/sathyam/media/media_files/2026/01/06/img166-2026-01-06-19-02-00.jpg)
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ നിന്നും ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ടുള്ള ചാണ്ടി ഉമ്മൻ്റെ നാടകീയ നീക്കങ്ങൾക്ക് പിന്നിൽ നേതൃത്വത്തോടുള്ള പ്രതിഷേധം.
പാർട്ടി നേതൃത്വത്തിലെ ഒരു വിഭാഗം തന്നെ തുടർച്ചയായി അവഗണിക്കുന്നതിലുള്ള പ്രതിഷേധമാണ് ചാണ്ടി ഉമ്മൻ പ്രകടിപ്പിക്കുന്നത്. എ ഗ്രൂപ്പ് നേതാക്കളായിരുന്ന കെ.പി.സി.സി വർക്കിങ്ങ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ എം.പി, പി.സി. വിഷ്ണുനാഥ് എന്നിവരോടാണ് ചാണ്ടിയുടെ പ്രതിഷേധം.
ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് അച്ചു ഉമ്മനും മറിയാ ഉമ്മനും മത്സരിക്കാൻ തയാറാണെന്ന വാർത്തകൾക്ക് പിന്നിലും ഈ നേതാക്കളാണെന്ന സംശയത്തിലാണ് പുതുപ്പള്ളി ഒഴിയാൻ തയ്യാറാണെന്ന് അറിയിച്ചത്.
മത്സരിക്കാനില്ലെന്ന കാര്യം അച്ചു ഉമ്മൻ പലതവണ വ്യക്തമാക്കിയിട്ടും അവർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന വാർത്ത വരുന്നതിന് പിന്നിൽ ഷാഫി പറമ്പിലും കൂട്ടരുമാണെന്നാണ് ചാണ്ടി ഉമ്മൻ അടുപ്പക്കാരായ നേതാക്കേളോട് പറഞ്ഞിട്ടുള്ളത്.
തന്നെ താഴ്ത്തി കെട്ടാനും തുരത്തി ഓടിക്കുന്നതിനുള്ള തന്ത്രം എന്ന നിലയിലാണ് ചാണ്ടി ഉമ്മൻ ഈ നീക്കങ്ങളെ കാണുന്നത്. പാർട്ടി പുന:സംഘടനയിൽ തന്നെ വ്യക്തി പരമായി തഴഞ്ഞതിന് പുറമേ താൻ നിർദ്ദേശിച്ച പേരുകൾ വെട്ടിയതും ചാണ്ടി ഉമ്മനെ വേദനിപ്പിച്ചിരുന്നു
ഉമ്മൻ ചാണ്ടിയോട് ഏറെ അടുപ്പം ഉള്ള നേതാവ് എന്ന നിലയിൽ കെ. ശിവദാസൻ നായരുടെ പേരാണ് ചാണ്ടി നിർദ്ദേശിച്ചത്.
ഇത് കൂടാതെ കെ.പി.സി.സി ഭാരവാഹിത്വത്തിലേക്ക് മറ്റ് ചില പേരുകൾകൂടിനിർദ്ദേശിച്ചെങ്കിലും അതും പരിഗണിച്ചില്ല. ഇതിന് പിന്നിലും ഷാഫി പറമ്പിൽ ടീം തന്നെയാണെന്നാണ് ചാണ്ടി ഉമ്മൻ കരുതുന്നത്.
പുന: സംഘടനയിൽ അതൃപ്തിയുണ്ടെന്ന് വന്നപ്പോൾ ദേശിയ നേതൃത്വം ഇടപെട്ട് പുതിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതല നൽകിയെതെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കുന്നു.
സുൽത്താൻ ബത്തേരിയിൽ നടന്ന ലക്ഷ്യ 2026 നേതൃ ക്യാമ്പിൽ വെച്ചാണ് പുതുപ്പള്ളി മണ്ഡലം ഒഴിയാൻ സന്നദ്ധനാണെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയെ അറിയിച്ചത്. സ്ഥാനാർഥി നിർണയ ചർച്ചകൾ നടക്കാനിരിക്കെ ചാണ്ടി ഉമ്മൻെറ നടപടിയിൽ നേതൃത്വത്തിന് അതൃപ്തിയുണ്ട്.
ഒറ്റക്കെട്ടായി നിയമസഭാ തിരഞ്ഞെടുപ്പിെനെ നേരിടുമെന്ന് പ്രഖ്യാപിച്ച് കൊണ്ട് നടന്ന ലക്ഷ്യ 2026 നേതൃ സംഗമത്തിൻ്റെ സമാപന സമയത്ത് സീറ്റ് ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ടുള്ള വാർത്ത പുറത്തു വിട്ട ചാണ്ടി ഉമ്മൻെറ നടപടിയിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ വലിയ അതൃപ്തിയുണ്ട്.
ശുഭകരമായി പര്യവസാനിച്ച ക്യാമ്പിൻ്റെ ശോഭ കെടുത്താനുള്ള ശ്രമമാണ് ചാണ്ടി ഉമ്മൻ നടത്തിയതെന്നാണ് കോൺഗ്രസ് നേതൃത്വത്തിൽ ഉയരുന്ന വിമർശനം. കോട്ടയത്തെ മാധ്യമ പ്രവർത്തകർ വഴിയാണ് ചാണ്ടി വാർത്ത പുറത്തു വിട്ടത്.
വാർത്തയുടെ ലിങ്കിന് താഴെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണ്. "ഇത് ഇവൻ്റെ ഒരു നമ്പർ അല്ലിയോ ?" , അയ്യോ "അച്ഛാ പോകല്ലേ" , സീറ്റ് ഉറപ്പിക്കാനുളള സൈക്കോളജിക്കൽ മൂവ് എന്നിങ്ങനെ പോകുന്നു സമൂഹ മാധ്യമങ്ങളിലെ കമൻ്റുകൾ.
ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ചെങ്ങന്നൂരിൽ മത്സരിക്കുന്നു എന്ന വാർത്തക്ക് എതിരെയും രൂക്ഷ വിമർശനമുണ്ട്. അമ്മച്ചിക്കും കൂടി ഒരു സീറ്റ് കൊടുക്കാമായിരുന്നു എന്നാണ് പരിഹാസം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us