ശബരിമല സ്വര്‍ണക്കൊടിമര പ്രതിഷ്ഠ മറയാക്കി നടന്ന അഴിമതിയില്‍ കേസെടുക്കാന്‍ എസ്.ഐ.ടി. അജയ് തറയിലിനെ വൈകാതെ ചോദ്യം ചെയ്യും. സ്വര്‍ണ കൊള്ള കേസില്‍ കോണ്‍ഗ്രസിന്റെ കടന്നാക്രമണം കുറയുമെന്ന ആശ്വാസത്തില്‍ സി.പി.എം. കോണ്‍ഗ്രസിനും സി.പി.എമ്മിനുമെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ബി.ജെ.പി

എസ്.ഐ.ടി അന്വേഷണം  കോണ്‍ഗ്രസ് ഭരണ സമിതിയുടെ കാലത്തേക്കു കൂടി കടന്നതോടെ സി.പി.എം ആശ്വാസത്തിലാണ്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
1001567604

കോട്ടയം: ശബരിമല സ്വര്‍ണക്കൊടിമര പ്രതിഷ്ഠ മറയാക്കി 2017ല്‍ കോണ്‍ഗ്രസ് നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍, അജയ് തറയില്‍ എന്നിവര്‍ ചേര്‍ന്ന് രണ്ടരക്കോടിയുടെ അനധികൃത പണപ്പിരിവു നടത്തിയെന്ന കണ്ടെത്തലില്‍ കേസെടുക്കാൻ എസ്.ഐ.ടി. അജയ് തറയിലിനെ എസ്.ഐ.ടി. വൈകാതെ ചോദ്യം ചെയ്യുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

Advertisment

എസ്.ഐ.ടി അന്വേഷണം  കോണ്‍ഗ്രസ് ഭരണ സമിതിയുടെ കാലത്തേക്കു കൂടി കടന്നതോടെ സി.പി.എം ആശ്വാസ ത്തിലാണ്.

 നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ എസ്.ഐ.ടിയുടെ കണ്ടെത്തല്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തി ലാക്കുമെന്നു സി.പി.എം കണക്കുകൂട്ടുന്നു.

അതേസമയം, കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കാന്‍ കിട്ടിയ സുവര്‍ണാവസരമായാണ് ബി.ജെ.പി പുതിയ സംഭവ വികാസങ്ങളെ  കാണുന്നത്.

തന്ത്രിക്കെതിരെയുള്ള ആരോപണങ്ങളില്‍ ബി.ജെ.പി തന്ത്രിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.

വാജി വാഹനം തന്ത്രി കൊണ്ടുപോയതില്‍ തെറ്റില്ലെന്ന നിലപാട് ആവാര്‍ത്തിക്കുമ്പോഴും കൊടിമരം സ്ഥാപിക്കുന്നത് സംബന്ധിച്ച് ബോര്‍ഡ് നടത്തിയ പണപ്പിരിവ് ഉയര്‍ത്തിക്കാട്ടിയാണ് ബി.ജെ.പിയുടെ നീക്കങ്ങള്‍.

47 വര്‍ഷം പഴക്കമുള്ള പഴയ കൊടിമരം മാറ്റി 2017ല്‍ പുതിയ സ്വര്‍ണക്കൊടിമരം സ്ഥാപിക്കാന്‍ തീരുമാനിച്ചത് പ്രയാര്‍ ഗോപാല കൃഷ്ണന്‍ പ്രസിഡന്റായ ദേവസ്വം ബോര്‍ഡാണ്.

കോണ്‍ക്രീറ്റ് തൂണില്‍ നിര്‍മിച്ച പഴയ കൊടിമരത്തില്‍ ചിതല്‍ കയറിയെന്ന് ഭക്തര്‍ക്കിടെ പ്രചരിപ്പിച്ചും ഇതു സാധൂകരിക്കുന്ന തരത്തില്‍ ദേവപ്രശ്നം നടത്തിച്ചുമാണ് പുതിയ കൊടിമരം സ്ഥാപിക്കാന്‍ കളമൊരുക്കിയതെന്നാണ് ബി.ജെപി ഉയർത്തുന്ന ആരോപണം.

