/sathyam/media/media_files/wej9YrbnJ3y3yjlnZaA8.jpg)
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2021 ന് ശേഷമുള്ള ഉപ തെരഞ്ഞെടുപ്പുകള്‍, ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പ്, സി.പി.എം നയിക്കുന്ന എല്‍.ഡി.എഫിന് കനത്ത തിരിച്ചടികള്‍ നല്‍കിയ തെരഞ്ഞെടുപ്പുകളാണിത്.
ഈ തെരഞ്ഞെടുപ്പ് തോല്‍വികളില്‍ നിന്നു ഒരു പാഠവും സി.പി.എം പഠിച്ചിട്ടില്ലെന്നു തെളിയിക്കുന്നതാണു വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം ഒരുക്കുന്ന അജണ്ടകള്‍.
അധികാരം യു.ഡി.എഫിനു വെച്ചു നീട്ടുന്ന തരത്തിലാണ് സി.പി.എം നീക്കങ്ങള്‍.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടം വിഷയം മാത്രം ഉയര്‍ത്തിക്കാട്ടി സ്വർണ കൊള്ള ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ മറികടക്കാന്‍ കഴിയുമെന്നു സി.പി.എം കരുതിയിരുന്നെങ്കിലും ജനങ്ങള്‍ക്ക് അതൊന്നുമല്ല അടിസ്ഥാന പ്രശ്‌നങ്ങള്‍ എന്നു തെളിയിച്ചതാണ് യു.ഡി.എഫിന് മേല്‍കൈ നല്‍കിയ തെരഞ്ഞെടുപ്പ് ഫലം.
ഇപ്പോള്‍ എന്തു കണ്ടാലും സി.പി.എമ്മിന് പേടി എന്ന പോലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കുടുക്കാന്‍ നിയമോപദേശവും മറികടന്ന് സര്‍ക്കാര്‍ അജണ്ട സെറ്റ് ചെയ്യുകയാണ്.
പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി . സതീശനെതിരെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ നീക്കം നിയമോപദേശവും വിജിലന്‍സ് എതിര്‍പ്പും മറികടന്നാണ് എന്നതും കൗതുകമാണ്.
വി.ഡി.സതീശനെതിരെ സി.ബി.ഐ അന്വേഷണത്തിന് നിയമസാധുതയില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു.
സംസ്ഥാനത്ത് കേസെടുക്കാത്ത ഒരു പരാതി സിബിഐക്ക് കൈമാറാനാവില്ല എന്നതാണ് ഒന്നാമത്തെ നിയമതടസമായി ചൂണ്ടിക്കാണിച്ചത്.
എഫ്ആര്‍സിഎ നിയമത്തിന്റെ 3 ാം സെക്ഷന്‍ വി.ഡി.സതീശന് ബാധകമാവില്ലെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടി വിദേശഫണ്ട് സ്വീകരിച്ചാലാണ് ആ സെക്ഷന്‍ ബാധകമാകുന്നത്. വി.ഡി.സതീശന്റെ അക്കൗണ്ടിലേക്ക് വിദേശഫണ്ട് വന്നില്ലെന്ന് വ്യക്തമായി.
മണപ്പാട് ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് ഫണ്ട് കൈകാര്യം ചെയ്തത്. അവര്‍ക്ക് വിദേശഫണ്ട് കൈകാര്യം ചെയ്യാന്‍ അനുവാദമുണ്ട്.
അത് നിയമലംഘനമാണങ്കില്‍ പോലും വി.ഡി.സതീശന്‍ അതിന്റെ ഭാരവാഹിയല്ലാത്തതിനാല്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു നിയമോപദേശം.
ആവശ്യമെങ്കില്‍ സിബിഐ അന്വേഷമാകാമെന്ന് ശിപാര്‍ശ ചെയ്ത വിജിലന്‍സും പിന്നീട് ഇക്കാര്യം ആഭ്യന്തര വകുപ്പിനെ അറിയിച്ചു.
ഇതോടെയാണ് 2025 ജനുവരി അവസാനം ലഭിച്ച ശുപാര്‍ശയില്‍ തുടര്‍നടപടി സ്വീകരിക്കാതിരുന്നത്.
ഇപ്പോള്‍ സര്‍ക്കാര്‍ തിടുക്കപ്പെട്ട് നപടികള്‍ സ്വീകരിക്കുന്നതു തെരഞ്ഞെടുപ്പിലെ തോല്‍വി മുന്നില്‍കണ്ടാണ്.
യു.ഡി.എഫില്‍ ജയിച്ചാല്‍ ആര് മുഖ്യമന്ത്രിയാകുമെന്നു കോണ്‍ഗ്രസില്‍ അടിയാണ് എന്നുള്ള സി.പി.എം സൈബര്‍ പോരാളികളുടെ പ്രചാരണങ്ങള്‍ക്കു എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ബത്തേരിയിലെ കെ.പി.സി.സി ക്യാമ്പില്‍ മറുപടി നല്‍കിയിരുന്നു.
ഇത്തരം ചര്‍ച്ചകളുടെ ഉറവിടം തിരിച്ചുവരവിനുള്ള ഏക മാര്‍ഗം നമ്മളുടെ ഇടയില്‍ ഭിന്നത ഉണ്ടാക്കിയാലേ സാധ്യമാകൂ എന്നറിഞ്ഞുകൊണ്ടുള്ള ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും പരീക്ഷണമാണ്.
