/sathyam/media/media_files/pXH6f9BGKfX1OFu99jUW.jpg)
കോട്ടയം: പാലായില്‍ മാണി സി കാപ്പനെതിരെ കോണ്‍ഗ്രസ് നേതാവിന്റെ തുറന്നു പറച്ചില്‍.
പിണറായിസത്തിനെതിരെ കാപ്പന്‍ വായ് തുറക്കാത്തത് എന്താണെു കോട്ടയം ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി, മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ സാബു എബ്രഹാം.
പ്രസംഗിച്ചില്ലെങ്കിലും ഒരു പ്രസ്താവന എങ്കിലും എഴുതി കൊടുത്തു കൂടെ.
കാപ്പന്‍ ഒരു പാര്‍ട്ടി പാലായില്‍ പത്ത് പേരെ കൂട്ടി പിണറായി സര്‍ക്കാരിനെതിരെ ഒരു സമരം നടത്താന്‍ തയ്യാറുണ്ടോ എന്നും സാബു എബ്രഹാം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
ഒന്നോ രണ്ടോ പ്രാവശ്യം ചക്ക ഇട്ടപ്പോള്‍ മുയല്‍ വീണു എന്നു കരുതി ഇപ്രാവശ്യവും പ്ലാവിന്റെ മുകളില്‍ കയറി ഇരുന്നാല്‍ അവിടെ ഇരിക്കുകയേയുള്ളു, മുയല്‍ അതിന്റെ വഴിക്ക് പോകും.
ജോസ് കെ. മാണി വിരോധം കൊണ്ടും , സഹതാപം കൊണ്ടും, പിണറായിക്കെതിരെ മൗനം പാലിച്ച് സഖാക്കളുടെ വോട്ടുകളും എപ്പോഴും നേടാം എന്നു കരുതുന്നത് മണ്ടത്തരമാണ്.
പാലായില്‍ ജോസ് കെ മാണി വിരോധം മാത്രം കൊണ്ട് വോട്ട് വാരാമെന്ന ചിന്ത മാറ്റിവച്ച്, കൃത്യമായ രാഷ്ട്രീയം പറയാനും സി.പി.എമ്മിനേയും ബി.ജെ.പിയേയും യെയും ഇനിയെങ്കിലും തുറന്നെതിര്‍ക്കാനും തയ്യാറാകണം.
ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്നു പറയപ്പെടുന്ന ഷോണ്‍ ജോര്‍ജ് കളത്തില്‍ വരുന്നതിന് മുന്നേ ഇനിയെങ്കിലും ബി.ജെ.പിക്കെതിരെ ശക്തമായ നിലപാട് പറയണം.
ചിലര്‍ക്ക് ഒരാളോട് ദേഷ്യമുണ്ടെങ്കില്‍ ഒരടി അല്ലെങ്കില്‍ രണ്ടടി കൊടുത്താല്‍ വിരോധം തീരാം. എപ്പോഴും കാണുമ്പോഴൊക്കെ അടിച്ചു കൊണ്ടിരിക്കുക എന്നത് സാധാരണമല്ല.
ജോസ് കെ മാണിക്ക് ജനം നല്ല പ്രഹരങ്ങള്‍ കൊടുത്തിട്ടുണ്ട്.
ഇനി സഹതാപം ഉണ്ടാകാനുള്ള സാധ്യതയും മുന്‍ കൂട്ടി കാണണം. പല തവണ തോറ്റ കാപ്പനും സഹതാപ വോട്ടുകളുടെ ഗുണ ഭോക്താവായിരുന്നു എന്നതും മറക്കരുത്.
