ശബരി വിമനത്താവളം. പദ്ധതി സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍. കോടതി വിധികളില്‍ അപ്പീല്‍ പോകും. 2030ല്‍ എയര്‍പ്പോര്‍ട്ട് പ്രവര്‍ത്തന സജ്ജമാകും!.

3450 കോടി രൂപയാണു തുടക്കത്തില്‍ നിര്‍മാണ ചെലവ് പ്രതീക്ഷിച്ചത്

New Update
1001608017

കോട്ടയം: ശബരി വിമനത്താവള പദ്ധതി സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍.

Advertisment

ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചു പാലാ സബ് കോടതി പുറപ്പെടുവിച്ച വിധി, കൂടാതെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ടു ലാന്‍ഡ് അക്വസിഷന്‍ ആക്ട് സെക്ഷന്‍ 11(1) പ്രകാരം പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയ കോടതി വിധികളാണ് പദ്ധതിക്കു തിരിച്ചടിയായിരിക്കുന്നത്. 

വിജ്ഞാപനം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയതിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചു കഴിഞ്ഞു.

 അധികം ഭൂമി ഏറ്റെടുക്കുന്നതിന്റെ ആവശ്യകത വിശദീകരിച്ചിട്ടില്ല എന്ന കാരണം പറഞ്ഞാണു ഹൈക്കോടതി വിജ്ഞാപനം റദ്ദാക്കിയത്.

ഹൈക്കോടതി ചൂണ്ടിക്കാണിച്ച ന്യൂനത പരിഹരിച്ച് വിജ്ഞാപനം പുനപുറപ്പെടുവിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലാണ്.

പാലാ സബ് കോടതി വിധിക്കെതിരെ അടിയന്തരമായി അപ്പില്‍ സമര്‍പ്പിക്കുന്നതിനു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

കോടതി വിധി തടസമാവില്ലെന്നു സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എയും വ്യക്തമാക്കിയിരുന്നു.

വിധി അനുകൂലമായിരുന്നുവെങ്കില്‍ ഭൂമി എയര്‍പോര്‍ട്ട് നിര്‍മാണത്തിനു വേണ്ടി ട്രാന്‍സ്ഫര്‍ ചെയ്തു  പദ്ധതിയുമായി മുന്നോട്ടു പോകുവാന്‍ കഴിയുമായിരുന്നു.

 വിധി എതിരായ സാഹചര്യത്തില്‍ ഇനി നിലവില്‍ നടന്നുവന്നിരുന്ന ഭൂമി ഏറ്റെടുക്കല്‍ നടപടികളിലൂടെ ഭൂമി സര്‍ക്കാരിലേക്കു നിക്ഷിപ്തമാക്കേണ്ടി വരും.

ലാന്‍ഡ് അക്വസിഷന്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് റീസെറ്റില്‍മെന്റ് ആക്ട് 2013 പ്രകാരം ഏതു ഭൂമിയും വികസന ആവശ്യത്തിനുവേണ്ടി സര്‍ക്കാരിന് ഏറ്റെടുക്കാന്‍ കഴിയും.

ഇതു സംബന്ധിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിച്ചു മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കിയതായും എം.എല്‍.എ പറഞ്ഞു.

നിയമ പ്രകാരം സ്ഥലം ഉടമകള്‍ അയനാ ചാരിറ്റബിള്‍ ട്രസ്റ്റാണെന്നു കോടതി വിധിയോടെ തെളിഞ്ഞുവെന്നാണ് ബിലീവേഴ്‌സ് ചര്‍ച്ച് പ്രതികരിച്ചത്.

 പദ്ധതിക്കു എതിരല്ലെന്നും നഷ്ടപരിഹാരം തന്നു സ്ഥലം ഏറ്റെടുക്കാമെന്നും ചര്‍ച്ച് പ്രതിനിധികള്‍ പറഞ്ഞിരുന്നു.

ശബരിമലയിലേക്ക് 48 കിലോമീറ്റര്‍ ദൂരം മാത്രം, രണ്ടു ദേശീയ പാതകളുടെയും അഞ്ചു പൊതുമരാമത്ത് റോഡുകളുടെയും സാമീപ്യം, വെള്ളപ്പൊക്ക ഭീഷണിയില്ലാത്ത സ്ഥലം എന്നിങ്ങനെ ഒട്ടനവധി സവിശേഷതകളുള്ള സ്ഥലമായിരുന്നു വിമാനത്താവളത്തിനായി കണ്ടെത്തിയിരുന്നത്.

ബോയിങ് 777 ഉള്‍പ്പടെ അന്താരാഷ്ട്ര നിലവാരമുള്ള വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്തുന്നതിനു സൗകര്യമൊരുക്കുന്ന രീതിയില്‍ എയര്‍പോര്‍ട്ട് നിര്‍മിക്കാനായിരുന്നു തീരുമാനം.

പ്രതിവര്‍ഷം 70 ലക്ഷം യാത്രക്കാര്‍ക്കു ശേഷിയുള്ള ടെര്‍മിനലും പദ്ധതിയിലുണ്ടായിരുന്നു. അനുബന്ധമായ കാര്‍ഗോ സൗകര്യങ്ങളുമുണ്ടാകുമെന്നും പദ്ധതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

3450 കോടി രൂപയാണു തുടക്കത്തില്‍ നിര്‍മാണ ചെലവ് പ്രതീക്ഷിച്ചത്. പിന്നീട് 7047 കോടി രൂപയിലേക്ക് ഉയര്‍ന്നു.

ഭൂമി ഏറ്റെടുക്കുന്നതിനും പുനരധിവാസത്തിനും വേണ്ടി വരുന്ന തുക ഉള്‍പ്പടെയുള്ള വിമാനത്താവള നിര്‍മാണ ചെലവാണിത്.

 3.5 കി.മി നീളം വരുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ റണ്‍വേ ഉള്‍പ്പെടെ വിഭാവനം ചെയ്തിരുന്ന പദ്ധതി യാഥാര്‍ഥ്യമായാല്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രവാസി മലയാളികള്‍ക്കു പ്രയോജന കരമാകുകയായിരുന്നു.

 ശബരിമല തീര്‍ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും പദ്ധതി ഗുണപ്രദമാകുമായിരുന്നു.

അതേസമയം, ഗവര്‍ണര്‍ നിയമസഭയില്‍ നടത്തിയ നയ പ്രഖ്യാപന പ്രസംഗത്തിലും എരുമേലി വിമാനത്താവളം യാഥാര്‍ഥ്യമാക്കുമെന്നും 2030 ഓടുകൂടി നാടിനു സമര്‍പ്പിക്കുമെന്നും നയപ്രഖ്യാപന രേഖയില്‍ ഉള്‍പ്പെടുത്തിയിരുന്നു

Advertisment