2017 ഫെബ്രുവരി 17നാണ് പഴയ കൊടിമരം ആചാര വിധി പ്രകാരം പൊളിച്ചുമാറ്റിയത്.

 ചീഫ് എന്‍ജിനീയര്‍ ജി. മുരളീകൃഷ്ണന്‍ കൊടിമരം സ്ഥാപിക്കാന്‍ തയാറാക്കിയ 3,20,30,000 രൂപയുടെ എസ്റ്റിമേറ്റ് പ്രകാരം ഹൈദരാബാദ് ആസ്ഥാനമായ ഫിനിക്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം മുഴുവന്‍ തുകയും ദേവസ്വം ബോര്‍ഡിന് കൈമാറി.

2016 ഡിസംബര്‍ 23 മുതല്‍ നാലു തവണയായി ധനലക്ഷ്മി ബാങ്കില്‍, ദേവസ്വം ബോര്‍ഡ് എക്സി. ഓഫീസറുടെ പേരിലുള്ള അക്കൗണ്ടിലേക്ക് പണം കൈമാറിയതായി രേഖകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഇതു മറച്ചുവച്ച് അന്നത്തെ ബോര്‍ഡ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണനും ബോര്‍ഡ് അംഗം അജയ് തറയിലും ചേര്‍ന്ന് ചലച്ചിത്ര താരങ്ങള്‍ അടക്കമുള്ള പ്രമുഖരില്‍ നിന്ന് 2.5 കോടിയിലധികം രൂപ പിരിച്ചതായി എസ്ഐടി കണ്ടെത്തി.

 സ്പോണ്‍സറുണ്ടെന്നത് മറച്ചുവച്ചായിരുന്നു പിരിവ്.ഈ തുക എന്തിനായി ചെലവഴിച്ചെന്നതില്‍ വ്യക്തതയില്ല.

പണം ബാങ്കില്‍ അടച്ചതിനും രേഖയില്ല. അന്നത്തെ ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാകൃഷ്ണന്‍ മരിച്ചതിനാല്‍ മെമ്പറായിരുന്ന കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ ഇതിനു മറുപടി പറയാന്‍ ബാധ്യസ്ഥനാണ്.

അദ്ദേഹത്തെ വൈകാതെ ചോദ്യം ചെയ്യുമെന്നാണ് സൂചന. പുതിയ കൊടിമരത്തിന്റെ മകുടം ഉള്‍പ്പെടെ 18 പറകള്‍, പീഠം, വാജി വാഹനം, കൊടിക്കൂറ ദണ്ഡ്, 28 ആലിലകള്‍ എന്നിവ ചെമ്പില്‍ നിര്‍മിച്ച് 9.161 കിലോ തനിത്തങ്കമുപയോഗിച്ചു പൊതിയുകയായിരുന്നു.

ഇതിനാവശ്യമായ തങ്കം ദേവസ്വം ബോര്‍ഡ് കൊച്ചി കസ്റ്റംസ് ഓഫീസില്‍ നിന്നാണ് വാങ്ങിയതെന്ന് ദേവസ്വം രേഖകള്‍ വ്യക്തമാക്കുന്നു.

പ്രതിഷ്ഠ നടക്കുമ്പോള്‍ ഇപ്പോഴുള്ള കൊടിമരത്തിനു മുകളില്‍ ചെമ്പില്‍ നിര്‍മിച്ചു സ്വര്‍ണം പൂശിയ 28 ആലിലകളുണ്ടായിരുന്നു. ഇപ്പോള്‍ കൊടിമരത്തില്‍ ശേഷിക്കുന്നത് 13 ആലിലകള്‍ മാത്രം.

25 ആലിലകള്‍ കാറ്റില്‍ വീണുപോയെന്നു പറയുന്നെങ്കിലും ഇവ എവിടെയെന്നതിനു രേഖകളൊന്നും ദേവസ്വത്തിലില്ല.

Advertisment