സാധാരണക്കാരന്റെ ജീവിതവും പ്രതീക്ഷകളും വരച്ചിട്ട തിരക്കഥകൾ. ഇന്നും പ്രസക്തമായ ഡയലോഗുകള്‍. തിരക്കഥാരചന എന്ന അണ്ഡകടാഹത്തിലെ ശ്രീനി ടച്ച്

ഓടരുതമ്മാവാ എന്ന പടത്തിലാണ് ആദ്യമായി ശ്രീനിവാസന്‍ രചന തുടങ്ങുന്നത്.

New Update
44539888-6a

കോട്ടയം: തിരക്കഥാരചന എന്ന അണ്ഡകടാഹത്തിലേക്ക് തന്നെ വലിച്ചിട്ടത് സംവിധായകന്‍ പ്രിയദര്‍ശനാണെന്നു ശ്രീനിവാസന്‍ പല അവസരങ്ങളിലും പറഞ്ഞിട്ടുള്ള ഒന്നാണ്.

Advertisment

ഓടരുതമ്മാവാ എന്ന പടത്തിലാണ് ആദ്യമായി ശ്രീനിവാസന്‍ രചന തുടങ്ങുന്നത്. നടനായി നിലനില്‍ക്കാന്‍ വേണ്ടിക്കൂടിയാണ് എഴുത്തിനെ താന്‍ കൈയ്യിലെടുത്ത് എന്ന് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

അന്നു തുടങ്ങിയ രചനയിലൂടെ കഴിഞ്ഞ നാലു പതിറ്റാണ്ട് ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളി മനസിനെ ശ്രീനിവാസൻ കീഴടക്കി.


ഓടരുതമ്മാവാ കഴിഞ്ഞു ജഗദീഷിന്റെ കഥയില്‍ സിബി മലയില്‍ മുത്താരംകുന്ന് പി.ഒ എന്ന പടം പ്ലാന്‍ ചെയ്തപ്പോഴും തിരക്കഥ എഴുതാനുളള ചുമതല ശ്രീനിക്കായിരുന്നു. 


മുത്താരംകുന്നും ഹിറ്റായതോടെ ഒന്നിന് പിറകെ മറ്റൊന്നായി സിനിമകള്‍ അദ്ദേഹത്തെ തേടി വന്നു. ബോയിങ് ബോയിങ് അടക്കം അക്കാലത്ത് വന്‍ഹിറ്റായ പല പടങ്ങള്‍ക്കും തൂലിക ചലിപ്പിച്ചത് ശ്രീനിവാസനായിരുന്നു.

തുടക്കത്തില്‍ സ്ലാപ്സ്റ്റിക് കോമഡി ചിത്രങ്ങള്‍ മാത്രം എഴുതിയിരുന്ന ശ്രീനിവാസന്‍ സ്വയം മാറാന്‍ തുടങ്ങിയത് സത്യന്‍ അന്തിക്കാടിനെ കണ്ടുമുട്ടുന്നതോടെയാണ്.

മുത്താരംകുന്ന് പി.ഒയുടെ തിരക്കഥയില്‍ ശ്രീനിവാസന്‍ കൊണ്ടുവന്ന അടുക്കും ചിട്ടയും സന്ത്യന്‍ അന്തിക്കാടിനെ ആകര്‍ഷിച്ചു എന്നു തന്നെ പറയാം.  ഒരു ചരിത്രനിയോഗം പോലെയായിരുന്നു ഇരുവരും തമ്മിലുള്ള ഒത്തുചേരല്‍.


സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് , സന്‍മനസുളളവര്‍ക്ക് സമാധാനം, നാടോടിക്കാറ്റ് എന്നിങ്ങനെ നിരവധി സിനിമകള്‍ പിറവികൊണ്ടു. 


കേവലം സ്ലാപ്സ്റ്റിക് കോമഡി പടങ്ങളായിരുന്നില്ല അതൊന്നും. യുവത്വം നേരിടുന്ന അലസത, തൊഴിലില്ലായ്മ, ജീവിതപ്രതിസന്ധികളും നര്‍മം പൊതിഞ്ഞു ശ്രീനിവാസന്‍ അവതരിപ്പിക്കുകയായിരുന്നു.

പിന്നീട് വന്ന വരവേല്‍പ്പ്, സന്ദേശം, മിഥുനം, വെളളാനകളുടെ നാട് എന്നീ സിനിമകളിലെത്തിയപ്പോള്‍ നര്‍മം ഒരു ഘടകം മാത്രമായി നിലര്‍ത്തി സമൂഹത്തിലെ പുഴുക്കുത്തുകള്‍ തുറന്നുകാട്ടി.

സന്ദേശവും വരവേല്‍പ്പും ഇന്നും കേരളം ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയ സിനിമയായി മാറി.


സംവിധായകന്‍ എന്ന നിലയിലേക്ക് ചുവട് മാറ്റിയപ്പോഴും തിരക്കഥ എഴുത്ത് ശ്രീനി വിടാന്‍ തയാറായിരുന്നില്ല. വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും സുഘടിതവും ആസ്വാദനക്ഷമവും കാതലുളള ഇതിവൃത്തങ്ങളും ഉള്‍ക്കൊളളുന്ന കതിര്‍ക്കനമുളള രചനകളായിരുന്നു. 


അത് ഭംഗിയായി ക്യാമറയിലേക്ക് പകർത്തുകയും ചെയ്യുകയായിരുന്നു സംവിധായകനായ ശ്രീനിവാസൻ. നടന്‍ എന്ന നിലയിലും വലിയ കയ്യടി വാങ്ങാന്‍ ശ്രീനിവാസനു ഈ സിനിമകള്‍ സഹായകമായി.

Advertisment