കോട്ടയം നഗരസഭയിലെ രസീത് ബുക്ക് തിരിമറി. സെക്രട്ടറിയ്ക്കും മുന്‍ സെക്രട്ടറിയ്ക്കും നോട്ടീസ് നൽകി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി. രസീത് ബുക്കുകള്‍ നിരുത്തര വാദപരമായാണ് കൈകാര്യം  ചെയ്തിരുന്നതും അന്വേഷണത്തില്‍ വ്യക്തമായിരുന്നു

ജയകുമാറിന്റെ വീഴ്ചയാണെന്നും കുറ്റാരോപണ മെമ്മോയില്‍ പറയുന്നു.

New Update
1001575743

കോട്ടയം: സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടു കോട്ടയം നഗരസഭയിലെ   നിലവിലെ സെക്രട്ടിയ്ക്കും മുന്‍ സെക്രട്ടറിയ്ക്കും കാരണം കാണിക്കല്‍ നോട്ടീസ്.

Advertisment

മുന്‍ സെക്രട്ടറി ഡി. ജയകുമാര്‍, നിലവിലെ സെക്രട്ടറി ബി. അനില്‍കുമാര്‍ എന്നിവര്‍ക്കാണു തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി നോട്ടീസ് നല്‍കിയിരിക്കുന്നത്.

നഗരസഭയിലെ രസീത് ബുക്ക് തിരിമറിയുമായി ബന്ധപ്പെട്ട വീഴ്ചകള്‍ക്കാണു ജയകുമാറിനു നോട്ടീസ്‌നല്‍കിയത്.

വാടക കുടിശികയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കാണ് അനില്‍കുമാറിനു നോട്ടീസ്.

കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ 211 കോടി രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണു രസീത് ബുക്ക് തിരിമറി കണ്ടെത്തിയത്.

 നഗരസഭയുടെ രസീത് ബുക്കുകള്‍ അച്ചടിക്കാനുള്ള ചുമതല ഗ്രാമലക്ഷ്മി മുദ്രാലയത്തിനാണ്.

എന്നാല്‍, കോട്ടയം നഗരസഭയില്‍ 2019 മുതല്‍ 2021 വരെ നാലു തവണകളിലായി 12000 രസീത് ബുക്കുകള്‍ വടക്കന്‍ പറവൂരിലെ സ്വകാര്യ പ്രസില്‍ അച്ചടിച്ചതായി കണ്ടെത്തിയിരുന്നു.

രസീത് ബുക്കുകള്‍ നിരുത്തര വാദപരമായാണ് കൈകാര്യം  ചെയ്തിരുന്നതും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

വസ്തുനികുതിയുമായി ബന്ധപ്പെട്ട് 49728 വ്യാജ രസീതുകളിലൂടെ പ്രാഥമികമായി 10. 68 കോടി രൂപയുടെ  നഷ്ടമുണ്ടായതായും കണ്ടെത്തിയിരുന്നു.

കാര്യനിര്‍വഹണ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍  2022 സെപ്റ്റംബര്‍ 19 മുതല്‍  2023 ജനുവരി 25 വരെ സെക്രട്ടറിയായിരുന്ന ഡി. ജയകുമാറിന്റെ വീഴ്ചയാണെന്നും കുറ്റാരോപണ മെമ്മോയില്‍ പറയുന്നു.

നഗരസഭയില്‍ വര്‍ഷങ്ങളായി വാടക കുടിശികയുള്ള  വാടകക്കാരില്‍ നിന്നു തുക ഈടാക്കാതെ  കടുമുറികള്‍ വീണ്ടും പുതുക്കി നല്‍കി നഗരസഭയ്ക്കു സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണു നിലവിലെ സെക്രട്ടറി  ബി. അനില്‍ കുമാറിനെതിരായ കുറ്റാരോപണം.

 കാരണം കാണിക്കല്‍ നോട്ടീസിന് 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

Advertisment