.പിമാരുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ അവലോകനം എന്നിങ്ങനെ കെ.സി. വേണുഗോപാല്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളുടെ നീണ്ട പട്ടികയെ തന്നെ മുഖ്യമന്ത്രിക്കു പ്രതിരോധിക്കേണ്ടിയും മറുപടി പറയേണ്ടിയും വരും.
ആഴക്കടല്‍ മത്സ്യബന്ധനം, മണല്‍ ഖനനം, കപ്പല്‍ മുങ്ങിയത് ഉള്‍പ്പെടെ തീരദേശ മേഖലയെ ബാധിക്കുന്ന വിഷയങ്ങളിലും വന്യമൃഗ ആക്രമണം, സംസ്ഥാനത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക വിവേചനം ഉള്‍പ്പെടെയുള്ള നിരവധിയായ വിഷയങ്ങള്‍ യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിച്ചതും പാര്‍ലമെന്റ് പടിക്കല്‍ നടത്തിയ സമരങ്ങളും കെ.സി വേണുഗോപാലിന് ഉയര്‍ത്തിക്കാട്ടാന്‍ സാധിക്കും.
പി.എം. ശ്രീ പോലെയുള്ള വിഷയത്തില്‍ ജോണ്‍ ബ്രിട്ടാസ് എം.പി. പാലമായി പ്രവര്‍ത്തിച്ചു എന്നുള്ള കേന്ദ്ര മന്ത്രിയുടെ വെളിപ്പെടുത്തലിനു മുഖ്യമന്ത്രി വ്യക്തമായ മറുപടി പറയേണ്ടി വരും.
സംവാദത്തിനുള്ള കെ.സിയുടെ വെല്ലുവിളി ഏറ്റെടുത്ത മുഖ്യമന്ത്രി തയാറെന്നു മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി അറിയിക്കുകയായിരുന്നു.
ഇതോടെ മുഖ്യമന്ത്രിയുടെ സൗകര്യാര്‍ഥം ഒരു സ്ഥലവും തിയതിയും അറിയിച്ചുകൊള്ളാന്‍ കെ.സിയും പറഞ്ഞു. സംവാദം നടത്താനുള്ള നീക്കങ്ങള്‍ ഇരുപക്ഷത്തു നിന്നും വൈകാതെ തന്നെ ആരംഭിക്കാനും സാധ്യതയുണ്ട്.
പ്രതിപക്ഷത്തെ പ്രതിരോധത്തി. ലാക്കാനുള്ള സുവര്‍ണാവസരമായാണു സംവാദത്തെ ഇടതുപക്ഷവും കാണുന്നത്.
അതിദാരിദ്രമുക്ത പ്രഖ്യാപനവുമായി ബന്ധപ്പെട്ടു എ.കെ. പ്രേമചന്ദ്രന്‍, എം.കെ. രാഘവന്‍ എന്നിവര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പ്രചാരണായുധമാക്കുന്നുണ്ട്.
ഇതേ നിലപാട് മുഖ്യമന്ത്രി പത്രസമ്മേളനത്തിലും ആവര്‍ത്തിച്ചിരുന്നു. സംവാദം നടന്നാല്‍ മുഖ്യമന്ത്രി ശ്രദ്ധ കേന്ദ്രീകരിക്കുക ഇതേ വിഷയം മുന്‍നിര്‍ത്തിയാകും.
സംവാദത്തിനു മുഖ്യമന്ത്രി നിശ്ചയിക്കുന്ന വേദിയും തിയതിയും ഏതാകുമെന്ന ആകാംഷയിലാണു കേരളം.
ഇരു കൂട്ടരുടെയും അണികള്‍ സംവാദത്തെക്കുറിച്ചുള്ള പ്രചാരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നാലു മാസങ്ങള്‍ക്കിപ്പുറം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പായിരിക്കും സംവാദം നടക്കുകയെന്നുറപ്പാണ്.
ഇരുവരുടെയും പ്രകടനം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിനെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകമായി മാറും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us