ശബരി എയർപോർട്ട് നിർമാണത്തിനു രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് തുടക്കമിടാൻ കഴിയില്ല. എൽ.ഡിഎഫിൻ്റെ സ്വപ്ന പദ്ധതിയെക്കുറിച്ചുള്ള കോടതി ചോദ്യങ്ങൾക്ക് എന്തുകൊണ്ട് മറുപടി ഇല്ലാതെ പോയി. ആയുധമാക്കാൻ യു.ഡി.എഫ്. വിധിയിൽ നിയമോപദേശം തേടാൻ സർക്കാർ

ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ

New Update
242499_1647275524

കോട്ടയം: ശബരിമല വിമാനത്താവളത്തിനായുള്ള കാത്തിരിപ്പ് ഇനി അനന്തമായി നീളുമെന്നു ഏറെക്കുറേ ഉറപ്പായി കഴിഞ്ഞു.

Advertisment

ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയതോടെ സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിക്കാണ് തിരിച്ചടിയായത്. 

എരുമേലിക്ക് സമീപമുള്ള ചെറുവള്ളി എസ്റ്റേറ്റും ചുറ്റുമുള്ള പ്രദേശങ്ങളുമടക്കം 2,570 ഏക്കർ ഏറ്റെടുക്കാനുള്ള വിജ്ഞാപനമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. 


ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. വിധിയിൽ നിയമോപദേശം തേടിയ ശേഷമാകും സർക്കാരിൻ്റെ തുടർ നടപടികൾ. 


എന്നാൽ ഈ സർക്കാരിന്റെ കാലത്ത് തീർപ്പുണ്ടാകാൻ ഇടയില്ലെന്നു നിയമ രംഗത്തുള്ളവർ പറയുന്നു. അപ്പീൽ പോയാൽ തന്നെ അനുകൂല വിധി ഉണ്ടാകണമെന്നുമില്ല. 

ജസ്റ്റിസ് സി. ജയചന്ദ്രൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് സക്കാർ ഡിവിഷൻ ബെഞ്ചിനു മുൻപിലും മറുപടി നൽകണം. ഇത്രയേറെ ഭൂമി അനിവാര്യമാണെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ് റദ്ദാക്കിയത്. 


വലിയ വിമാനങ്ങൾ വന്നുപോകുന്ന വിമാനത്താവളങ്ങൾക്ക് പോലും 1,200 ഏക്കർ ഭൂമി മതിയെന്ന് കോടതി ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിൽ ഏറ്റെടുക്കുന്ന ഭൂമിയിൽ കുറവ് വരാം. 


എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യയുടെ കണക്കാണ് കോടതി ചൂണ്ടാക്കാട്ടിയത്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ആവശ്യമായ കുറഞ്ഞ അളവ് മാത്രമേ ഏറ്റെടുക്കാവൂ.

2,570 ഏക്കർ എന്താവശ്യത്തിനെന്ന് വ്യക്തമാക്കുന്നതിൽ സാമൂഹികാഘാത പഠന യൂണിറ്റും വിദഗ്ദ്ധ സമിതിയും സർക്കാരും പരാജയപ്പെട്ടെന്നാണ് കോടതി കണ്ടെത്തിയത്. 

എന്തൊക്കെ വികസനമാണ് ലക്ഷ്യമിടുന്നതെന്നും അതിന് എത്ര ഭൂമി ആവശ്യമാണെന്നും റിപ്പോർട്ടുകളിൽ കൃത്യമായി പറഞ്ഞിട്ടില്ല.

ഇതോടെ ഒരു പ്ലാനും പദ്ധതിയും ഇല്ലാതെയാണോ സർക്കാർ പദ്ധതി നടപ്പാക്കുന്നത് എന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ വിഷയം പ്രചാരണായുധമാക്കാൻ യുഡിഎഫും ഒരുങ്ങുകയാണ്. 


പിണറായി സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായി ആണ് ശബരി എയർപോർട്ടിനെ അവതരിപ്പിച്ചത്. ഒരു പ്ലാനും പദ്ധതിയും ഇല്ലാതെ തോന്നിയ പോലെ ഭൂമി ഏറ്റെടത്ത് സർക്കാർ വൻ കൊള്ളയ്ക്ക് ഒരുങ്ങുകയാണെന്നു യുഡിഎഫ് നേതാക്കൾ ആരോപണം ഉയർത്തിക്കഴിഞ്ഞു. 


അതേസമയം, പദ്ധതി മുടങ്ങുന്നത് രാഷ്ട്രീയ പ്രത്യാരോപണങ്ങൾക്കപ്പുറം ജനങ്ങൾക്ക് വൻ നഷ്ടമാണ്. പ്രതിവര്‍ഷം ഏഴു ലക്ഷം യാത്രക്കാര്‍ക്ക് എയർ പോർട്ട് പ്രായോജനപ്പെടുമെന്നാണ് കണക്കാക്കിയിരുന്നത്.

Advertisment