/sathyam/media/media_files/2025/12/09/untitled-2025-12-09-07-50-20.jpg)
കോട്ടയം: സ്ഥാനാര്‍ഥികളും ബൂത്ത് ഏജന്റുമാരും പുലര്‍ച്ചെ തന്നെ എത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. പുലര്‍ച്ചെ ആറിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മോക് പോളിങ് നടന്നു.
മോക് പോളിനുശേഷം വോട്ടിങ് യന്ത്രങ്ങള്‍ ക്ലിയര്‍ ചെയ്തശേഷം ഏഴു മണിയോടെ ജനം വോട്ടിങ്ങിലേക്കു കടന്നു. രാവിലെ ആറരയോടെ തന്നെ നിരവധി വോട്ടർമാർ ബൂത്തിലെത്തിയിരുന്നു.
ത്രിതലപഞ്ചായത്തുകളും നഗരസഭകളും ഉള്‍പ്പെടെ ജില്ലയിലെ 89 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 1611 നിയോജകമണ്ഡലങ്ങളില്‍ 16,41,249 പേരാണ് ജില്ലയിൽ വിധിയെഴുതുക.
വോട്ടര്‍മാരില്‍ 8,56,321 സ്ത്രീകളും 7,84,842പുരുഷന്‍മാരും ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ട 13 പേരും പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടുന്നു.
ആകെ 5281 പേരാണു ജനവധി തേടുന്നത്. ജില്ലാ പഞ്ചായത്ത്-83, ബ്ലോക്ക് പഞ്ചായത്ത്-489, പഞ്ചായത്ത്- 4032, നഗരസഭ-677 എന്നിങ്ങനെയാണ് വിവിധ തലങ്ങളിലെ സ്ഥാനാര്‍ഥികളുടെ എണ്ണം.
രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണു പോളിങ്ങ്. ആറു വരെ വരി നില്‍ക്കുന്നവര്‍ക്കു ടോക്കണ്‍ നല്‍കി വോട്ട് ചെയ്യുന്നതിനു സൗകര്യമേര്‍പ്പെടുത്തും.
വോട്ടിങ്ങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായത് ഇന്നലെ ഉച്ചയോടെ. 11 ബ്ലോക്കു പഞ്ചായത്തുകളിലും ആറു നഗരസഭകളിലും സജ്ജമാക്കിയ 17 സ്വീകരണ-വിതരണകേന്ദ്രങ്ങളില്‍ നിന്നാണ് ജില്ലയിലെ 1925 ബൂത്തുകളിലേയ്ക്കുള്ള സാമഗ്രികള്‍ വിതരണം ചെയ്തത്.
അതത് റിട്ടേണിങ് ഓഫസര്‍മാരുടെ നേതൃത്വത്തില്‍ വിവിധ കൗണ്ടറുകള്‍ ക്രമീകരിച്ചായിരുന്നു വിതരണം. പ്രിസൈഡിങ് ഓഫീസര്‍മാരും ടീം അംഗങ്ങളും ചേര്‍ന്ന് ഏറ്റുവാങ്ങിയ സാമഗ്രികള്‍ ചെക്ക് ലിസ്റ്റ് വെച്ച് പരിശോധിച്ച് ഉറപ്പുവരുത്തി.
തുടര്‍ന്ന് പ്രത്യേകമായി ഏര്‍പ്പെടുത്തിയ വാഹനങ്ങളില്‍ ഉദ്യോഗസ്ഥരെ പോളിങ് ബൂത്തുകളിലെത്തിച്ചു. ബസുകള്‍ ഉള്‍പ്പെടെ 724 വാഹനങ്ങള്‍ ഇതിനായി ഏര്‍പ്പെടുത്തിയിരുന്നു.
പെന്‍സില്‍, പേന, പേപ്പര്‍, നൂല്‍, മെഴുക്, പശ, മെഴുകുതിരി, തീപ്പെട്ടി തുടങ്ങി പോളിംഗ് ബൂത്തുകളില്‍ ആവശ്യമുള്ള 28 സ്റ്റേഷനറി ഇനങ്ങള്‍ പ്രത്യേകം കവറിലാക്കിയാണു നല്‍കിയത്.
വോട്ടര്‍ പട്ടികയുടെ പകര്‍പ്പ്, വിവിധ സീലുകള്‍, ഫോറങ്ങള്‍, കവറുകള്‍, ടെന്‍ഡര്‍ വോട്ടിനുള്ള ബാലറ്റുകള്‍ തുടങ്ങിയവയും വിതരണം ചെയ്തു.
വോട്ടെടുപ്പിനുശേഷം ഇന്നു വൈകിട്ടു സ്വീകരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമുകളിലേക്കു മാറ്റും.
വിതരണ കേന്ദ്രങ്ങള്‍ തന്നെയാണു സ്വീകരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നത്. ഇതേ കേന്ദ്രങ്ങളില്‍തന്നെയാണ് 13ന് വോട്ടെണ്ണല്‍ നടക്കുക.
ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലേയ്ക്കുള്ള തപാല്‍ വോട്ടുകള്‍ ജില്ലാ പഞ്ചായത്ത് ഹാളിലായിരിക്കും എണ്ണുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us