പാലായില്‍ പത്ത് പേരെ കൂട്ടി പിണറായി സര്‍ക്കാരിനെതിരെ ഒരു സമരം നടത്താന്‍ തയ്യാറുണ്ടോ. പാലായില്‍ സമരം നടത്തുന്നതും വിയര്‍പ്പൊഴുക്കുന്നതുമെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
ഓരോ സമരത്തിനും പ്രകടനത്തിനും സര്‍ക്കാര്‍ ഓഫീസ് തടസപ്പെടുത്തി, വഴി തടസപ്പെടുത്തീന്ന് പറഞ്ഞ് എല്ലാ മാസവും ആയിരകണക്കിന് രൂപയാണ് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയുടെയും പേരില്‍ കോടതിയില്‍ ഫൈന്‍ അടയ്ക്കുന്നത്.
കാപ്പന്റെ പാര്‍ട്ടിയില്‍ ഒരാളെങ്കിലും ഒരു രൂപ സമരം ചെയ്തതിന്റെ പേരില്‍ ഫൈന്‍ അടച്ചിട്ടുണ്ടോ? ഒരാളെങ്കിലും അറസ്റ്റ് വരിച്ചിട്ടുണ്ടോ? സ്വന്തം പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളാണല്ലോ ആകെയുള്ള പാര്‍ട്ടി നേതാക്കന്മാര്‍, അവര്‍ പ്രവര്‍ത്തകരെയും കൂട്ടി ഇനിയെങ്കിലും ഒരു സമരം നടത്തി കാണിച്ചു കൂടെ.
പിണറായിക്കെതിരെ ത്യാഗം ചെയ്ത് പോരാടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടാക്കുന്ന ചില നടപടികളും കാപ്പന്റെ ഭാഗത്ത് നിന്നുണ്ടായി.
കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി പറഞ്ഞതനുസരിച്ച് പാലാ നഗരസഭാ ഇലക്ഷനില്‍ നിസാര വോട്ടിന് തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി രണ്ട് മൂന്ന് വീടുകളില്‍ ഒന്നു വരാമോ എന്ന് ചോദിച്ചപ്പോള്‍ താന്‍ ഒരു വീട്ടിലും കയറി വോട്ട് ചോദിക്കില്ല, എനിക്ക് സി.പി.എമ്മിന്റെയും സി.പി.ഐയുടെയുടെയും എല്ലാം വോട്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വേണ്ടതാണ്.
അതുകൊണ്ട് അത്തരം വര്‍ക്കിന് ഇല്ലാന്ന് മുഖത്ത് നോക്കി പറഞ്ഞപ്പോള്‍ അദ്ദേഹം ഞെട്ടി പോയി.
കൈപ്പത്തിയില്‍ നല്ല വോട്ടിന് വിജയിച്ച ഒരു പെണ്‍കുട്ടിയെ സ്ഥാനാര്‍ഥിയാക്കാതെയിരിക്കാന്‍ ആവതു ശ്രമിച്ചതും അതിനു സമ്മതിച്ചാല്‍ കോണ്‍ഗ്രസിന്റെ നഗരസഭാ തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ ഫണ്ടും തരാന്‍ ആളുണ്ട് എന്ന് പറഞ്ഞതും ആരാണ് ? അതിന്റെ പിന്നിലെ ഗൂഡ ലക്ഷ്യം എന്തായിരുന്നു ? കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികള്‍ക്കും പങ്കെടുക്കുന്ന ഒരു വ്യക്തിയെ (ഇപ്പോള്‍ ജയിച്ച്, കൗണ്‍സിലര്‍)
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ അദ്ദേഹത്ത കാപ്പന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്നു പറഞ്ഞ് സമ്മര്‍ദ്ദമുണ്ടാക്കിയത് എന്തിനാണ്.
മുനിസിപ്പല്‍ റിസല്‍ട്ട് വരുന്നതിന് മുന്‍പ് പാലായില്‍ യു.ഡി.എഫ് തോറ്റാല്‍ അതിന്റെ ഉത്തരവാദിത്തം മാണി സി കാപ്പനാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാവും നഗരസഭാ തെരഞ്ഞെടുപ്പ് കോര്‍ കമ്മറ്റി അംഗവുമായിരുന്ന ആര്‍. മനോജിന്റെ വെളിപ്പെടുത്തല്‍ വെറുതെ ഒരു ആരോപണം മാത്രമായിരുന്നില്ലല്ലോ.
