തദ്ദേശ തെരഞ്ഞെടുപ്പില്‍ ദയനീയ പ്രകടനവുമായി ബി.ഡി.ജെ.എസ്. സംസ്ഥാനത്താകെ ലഭിച്ചത് അഞ്ച് സീറ്റുകള്‍. സിറ്റിങ് പഞ്ചായത്തായ പള്ളിക്കത്തോട് ഉള്‍പ്പടെ നഷ്ടപ്പെടാന്‍ കാരണം ബി.ഡി.ജെ.എസ്. കാലുവാരിയതെന്ന് ബിജെപിയില്‍ പൊതുവികാരം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ബി.ഡി.ജെ.എസ് സംവിധാനം നിര്‍ജീവമായെന്നു ബി.ജെ.പിയില്‍ ഒരു വിഭാഗം

ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന് മത്സരിച്ച ഒരിടത്തും കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല.

New Update
images

കോട്ടയം: കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം വോട്ട് ഷെയര്‍ വര്‍ധിപ്പിച്ച പാര്‍ട്ടിയാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസ്. 

Advertisment

തുടര്‍ന്ന് വരുന്ന തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ഡി.ജെ.എസ് കേരളാ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കാന്‍ പോന്ന രാഷ്ട്രീയ ശക്തിയായി മാറും എന്നും തുഷാര്‍ പ്രഖ്യാപിച്ചു. 


സംഘടനയും പലയിടത്തു പുനസംഘടിപ്പിച്ചു ബി.ജെ.പിയുടെ ഈസ്റ്റ് വെസ്റ്റ് മോഡലാക്കി മാറ്റി. എന്നാല്‍, പിന്നീട് സംഘടനാ പ്രവര്‍ത്തനം ഒന്നും നടന്നില്ലെന്നു മാത്രമല്ല സംഘടന നിര്‍ജീവമായെന്നു വേണമെന്നു തന്നെ പറയാം.


ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന് മത്സരിച്ച ഒരിടത്തും കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല.

വിവിധ ജില്ലകളില്‍ ജില്ലാ, ഗ്രാമ പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലുമായി നിരവധി സീറ്റുകളില്‍ മത്സരിച്ചെങ്കിലും നാല് പഞ്ചായത്ത് വാര്‍ഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും മാത്രമാണ് വിജയിച്ചത്. 

കൊച്ചി കോര്‍പറേഷനില്‍ 13 ഡിവിഷനില്‍ മത്സരിച്ചെങ്കിലും ഒരിടത്തും നേട്ടമുണ്ടായില്ല. കോഴിക്കോട് കോര്‍പറേഷനില്‍ കൊമ്മേരി വാര്‍ഡില്‍ മത്സരിച്ച ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിക്ക് 258 വോട്ടാണ് ലഭിച്ചത്. 


ഇടുക്കി ജില്ലയില്‍ ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലായി 21 ഇടത്തും പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ നാലിടത്തും മത്സരിച്ചെങ്കിലും പ്രകടനം ദയനീയമായി. എന്‍.ഡി.എ 50 സീറ്റ് നേടിയ തിരുവനന്തപുരം കോര്‍പറേഷനില്‍ പോലും മത്സരിച്ച രണ്ട് സീറ്റിലും ബി.ഡി.ജെ.എസ് തോറ്റു. 


കോട്ടയത്തെ പള്ളിക്കത്തോട്ടില്‍ ബി.ഡി.ജെ.എസ് പിന്തുണയോടെയാണ് കഴിഞ്ഞ തവണ ബി.ജെ.പി പഞ്ചായത്ത് ഭരണം പിടിച്ചത്. ഇക്കുറി ബി.ജെ.പി സീറ്റ് നല്‍കിയില്ലെന്ന് ആരോപിച്ചു സ്വതന്ത്രമായി മത്സരിക്കാന്‍ തയാറായി. 

പിന്നീട് പിന്‍മാറുകയും ചെയ്തു. വിജയസാധ്യത തീരെയില്ലാത്ത രണ്ടുസീറ്റുകളാണ് അവര്‍ക്ക് വെച്ചുനീട്ടിയത്. പിന്നീട് ചര്‍ച്ചയ്ക്ക് പോലും തയ്യാറായില്ലെന്നാണ് ബി.ഡി.ജെ.എസ് നേതാക്കള്‍ പറയുന്നത്. 

വാര്‍ഡുകള്‍ പോലും ജാതീയമായി നോക്കിക്കാണുന്നതാണ് ബി.ജെ.പിയുടെ രീതിയെന്നും ഇതാണ് പരാജയത്തിന് കാരണമെന്നും ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ പറയുന്നു.


ബി.ഡി.ജെ.എസ് കൂടെ നിന്ന് ചതിക്കുകയായിരുന്നുവെന്ന് ബി.ജെ.പി നേതാക്കളുടെ വികാരം. എല്‍.ഡി.എഫ് നേതാക്കള്‍ക്കൊപ്പം ബി.ഡി.ജെ.എസ് നേതാക്കളും പരസ്യമായി പ്രചാരണത്തിനിറങ്ങിയെന്നാണ് ആരോപണം. 


സംസ്ഥാന വ്യാപകമായി തന്നെ ഒട്ടേറെയിടത്ത് ഇത്തരം പൊട്ടിത്തെറികള്‍ ഉണ്ടായിട്ടുണ്ട്. തുഷാര്‍ വെള്ളാപ്പള്ളി ഇക്കുറി കാര്യമായ പ്രചാരണത്തിന് ഇറങ്ങിയില്ലെന്നതും ശ്രദ്ധേയമാണ്. 

ഇക്കുറി ബി.ഡി.ജെ.എസ് ശക്തമായി നിന്നിരുന്നെങ്കില്‍ നേരിയ വ്യത്യാസത്തില്‍ പരാജയപ്പെട്ട പല സീറ്റുകളിലും വിജയിക്കാമായിരുന്നു എന്ന വികാരം ബി.ജെ.പിക്കുണ്ട്. 

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എന്നതിനാല്‍ ഐക്യം ശക്തിപ്പെടുത്തി മുന്നോട്ടുപോകാനുള്ള തയാറെടുപ്പിലാണ് ഇരുകക്ഷികളും.

Advertisment