/sathyam/media/media_files/2026/01/21/1001605448-2026-01-21-10-21-24.jpg)
കോട്ടയം: പുതുപ്പള്ളിയില്‍ റബര്‍ ബോര്‍ഡിന്റെ രണ്ടു ക്വാര്‍ട്ടേഴ്സുകളില്‍ നടന്ന കവര്‍ച്ചയ്ക്കു പിന്നില്‍ പ്രഫഷണല്‍ സംഘമെന്നു സംശയിച്ചു പോലീസ്.
സമാന കവര്‍ച്ച നടന്ന കേസുകള്‍ ഉള്‍പ്പടെ പോലീസ് പരിശോധിക്കുന്നു.
ഉത്തരേന്ത്യന്‍ സംഘങ്ങളും സംശയത്തിന്റെ നിഴലിലാണ്. ഇവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചോ എന്നും അന്വേഷണം നടക്കുന്നുണ്ട്.
രണ്ടു ക്വാര്‍ട്ടേഴുസുകളില്‍ നിന്നായി കവര്‍ന്നത് 73 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്.
ക്വാര്‍ട്ടേഴ്സുകളിലെ ഒന്ന്, രണ്ട് നിലകളിലായുള്ള ആളൊഴിഞ്ഞ ക്വാര്‍ട്ടേഴ്സകളിലാണു മോഷണവും മോഷണ ശ്രമങ്ങളും നടന്നത്.
റബര്‍ ഗവേഷണ കേന്ദ്രത്തിലെ സയന്റിസ്റ്റ് കാഞ്ഞിരപ്പള്ളി സ്വദേശി ഡോ. രേഖ, ഫാം ഓഫീസര്‍ മൂവാറ്റുപുഴ സ്വദേശി ജോയ് എടക്കര എന്നിവരുടെ ക്വാര്‍ട്ടേഴ്സു കളിലാണു മോഷണം നടന്നത്.
ഗവേഷണ കേന്ദ്രത്തിലെ ഓഫീസ് ജീവനക്കാരിയായ ചങ്ങനാശേരി സ്വദേശി ജയശ്രീ, സെക്യുരിറ്റി ഓഫീസര്‍ പാലക്കാട് സ്വദേശി മോഹന്‍ദാസ് എന്നിവരുടെ ക്വാര്‍ട്ടേഴ്സുകളില്‍ മോഷണ ശ്രമം നടന്നുവെങ്കിലും ഒന്നും മോഷ്ടിക്കപ്പെട്ടില്ല.
സിസ്റ്റം ഓഫീസറായ ആലപ്പുഴ സന്തോഷിന്റെ ക്വാര്‍ട്ടേഴ്സ് കുത്തിത്തുറക്കാന്‍ ശ്രമിച്ചുവെങ്കിലും മോഷ്ടാക്കള്‍ പരാജയപ്പെട്ടു മടങ്ങി.
ഡോ. രേഖയുടെ ക്വാര്‍ട്ടേഴ്സില്‍ നിന്നു 30 പവനും ജോയിയുടെ ക്വാര്‍ട്ടേഴ്സില്‍ നിന്നു 43 പവനും മോഷ്ടിക്കപ്പെട്ടതായാണു പ്രാഥമിക വിവരം.
അഞ്ചു ക്വാര്‍ട്ടേഴ്സുകളിലും മോഷണ സമയം ആളില്ലായിരുന്നു. വിദേശത്തു ടൂറിലായിരുന്ന ഡോ. രേഖ ഇന്നലെ രാവിലെ മടങ്ങിയെത്തുമ്പോഴാണു മോഷണ വിവരം അറിയുന്നത്.
തുടര്‍ന്നു നടത്തിയ പരിശോധനയിലാണു മറ്റിടങ്ങളിലെ മോഷണം അറിയുന്നത്. ഔദ്യോഗിക ആവശ്യങ്ങളുടെ ഭാഗമായി ജോയിയും ജില്ലയ്ക്കു പുറത്തായിരുന്നു.
ഡോ. രേഖയുടെ ക്വാര്‍ട്ടേഴ്സിന്റെ ചുമതല ഏല്‍പ്പിച്ചിരുന്നയാള്‍ തിങ്കളാഴ്ച വൈകിട്ട് ആറരയ്ക്ക് ഇവിടെയെത്തി മടങ്ങുമ്പോള്‍ മോഷണം നടന്നിരുന്നില്ല.
അര്‍ധരാത്രിയ്ക്കു ശേഷം മോഷണം നടന്നതായാണു പോലീസ് സംശയിക്കുന്നത്. ഡോ. രേഖയുടെയും മോഹന്‍ദാസിന്റെയും ക്വാര്‍ട്ടേഴ്സുകള്‍ രണ്ടാം നിലയിലാണ്. മറ്റു മൂന്നെണ്ണം ഒന്നാം നിലയിലും.
പ്രഫഷണല്‍ സംഘമാണു മോഷണത്തിനു പിന്നില്ലെന്നു സംശയിക്കുന്നതായി ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ് പറഞ്ഞു. കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ വടക്കന്‍ ജില്ലകളില്‍ മോഷണം നടന്നിരുന്നു.
ഇതേത്തുടര്‍ന്നു പ്രഫഷണല്‍ സംഘങ്ങളെ കേന്ദ്രീകരിച്ചാണു പോലീസ് അന്വേഷണം ആരംഭിച്ചത്.
എല്ലാ ക്വാര്‍ട്ടേഴ്സുകളിലെയും താമസക്കാര്‍ തിരികെ എത്തിയാല്‍ മാത്രമേ എത്ര സ്വര്‍ണം കളവു പോയെന്നും പണമോ മറ്റു വസ്തുക്കളോ മോഷ്ടിക്കപ്പെട്ടിട്ടുണ്ടോയെന്ന് അറിയാന്‍ കഴിയൂവെന്നു പോലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us