ഇ. ശ്രീധരൻ്റെ അതിവേഗ റെയിൽപാതയോ സംസ്ഥാന സർക്കാരിൻ്റെ ആർ.ആർ.ടി എസോ. കേന്ദ്ര സർക്കാർ ഏത് സ്വീകരിക്കും. അതിവേഗ റെയിൽപാത വെറും രാഷ്ട്രീയ പോര് മാത്രമായി ചുരുങ്ങുമോ

ആർആർടിഎസ് വരുന്നത് നഗര വികസന മന്ത്രാലയത്തിനു കീഴിലാണ്. ഇ. ശ്രീധരൻ്റെ പദ്ധതി റെയിൽവേയ്ക്കു കീഴിലും.

New Update
1001623742

കോട്ടയം: കേരളത്തിന്റെ സമഗ്ര വികസനത്തിനു ഉതകുന്നതാണ് അതിവേഗ റെയിൽ പദ്ധതികൾ.

Advertisment

എന്നാൽ, ലോക രാജ്യങ്ങളും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളും അതിവേഗ റെയിലുമായി മുന്നോട്ടു പോകുമ്പോൾ കേരളത്തിൽ രാഷ്ട്രീയ സ്റ്റൺഡായി പദ്ധതി മാറുമോ എന്നാണ് ആശങ്ക. 

അതിവേഗ റെയിൽപാത എന്ന സ്വപ്ന പദ്ധതിക്ക് പുതിയ രൂപം നൽകി സംസ്ഥാന സർക്കാർ.

തിരുവനന്തപുരം മുതൽ കാസർകോട് വരെ 583 കിലോമീറ്റർ നീളത്തിൽ 'റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം' (RRTS) നടപ്പിലാക്കാൻ മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകിയിരുന്നു.

നേരത്തെ പ്രഖ്യാപിച്ചിരുന്ന സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൽ നിന്നും സാങ്കേതിക അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.

അടുത്തിടെ ഇ.ശ്രീധരൻ കേന്ദ്രത്തിന്റെ അനുമതിയോടെ എന്ന് അവകാശപ്പെട്ട് പ്രഖ്യാപിച്ച അതിവേഗ റെയിൽപാത പദ്ധതിയേയും തള്ളിക്കൊണ്ടാണ് പുതിയ നീക്കം.

ഇതോടെ കേന്ദ്ര സർക്കാർ ഏത് പദ്ധതിക്ക് അംഗീകാരം നൽകും എന്ന ആകാംഷയിലാണ്.

ഇ ശ്രീധരൻ പദ്ധതി തയാറാക്കിയത് സംസ്ഥാന സർക്കാരുമായി യാതൊരു കൂടിയാലോചനയുമില്ലാതെയാണ്.

 രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനം മാത്രമായാണ് സംസ്ഥാന സർക്കാർ ഇതിനെ കാണുന്നത്.

 പൂർണമായും കേന്ദ്രം നടത്തുന്ന ഒരു പദ്ധതി കേരളത്തിൽ വരാൻ സാധ്യതയും കുറവാണ്.

അതേസമയം സംസ്ഥാന സർക്കാരിൻ്റെ ശിപാർശ തള്ളി ഇ. ശ്രീധരൻ മുന്നോട്ടു വെച്ച പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോയാൽ ബി.ജെ.പിക്കു രാഷ്ട്രീയ നേട്ടവുമുണ്ട്.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള പദ്ധതിയായിരുന്നു ശ്രീധരന്റേത്.

ഇതിന് ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി ഡിഎംആർസിയോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.

 ഡി.പി.ആർ തയ്യാറാക്കുന്നതിനായി പൊന്നാനിയിൽ ഓഫീസ് തുറക്കുമെന്നും ശ്രീധരൻ പറഞ്ഞിരുന്നു.

എന്നാൽ, സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ചായിരുന്നില്ല അദ്ദേഹത്തിന്റെ നീക്കങ്ങൾ.

കേന്ദ്ര റെയിൽ മന്ത്രാലയത്തിൽ നിന്ന് സംസ്ഥാനത്ത് റെയിൽവേ ചുമതയുള്ള മന്ത്രിയെന്ന നിലയിൽ തനിക്ക് ഒരു അറിയിപ്പും ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടില്ലെന്ന് വി.അബ്ദുറഹിമാനും വ്യക്തമാക്കിയിരുന്നു.

ആർആർടിഎസ് വരുന്നത് നഗര വികസന മന്ത്രാലയത്തിനു കീഴിലാണ്. ഇ. ശ്രീധരൻ്റെ പദ്ധതി റെയിൽവേയ്ക്കു കീഴിലും.

 റെയിൽവേ പദ്ധതികൾ പോലെ സങ്കീർണത ആർ.ആർ.ടി.എസിനില്ല.

 കേരളം അപേക്ഷിച്ചാൽ റാപ്പിഡ് റെയിൽവേക്ക് സഹകരിക്കുമെന്ന് കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടർ അടുത്തിടെ അറിയിച്ചിരുന്നു.

കേന്ദ്രവും സംസ്ഥാനവും ചേർന്ന് കൊച്ചി മെട്രോ റെയിൽ പോലൊരു കമ്പനിയുണ്ടാക്കിയാൽ പദ്ധതി നടപ്പാക്കാനായേക്കും.

പദ്ധതിക്ക് അനുമതിനൽകേണ്ടത് നഗരവികസന മന്ത്രാലയമാണെങ്കിലും റെയിൽവേയുടെ സാങ്കേതികാ നുമതിയടക്കം വേണ്ടിവരും.

ഭൂമിയേറ്റെടുക്കാൻ എതിർപ്പുള്ളിടത്തും വെള്ളക്കെട്ടുള്ളിടത്തും എലിവേറ്റഡ് പാതയാക്കി മെട്രോ റെയിലുണ്ടാക്കാനാണ് ശ്രമം. 

പരിസ്ഥിതി ആഘാതവും ഭൂമിയേറ്റെടുക്കലും കുറയ്ക്കുന്നതിനായി തൂണുകൾക്ക് മുകളിലൂടെയുള്ള പാതയ്ക്കാണ് മുൻഗണന.

 ജനസാന്ദ്രതയേറിയ കേരളത്തിന് ഇത് കൂടുതൽ അനുയോജ്യമാണെന്ന് സർക്കാർ വിലയിരുത്തുന്നു.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മെട്രോ സംവിധാനങ്ങളുമായി ആർ.ആർ.ടി.എസ് സ്റ്റേഷനുകളെ ബന്ധിപ്പിക്കും.

ഡൽഹി മാതൃകയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 20 ശതമാനം വീതം മുടക്കും. ബാക്കി 60 ശതമാനം തുക അന്താരാഷ്ട്ര ഏജൻസികളിൽ നിന്ന് വായ്പയായി കണ്ടെത്തും.

പദ്ധതി 12 വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പദ്ധതി അയൽ സംസ്ഥാനങ്ങളുടെ കൂടി സഹകരണത്തോടെ പാലക്കാട് വഴി കോയമ്പത്തൂരിലേക്കും, തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേക്കും, കാസർകോട് വഴി മംഗലാപുരത്തേക്കും ഭാവിയിൽ വികസിപ്പിക്കാവുന്നതാണ് എന്നതാണ് മറ്റൊരു പ്രത്യേകത. 

അതേ സമയം കേന്ദ്രം ഇ. ശ്രീധരൻ്റെ പ്രപ്പോസൽ പിന്തുണച്ചാൽ കേരളത്തിന് ആർ.ആർ.ടി.എസ് ഉപേക്ഷിക്കേണ്ടിവരും.

Advertisment