പാലാ നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സ്ഥാനാര്‍ത്ഥികളുടെയും ഫോട്ടോയുള്ള ഒരു പാനല്‍ നോട്ടീസ് പോലും ഇറക്കിയില്ല.
സ്വതന്ത്ര കുടുംബ മുന്നണിയ്ക്ക് യു.ഡി.എഫ് പിന്തുണ എന്നത് കാപ്പന്റെ നിര്‍ദ്ദേശമായിരുന്നു.
യുഡിഎഫ് പാനലില്‍ വരാന്‍ അവര്‍ തയ്യാറല്ല. യു.ഡി.എഫിന് അവിടെ 3 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നുമില്ല.
അതുകൊണ്ട് 26-ല്‍ 3 സീറ്റ് ഒഴിച്ചിടേണ്ടി വരുമെന്ന ജാള്യത ഒഴിവാക്കാനാണ് ബാക്കി 23 സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന പാനല്‍ നോട്ടീസ് ഇറക്കാതിരുന്നത് എന്ന് കേട്ടു.
അത് ശരിയെങ്കില്‍ യഥാര്‍ത്ഥ യുഡിഎഫ് സ്ഥാനാര്‍ത്ഥികളോട് ചെയ്ത വലിയ അപരാധമായി പോയി.
എന്തുകൊണ്ടാണ് ജയിച്ചതിനു ശേഷം അവര്‍ എല്‍.ഡി.എഫു മായി വിലപേശലിന് പോയത്. അതിനെ കുറിച്ച് കാപ്പന് വല്ലതും പറയാനുണ്ടോ.
യുഡിഎഫ് പിന്തുണയുള്ള നഗരസഭാ ഭരണത്തിന് രൂപം കൊടുക്കുന്നതിന് തടസമാകരുത് എന്നും ഭരണതുടക്കത്തിലേ അതിന്റെ ശോഭയ്ക്ക് മങ്ങലേല്‍ക്കരുത് എന്നും കരുതി സ്റ്റാന്‍ഡിംഗ് കമ്മറ്റി തെരഞ്ഞെടുപ്പ് കഴിയുംവരെ കാത്തിരുന്നതാണ് ഇക്കാര്യങ്ങള്‍ പറയാന്‍ താമസിച്ചത്.
ജോസ് കെ.മാണിയുടെ തട്ടകം പലാനഗരസഭ പിടിക്കണമെന്ന വാശി തെരഞ്ഞെടുപ്പിന് ശേഷം മാത്രമാണ് പലര്‍ക്കും തോന്നിയത്.
എം.എൽ.എയുടെ ഊര്‍ജ്ജിത പ്രവര്‍ത്തനമാണ് പിന്നീട് നടന്നത് . അത് സ്വത്രന്ത്ര കുടുംബ മുന്നണിക്ക് പിന്തുണ സമാഹരിക്കാനും അവരുടെ ഡിമാന്റുകള്‍ അംഗീകരിപ്പിക്കാനുമുള്ള തീവ്രയജ്ഞമായിരുന്നു കാപ്പന്‍ നടത്തിയത്.
6 സീറ്റുള്ള കോണ്‍ഗ്രസിന് ആദ്യ ടേമില്‍ ഒരു വൈസ് ചെയര്‍മാന്‍ എങ്കിലും വേണമെന്ന ഡിമാന്‍ഡ് അംഗീകരിക്കപ്പെട്ടില്ല. അവിടെയും അതി സമ്മര്‍ദ്ദം മൂലം കോണ്‍ഗ്രസ് പരമാവധി വിട്ടുവീഴ്ച ചെയ്യുവാന്‍ നിര്‍ബന്ധിതമായെന്നും സാബു എബ്രഹാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us