കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ഉന്നതാധികാര സമിതി യോഗം നാളെ. കോണ്‍ഗ്രസിനു വിട്ടു നല്‍കേണ്ട സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കും. നാലു സീറ്റ് തിരിച്ചെടുക്കുമെന്നു ഉറച്ചു കോണ്‍ഗ്രസ്

ഇടുക്കിയില്‍ റോഷി അഗസ്റ്റിനെതിരെ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിക്ക് ജയിക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ്

New Update
1001626562

കോട്ടയം: പത്തില്‍ നാലു പോകും, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് നാല് നിയമസഭാ സീറ്റുകള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ചു നാളെ നടക്കുമെന്നു  കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗം ചര്‍ച്ച ചെയ്യും.

Advertisment

നിലവില്‍ സീറ്റുകള്‍ വിട്ടുനല്‍കാന്‍ ജോസഫ് വിഭാഗം തയ്യാറല്ലെങ്കിലും കോണ്‍ഗ്രസിന്റെ ശക്തമായ സമ്മര്‍ദത്തിന് വഴങ്ങാതെ ജോസഫ് ഗ്രൂപ്പിനു മറ്റു വഴികളില്ല.

ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച ഇടുക്കി, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, കുട്ടനാട് എന്നീ നാല് സീറ്റുകളാണ് കോണ്‍ഗ്രസ് തിരികെ ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ എട്ടിലും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ നീക്കം.

ഈ നാല് മണ്ഡലങ്ങളിലും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയസാധ്യത ഇല്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

 പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പഠനത്തിന്റെയും അവലോകനത്തിന്റെയും അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ഈ നിലപാടിലേക്ക് എത്തിയത്.

കോണ്‍ഗ്രസ് നേരിട്ട് മത്സരിച്ചാല്‍ ഈ സീറ്റുകള്‍ ഉറപ്പായും വിജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും പാര്‍ട്ടി നേതൃത്വം പ്രകടിപ്പിക്കുന്നു.

ഇടുക്കിയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പല മണ്ഡലങ്ങളിലും അവര്‍ക്ക് ശക്തമായ സംഘടനാ സംവിധാനമില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.

ഇടുക്കിയില്‍ റോഷി അഗസ്റ്റിനെതിരെ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിക്ക് ജയിക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ്.

നാല് സീറ്റുകള്‍ വിട്ടുനല്‍കുന്നതിന് പകരമായി പൂഞ്ഞാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ചില സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് നല്‍കി ഒരു ഒത്തുതീര്‍പ്പിലെത്താനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്.

പി.ജെ. ജോസഫുമായും മോന്‍സ് ജോസഫുമായും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ഈ ആവശ്യം അറിയിച്ചതായാണ് വിവരം.

നാളെ ചേരുന്ന യോഗത്തില്‍ സീറ്റ് വിട്ടു നൽകുന്നതു സംബന്ധിച്ച്  ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും.

Advertisment