പിണറായി വിജയനോടും ബി.ജെ.പിയോടും പറയാനുള്ളത് ആ കട്ടില്‍ കണ്ടു പനിക്കേണ്ട എന്നു തന്നെയാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു ഇത്തരം പ്രചാരണങ്ങള്‍ക്ക് തടയിട്ടു.
സംസ്ഥാനത്ത് യുഡിഎഫ് ഉജ്ജ്വതിരിച്ചുവരവ് അറിയിച്ച തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവുംകൂടുതല്‍ നേട്ടമുണ്ടാക്കിയ പാര്‍ട്ടിയായിമാറിയത് മുസ്ലിം ലീഗാണ്.
ഭരണവിരുദ്ധ വികാരത്തിനൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ക്ഷീണം മാറ്റാനുള്ള എല്‍ഡിഎഫിന്റെ ചില പ്രചാരണങ്ങളുടെ ഗുണഭോക്താവായും ലീഗ് മാറുകയായിരുന്നു.
സിപിഎമ്മും കോണ്‍ഗ്രസ്സും കഴിഞ്ഞാല്‍ വാര്‍ഡുകളിലെ വിജയത്തില്‍ സംസ്ഥാനത്ത് മൂന്നാമത്തെ വലിയ പാര്‍ട്ടിയാണ് ലീഗ്.
വടക്കന്‍ ജില്ലകളില്‍ യുഡിഎഫിന് അടിത്തറ ഭദ്രമാക്കിയത് കൂടാതെ തെക്കന്‍ ജില്ലകളില്‍ ഭേദപ്പെട്ട പ്രകടനം നടത്താനും പല ജില്ലകളിലും അക്കൗണ്ട് തുറക്കാനും ഈ തദ്ദേശ തിരഞ്ഞെടുപ്പിലൂടെ മുസ്ലിം ലീഗിന് കഴിഞ്ഞു.
ഭൂരിപക്ഷ വോട്ടുകള്‍ ലക്ഷ്യംവെച്ചുള്ള എല്‍ഡിഎഫിന്റെ തന്ത്രംപാളിയതാണ് ലീഗിന് ഇത്രയധികം സീറ്റുകള്‍ നേടാന്‍ കാരണമായതെന്നാണ് കണക്കുകള്‍ വിലയിരുത്തപ്പെടുന്നത്.
ന്യൂനപക്ഷ പ്രീണനമെന്ന ആരോപണം മറികടക്കുന്നതിനും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയിലേക്കൊഴുകിയ വോട്ടുകള്‍ തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യവും മുന്‍നിര്‍ത്തിയാണ് വെള്ളാപ്പള്ളി നടേശനെ സിപിഎം കൂട്ടുപിടിച്ചത്.
ആവര്‍ത്തിച്ച് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി വരുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളാപ്പള്ളി നടേശനൊപ്പം കാറില്‍ ഒരുമിച്ച് യാത്ര ചെയ്തത്.
സമീപകാലത്തായി എല്‍ഡിഎഫിലേക്ക് അടുത്തിരുന്ന മുസ്ലീം വോട്ടുകള്‍ അകലുന്നതിലേക്ക് ഇത്തരം സമീപനങ്ങള്‍ വഴിവെച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയം കണ്ട ജമാഅത്തെ ഇസ്ലാമി-ലീഗ് ബന്ധമെന്ന ആരോപണവും കാര്യമായി ഏശിയില്ല.
ഭൂരിപക്ഷ വോട്ടുകള്‍ തിരിച്ചെത്തിക്കാനുള്ള സിപിഎമ്മിന്റെ ഇത്തരം തന്ത്രങ്ങള്‍ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കുന്ന സ്ഥിതിയിലേക്ക് മാറി.
കേരളത്തിലെ ന്യൂനപക്ഷം ഇടതുപക്ഷത്തെ അവിശ്വസിക്കുകയും ലീഗ് മത്സരിച്ചിടത്തെല്ലാം പരമാവധി വോട്ടുകള്‍ ലീഗിന്റെ അക്കൗണ്ടിലേക്ക് മാറുകയും ചെയ്ത കാഴ്ചയാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്.
ഇതേ നിലപാട് നിയമസഭയിലും സി.പി.എം ആവര്‍ത്തിച്ചാല്‍ തദ്ദേശ ഫലം നിമസഭയിലും പ്രതിഫലിക്കും.
ഒളിച്ചും പാത്തും പി.എം. ശ്രീ ധാരണാപത്രം ഒപ്പിട്ടത്, ദേശീയ തൊഴില്‍ നയത്തിലെ ഭേദഗതി നടപ്പാക്കാന്‍ കരട് ഡ്രാഫ്റ്റ് ചെയ്തത്, കെ ടെറ്റ് നിര്‍ബന്ധമാക്കി ഉത്തരവ് ഇറക്കി അധ്യാപകരെ സമ്മര്‍ദത്തിലാക്കി, എയ്ഡഡ് അധ്യാപകരെ നിയമന അംഗീകാരം നല്‍കാതെ ഇന്നും നടത്തിക്കുന്നതെല്ലാം സംസ്ഥാന സര്‍ക്കാരിനെതിരായ ജനവിരുദ്ധ വികാരം ആളിക്കത്തിക്കുന്നതായി മാറി.
സര്‍ക്കാര്‍ തുറുപ്പു ചീട്ടാകുമെന്നു കരുതിയ അതിദരിദ്രരില്ലാത്ത സംസ്ഥാനം ഏശിയതുമില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us