/sathyam/media/media_files/ch6V4xyJRnAWYdnYXCRr.jpg)
കോട്ടയം: നടന്‍ നിവിന്‍ പോളിയെ വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ നിര്‍മാതാവ് പി.എസ് ഷംനാസിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കോടതി.
വൈക്കം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കോടതി ചുമത്തിയത്.
ആക്ഷന്‍ ഹീറോ ബിജു-2 എന്ന ചിത്രത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട തർക്കമാണ് വ്യാജ കേസിൽ കലാശിച്ചത്.
കോടതിയില്‍ വ്യാജ രേഖയും വ്യാജ സത്യവാങ്മൂലവും നല്‍കിയതിനും കോടതിയില്‍ നിന്ന് വിവരങ്ങള്‍ മറച്ചുവച്ചതിനും ബിഎന്‍എസ് നിയമത്തിലെ 229, 236, 237 വകുപ്പുകള്‍ ചുമത്തി പി.എസ് ഷംനാസിനെതിരെ കേസെടുത്തു.
വ്യാജ തെളിവുകള്‍ നല്‍കുന്നത് കോടതിയെ കബളിപ്പിക്കലെന്ന് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി.
കോടതിയില്‍ സത്യം അറിയിക്കേണ്ട പി.എസ് ഷംനാസ് മനപൂര്‍വം വ്യാജ വിവരങ്ങള്‍ നല്‍കിയെന്നും കോടതി.
നീതിക്കായി പ്രൊസിക്യൂഷന്‍ നടപടി അനിവാര്യമെന്ന് പറഞ്ഞ കോടതി, നിർമാതാവ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും നിരീക്ഷിച്ചു.
കോടതിതല അന്വേഷണം നടത്തിയ ശേഷമാണ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്തത്. നിവിന്‍ പോളിക്കായി ഹൈക്കോടതിയിലെ അഭിഭാഷകരായ ടി. സുകേഷ് റോയിയും മീര മേനോനും ഹാജരായി.
കഴിഞ്ഞവർഷം ജൂലൈ 29നാണ് കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകള്‍ ഹാജരാക്കി നടന്‍ നിവിന്‍ പോളിക്കെതിരെ പരാതി നല്‍കിയ നിര്‍മാതാവ് പി.എസ് ഷംനാസിനെതിരെ വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
കോടതിയില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയതിനും കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകള്‍ ഹാജരാക്കിയതിനും എതിരെയായിരുന്നു അന്വേഷണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us