കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ.. വെല്ലുവിളിയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഏയിംസ് സ്ഥാപിക്കാന്‍ അഞ്ച് ജില്ലകള്‍ നിര്‍ദേശിക്കാനും ആവശ്യം. ഇക്കുറി എയിംസ് കിട്ടുമോ, രാഷ്ട്രീയ വിവാദം മാത്രമായി അവശേഷിക്കുമോ

2014ല്‍ അരുണ്‍ ജയ്റ്റ്‌ലി ധനമന്ത്രിയായിരുന്നപ്പോഴാണ് ആദ്യമായി കേരളത്തിന് എയിംസ് എന്ന പ്രഖ്യാപനം വന്നത്.

New Update
suresh gopi111

കോട്ടയം: ഒരു പതിറ്റാണ്ടായിട്ടുള്ള കേരളത്തിന്റെ സ്വപ്‌നമാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്.

Advertisment

കേരളത്തിന്റെ ആരോഗ്യ പുരോഗതിയില്‍ എയിംസ് വന്‍ കുതിപ്പു ചാട്ടത്തിന് വഴിവെക്കുമെന്നുറപ്പാണ്.

പക്ഷേ, ഇതുവരെ തരും തരും എന്നു പറയുന്നതല്ലാതെ കേരളത്തിന് എയിംസ് കിട്ടിയിട്ടില്ല.

2014ല്‍ അരുണ്‍ ജയ്റ്റ്‌ലി ധനമന്ത്രിയായിരുന്നപ്പോഴാണ് ആദ്യമായി കേരളത്തിന് എയിംസ് എന്ന പ്രഖ്യാപനം വന്നത്.

ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും, സ്ഥലം ചൂണ്ടിക്കാണിച്ചിട്ടും എയിംസ് പ്രഖ്യാപനം ഉണ്ടായില്ല.

പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പദ്ധതിയില്‍ രാജ്യത്താകെ 22 എയിംസുകളാണു പണിയാന്‍ പോകുന്നത്. ഇക്കൂട്ടത്തില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല.

സ്ഥലം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയില്ലെന്നാണ് ആദ്യം കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞിരുന്നത്.

 കോഴിക്കോട് കിനാലൂരില്‍ 200ഏക്കര്‍ ഭൂമിയേറ്റെടുത്തതിന്റെ വിവരങ്ങളും സംസ്ഥാനം കൈമാറുകയും ചെയ്തിരുന്നു എന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.

 എന്നിട്ടും എയിംസ് കിട്ടിയില്ല. ഇതോടെ എയിംസിനെ ചൊല്ലി സംസ്ഥാനം ഭരിക്കുന്ന എല്‍.ഡി.എഫും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി നേതാക്കളും തമ്മില്‍ തര്‍ക്കം ഉണ്ടാകുന്നത് പതിവാണ്.

കേരളത്തോടുള്ള അവഗണനയാണ് എയിംസ് അനുവദിക്കാത്തതിനു പിന്നിലെന്നു എല്‍.ഡി.എഫ് നേതാക്കള്‍ ആരോപിക്കുന്നു.

അതേസമയം, കേന്ദ്രം എയിംസ് തരും. ആദ്യം നിങ്ങള്‍ സ്ഥലം കണ്ടെത്തൂ എന്നു ബി.ജെ.പി നേതാക്കളും വാദിക്കുന്നു.

 കേന്ദ്ര മന്ത്രിയും തൃശൂര്‍ എം.പിയുമായ സുരേഷ് ഗോപിയാണ് എയിംസുമായി ബന്ധപ്പെട്ട് അവകാശ വാദങ്ങളും വിവാദങ്ങളും സൃഷ്ടിക്കുന്നതില്‍ മുന്‍പില്‍.

രാജ്യസഭാംഗമായിരുന്ന കാലം മുതല്‍ കേരളത്തില്‍ എയിംസ് കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുന്നയാളാണ് സുരേഷ് ഗോപി.

ഇക്കുറി കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ, എന്നു സിനിമാ സ്റ്റയിലില്‍ പറഞ്ഞാണ് അദ്ദേഹം വീണ്ടും വിഷയം ചര്‍ച്ചയാകുന്നത്. ''പുച്ഛം കാണും, കേരളത്തില്‍ എയിംസ് വരുമെന്ന് പറയുമ്പോള്‍ പലരും അങ്കലാപ്പിലാകുന്നുണ്ട്.

