/sathyam/media/media_files/2026/01/03/1001533309-2026-01-03-12-08-34.jpg)
കോട്ടയം: സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിൻ്റെ പിന്‍മാറ്റം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അധ്യാപകരെ പിണക്കുന്നത് തിരിച്ചടിയാകുമെന്ന ഭയത്താല്‍.
അരലക്ഷത്തിലധികം അധ്യാപകരെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന വിഷയമാണിത്.
തെരഞ്ഞെടുപ്പില്‍ അധ്യാപകരും അവരുടെ കുടുംബങ്ങളും മാറി ചിന്തിച്ചാല്‍ അത് എൽഡിഎഫിനു വന്‍ തിരിച്ചടിയാകും.
സുപ്രീംകോടതി രണ്ടുവര്‍ഷത്തെ സമയപരിധി ഇളവുനല്‍കിയിട്ടും കെ-ടെറ്റ് ഇല്ലാത്ത അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം നിഷേധിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി ഇടത് അധ്യാപകസംഘടനകള്‍ ഉള്‍പ്പടെ രംഗത്തു വന്നിരുന്നു.
നിയമനാംഗീകാരം ലഭിച്ച അധ്യാപകരെ കെ-ടെറ്റ് പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ നിയമനടപടി സ്വീകരിക്കണമെന്നും സുപ്രീംകോടതി രണ്ടുവര്‍ഷം എല്ലാവര്‍ക്കും ഇളവനുവദിച്ചിട്ടുണ്ടെന്നും ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ സമര രംഗത്തിറങ്ങുമെന്നും അധ്യാപക സംഘടനകള്‍ ഭീഷണി മുഴക്കിയതോടെ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നും സര്‍ക്കാര്‍ ഇതിനെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നും മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കിയത്.
ഫെബ്രുവരിയില്‍ നടക്കുന്ന പ്രത്യേക കെടെറ്റ് പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു.
ചില സംഘടനകള്‍ കാര്യം എന്തെന്ന് മനസ്സിലാക്കും മുന്‍പ് എതിര്‍പ്പ് ഉന്നയിച്ചു എന്നാണ് ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രി വിശദീകരിക്കുന്നത്.
സുപ്രീം കോടതി ഉത്തവിനെതിരെ പുനഃപരിശോധനാ ഹരജി നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കിയതിന് പിന്നാലെ ഇതിന് വിരുദ്ധമായി വിദ്യാഭ്യാസവകുപ്പ് തന്നെ ഉത്തരവിറക്കിയത്.
സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രമുള്ള അധ്യാപകര്‍ വരെ കെ.ടെറ്റ് യോഗ്യത നേടണമെന്ന വ്യവസ്ഥയാണ് ഏറെ പ്രതിസന്ധി സൃഷ്ടിച്ചത്.
ഹയര്‍സെക്കന്‍ഡറി അധ്യാപക തസ്തികകളിലേക്കുള്ള (എച്ച്.എസ്.എസ്.ടി/ എച്ച്.എസ്.എസ്.ടി ജൂനിയര്‍) ബൈ ട്രാന്‍സ്ഫര്‍ നിയമനത്തിന് പോലും കെ.ടെറ്റ് കാറ്റഗറി മൂന്ന് യോഗ്യത നേടിയ ഹൈസ്‌കൂള്‍ അധ്യാപകരെ പരിഗണിച്ചാല്‍ മതിയെന്നാണ് ഉത്തരവില്‍ പറയുന്നത്.
സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ വ്യക്തത തേടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ കത്തിലാണ് സര്‍വീസിലുള്ള അധ്യാപകരെ ഒന്നടങ്കം പ്രതിസന്ധിയിലാക്കുന്ന ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചത്.
ആശങ്ക പരത്തുന്ന ഉത്തരവ് പ്രതിഷേധങ്ങളെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് പിന്‍വലിക്കുകയായിരുന്നു.
അതേസമയം, വിദ്യാഭ്യാസ വകുപ്പ് തൊടുന്നതെല്ലാം പിഴയ്ക്കുന്നതും എല്‍.ഡി.എഫിന് തിരിച്ചടിയാകുന്നുണ്ട്.
മുന്നണിയില്‍ കൂടിയാലോചന ഇല്ലാതെ പി.എം ശ്രീയില്‍ ഒപ്പിട്ടതും പിന്നീട് സി.പി.ഐ പ്രതിഷേധത്തെ തുടര്‍ന്ന് ഉത്തരവ് മരവിപ്പിക്കേണ്ടി വന്നിരുന്നു.
ഇപ്പോൾ സമാന രീതിയില്‍ മറ്റൊരു ഉത്തരവ് കൂടി വിദ്യാഭ്യാസ വകുപ്പിന് പ്രതിഷേധങ്ങളെ തുടര്‍ന്ന് മരവിപ്പിക്കേണ്ടി വന്നിരിക്കുകയാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us