പുച്ഛിക്കും, അത് അവരുടെ ഡി.എന്‍.എയാണ്. അത് അവര്‍ ചെയ്തുകൊണ്ടേയിരിക്കും.

പി.ഒ.എസ്. മെഷീനെ കുറിച്ചും ഇന്ത്യയിലെ സാധാരണക്കാരായ ആളുകളുടെ പച്ചക്കറി മാര്‍ക്കറ്റില്‍ വരെ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വരുമെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞപ്പോള്‍ രാജ്യസഭയില്‍ നിന്നുകൊണ്ട് വലിയ സാമ്പത്തിക വിദഗ്ധന്‍, സുപ്രീം കോടതിയിലെ വലിയ വക്കീല്‍ രാജാവ് എന്താണ് പുച്ഛിച്ചതെന്ന് നിങ്ങള്‍ കണ്ടതല്ലേ.

അവരുടെ കയ്യില്‍ മൊബൈലുണ്ടോ, വൈഫൈ കണക്ഷനുണ്ടോ എന്നൊക്കെയല്ലേ ചോദിച്ചത്.

ഇന്ന് ബ്രിട്ടണിലെ ഒരു സംഘം വന്നപ്പോള്‍ രാജ്യത്തെ സാധാരണക്കാരായ സ്ത്രീകള്‍ എന്താണ് മറുപടി കൊടുത്തത്, വീ ഡോണ്ട് ടേക്ക് കറന്‍സി എന്ന്.

ഈ രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയെങ്കില്‍ കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ എന്ന് മാത്രമേ എനിക്ക് പറയാന്‍ പറ്റൂ,' സുരേഷ് ഗോപി പറഞ്ഞു.

എയിംസ് സ്ഥാപിക്കാന്‍ അഞ്ച് ജില്ലകള്‍ നിര്‍ദേശിക്കാന്‍ സുരേഷ് ഗോപി ആവശ്യപ്പെട്ടു.

ആലപ്പുഴ ജില്ലയില്‍ എയിംസ് വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും, രാഷ്ട്രീയമായും സാമൂഹികമായും വഞ്ചിക്കപ്പെട്ടും അവഗണിക്കപ്പെട്ടും കിടക്കുന്ന ജില്ല എന്ന നിലയില്‍ ആലപ്പുഴയ്ക്കാണ് അതിന് അര്‍ഹതയുണ്ട്.

2016 മുതല്‍ കൂടുതല്‍ ജില്ലകളുടെ പേരുകള്‍ നിര്‍ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെടുന്നുണ്ട്.

നിങ്ങള്‍ തരുന്ന രണ്ടോ മൂന്നോ ജില്ല മാത്രമല്ല, അഞ്ച് ജില്ലകളുടെ പേര് നിര്‍ദേശിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്നും തൃശൂര്‍ എം.പി പറഞ്ഞു''

ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്നത്.

ബജറ്റില്‍ കേരളത്തിനുള്ള എയിംസ് ഉണ്ടാകുമോ എന്ന ആകാംഷ ഇതോടെ വര്‍ധിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മിഷന്‍ 40 പ്രഖ്യാപിച്ച ബിജെപിക്കു എയിംസ് പ്രഖ്യാപനം ഉണ്ടായാല്‍ വന്‍ നേട്ടമാകും എന്ന വിലയിരുത്തല്‍ ഉണ്ട്. ഇക്കുറി എയിംസ് ഉണ്ടാകുമെന്നു പല ബിജെപി നേതാക്കളും പ്രതികരിക്കുന്നുണ്ട്.

ഇതു ബി.ജെ.പിക്കു വോട്ടു വര്‍ധിക്കാന്‍ കാരണമാകുമെന്നുറപ്പാണ്. അതേസമയം, എയിംസില്‍ കേന്ദ്ര സര്‍ക്കാരും ബി.ജെ.പി നേതാക്കളും തെറ്റിദ്ധാരണ പരത്താനാണ് ശ്രമിക്കുന്നതെന്നാണ് എല്‍.ഡി.എഫ് നേതാക്കള്‍ ആരോപിക്കുന്നത്.

Advertisment